സാധാരണക്കാർക്ക് മണൽവില കുറച്ചു നൽകും
August 26, 2017, 12:10 am
ഒ.സി. മോഹൻരാജ്
 

കണ്ണൂർ: മണൽഖനനം പൂർണമായും പൊതുമേഖലയിലാക്കാനും അസംസ്‌കൃത മണൽ ശുദ്ധീകരിച്ച് സാധാരണക്കാർക്ക് കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാനും സർക്കാർ പുതിയ ക്രമീകരണം ഏർപ്പെടുത്തുന്നു. തുറമുഖങ്ങളിലെ മണലെടുപ്പിന്റെ ചുമതല മറൈൻ ഡെവലപ്‌മെന്റ് കോർപറേഷനെ ഏല്പിക്കും. ഇതോടെ തുറമുഖങ്ങളിലെ മണൽകൊള്ള തടയാനും കഴിയും.
മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ ഇന്ന് എറണാകുളത്ത് ചേരുന്ന യോഗം അന്തിമ തീരുമാനമെടുക്കും. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
മണലെടുപ്പിന് സർക്കാർ പുതിയ നയം രൂപീകരിച്ചിട്ടും അഴിമതി തുടരുന്നതായാണ് തുറമുഖ വകുപ്പിന്റെ വിലയിരുത്തൽ. വൻതോതിൽ ബിനാമി സാന്നിദ്ധ്യം ഉള്ളതു തന്നെ കാരണം. മണലെടുപ്പ് മറൈൻ ഡെവലപ്‌മെന്റ് കോർപറേഷൻ ഏറ്റെടുക്കുന്നതോടെ ഇ - മണൽ സംവിധാനത്തിലൂടെ കുറഞ്ഞ വിലയ്‌ക്ക് നൽകാമെന്നാണ് പ്രതീക്ഷ. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഖനനവും സംസ്‌കരണവും ഉറപ്പാക്കാം. തൊഴിൽ രഹിതർക്ക് തദ്ദേശസ്ഥാപനങ്ങൾ മുഖേന രജിസ്റ്റർ ചെയ്ത് തൊഴിൽ ലഭ്യമാക്കാനും കഴിയും.

 60 ലക്ഷം ടൺ മണൽ
തുറമുഖങ്ങളിലെ കപ്പൽചാലുകളിൽ ഒരു വർഷം 60 ലക്ഷം ടൺ മണൽ അടിയുന്നുണ്ടെന്ന് സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റഡീസും ചെന്നൈ ഐ.ഐ.ടിയും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തി. ഈ മണൽ അപ്പപ്പോൾ നീക്കിയില്ലെങ്കിൽ സ്വാഭാവിക ഒഴുക്ക് തടസപ്പെടുമെന്നും കപ്പൽ ചാൽ നികന്നു പോകുമെന്നും റിപ്പോർട്ടിലുണ്ട്.

ജേക്കബ് തോമസ് റിപ്പോർട്ട് എവിടെ?
തുറമുഖങ്ങളിലെ മണലെടുപ്പിനെ പറ്റി വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സമർപ്പിച്ച റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. മണലെടുപ്പിന്റെ മറവിൽ ബിനാമികളുടെ വൻ അഴിമതിയുണ്ടെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഖനനത്തിനു കരാർ നൽകിയത് തൊഴിലാളികളുടെ സഹകരണ സംഘങ്ങൾക്കാണെങ്കിലും ഇവയിൽ പലതും തൊഴിലാളികളുടേതായിരുന്നില്ല. അളവിൽ കൂടുതൽ ഖനനം പലയിടത്തും നടക്കുന്നുണ്ടെന്നും മണൽ അരിക്കുന്നതിന്റെ മാലിന്യം വീണ്ടും ചാലുകളിലേക്ക് തന്നെ തള്ളുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ