Friday, 22 September 2017 6.22 AM IST
ഉമ്മൂമ്മ ആക്രിക്കാരനു കൊടുത്തത് കാൽ കോടിയുടെ നിധിപ്പെട്ടി
September 12, 2017, 12:09 am
റഹനാസ്‌ മടിക്കൈ
കണ്ണൂർ: കഥയല്ലിത്. പൊലീസിനെ ‌ഞെട്ടിച്ച പച്ചപ്പരമാർത്ഥം. തുടക്കം ഇങ്ങനെ... കഴിഞ്ഞ ദിവസം, അർദ്ധരാത്രികഴിഞ്ഞപ്പോൾ നാല്പതുകാരിയും അവരുടെ ഉമ്മയും ആധിപിടിച്ച് കണ്ണപുരം പൊലീസ് സ്റ്റേഷനിൽ പാഞ്ഞെത്തി. എങ്ങനെയൊക്കെയോ പരാതി പറഞ്ഞൊപ്പിച്ചു. പുതിയ വീട്ടിലേക്ക് മാറുമ്പോൾ പഴയ സാധനങ്ങൾ ആക്രിക്കാരനു കൊടുക്കുന്ന കൂട്ടത്തിൽ 85- കാരിയായ ഉമ്മൂമ്മ കട്ടിലിനടിയിലുണ്ടായിരുന്ന തകരപ്പെട്ടിയുംകൂടി കൊടുത്തു.
വളയും മറ്റുമായി കുറച്ച് പൊന്നു സൂക്ഷിച്ച പെട്ടിയാണത്. എങ്ങനയെങ്കിലും കണ്ടുപിടിച്ചുതരണം. ഇതായിരുന്നു അപേക്ഷ.

ഒരു തമിഴനാണ് ആക്രിസാധനങ്ങൾ കൊണ്ടുപോയതെന്നേ അറിയൂ. അതുവച്ച് ആ തമിഴനെയും തേടി മകളും പേരമകളും രാത്രിവൈകും വരെയും ചെറുകുന്ന്, കണ്ണപുരം പരിസരങ്ങളിലെ പല ആക്രിത്താവളങ്ങളിലും പരതി. ഒരു തുമ്പും കിട്ടിയില്ല. തുടർന്നാണ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തിയത്.
പൊലീസ് സംഘം വൈകാതെ ഓട്ടം തുടങ്ങി. ഏഴു വളകൾ പോയെന്നാണ് പേരമകൾ പറഞ്ഞത്. തമിഴരുടെ കേന്ദ്രങ്ങളിൽ കറങ്ങി ഒടുവിൽ കണ്ണപുരം റെയിൽവെ സ്റ്റേഷനടുത്തായുള്ള ആക്രിക്കാരുടെ ഷെഡ്ഡിലെത്തി. പൊലീസിനെ കണ്ട് തമിഴനും ഭാര്യയും പരുങ്ങി, പെട്ടി ഓർമ്മയിൽ വരുന്നില്ലല്ലോ എന്നായി അയാൾ. പിന്നെ, പൊലീസുകാർ ആക്രിക്കടയിലെ കൂമ്പാരത്തിലേക്ക് കടന്ന് പഴയ ടി.വി യുടെ ചില്ലടക്കം തകർത്തുനോക്കാൻ തുടങ്ങി. തെരച്ചിൽ മൂന്നു നാലു മണിക്കൂർ പിന്നിട്ടപ്പോഴേക്കും പേടിച്ചുവിറച്ച ആക്രിക്കച്ചവടക്കാരൻ ഷെഡ്ഡിൽ ഒരരികിലായി വച്ച കുട്ടിച്ചാക്കിലേക്ക് വിറയലോടെ വിരൽചൂണ്ടി. ചാക്കിലെ പെട്ടി തുറന്ന പൊലീസ് അമ്പരന്നു. സ്വർണശേഖരം ! ഒപ്പം ഇന്ത്യൻ കറൻസിയുടെയും യു.എ.ഇ ദിർഹത്തിന്റെയും കുറച്ചുകെട്ടുകളും.

ഇന്നലെ രാവിലെ എസ്.ഐ ടി.വി. ധനഞ്ജയ്ദാസിന്റെ നേതൃത്വത്തിൽ പൊലീസ് ഉമ്മയുടെയും മകളുടെയും മുന്നിൽ വച്ച് പെട്ടി തുറന്ന് വിസ്തരിച്ച് എണ്ണമെടുത്തു. അതിങ്ങനെ... എട്ടു സ്വർണവളകൾ. മുഷിഞ്ഞൊരു പെഴ്സ് തുറന്നപ്പോൾ കിട്ടിയത് നിറം മങ്ങിയ തൂവാലയിൽ പൊതിഞ്ഞ നിലയിൽ അഞ്ചു മോതിരം. പിന്നെ നാലു പെഴ്സിലായി നാലു നെക്‌ലേസ്. വണ്ണത്തിൽ വേറൊരു മാല. സ്വർണ പാദസരം, താലി, സ്വർണനാണയങ്ങൾ... തീർന്നില്ല. 40,000 രൂപയുടെ ഇന്ത്യൻ കറൻസി. പിന്നെ കുറച്ച് യു.എ.ഇ ദിർഹവും. പൊലീസുകാർ ഏതാണ്ടൊന്നു കണക്ക് കൂട്ടി നോക്കിയപ്പോൾ കാൽ കോടിയിലേറെ വരും പെട്ടിയിലെ നിധി.

ആഭരണപ്പെട്ടിയുടെ കഥ
പരിയാരത്ത് പുതിയ വീടെടുത്ത് അങ്ങോട്ട് മാറാനായി സാധനങ്ങൾ മാറ്റുന്ന തിരക്കിലായിരുന്നു അമ്മയും മകളും. അതിനിടെയാണ് പെട്ടി പോയതായി അറിയുന്നത്. ആറു വളകൾ പെട്ടിയിൽ സൂക്ഷിക്കാൻ പേരമകൾ ഉമ്മൂമ്മയെ ഏല്പിച്ചിരുന്നു. എന്നാൽ, ഉമ്മൂമ്മയുടെ സൂക്ഷിപ്പിലുള്ള പണ്ടമത്രയും കണ്ട് മകൾക്കും പേരമകൾക്കും ഞെട്ടൽ വിട്ടുമാറാൻ സമയമെടുത്തു. വീട്ടിലെ ആണുങ്ങളെല്ലാം ഗൾഫിലാണ്.
ഉമ്മൂമ്മയ്ക്ക് മക്കളും ബന്ധുക്കളും മറ്റുമായി സമ്മാനിച്ച ആഭരണങ്ങൾ ഭദ്രമായി പഴയ തകരപ്പെട്ടിയിൽ സൂക്ഷിച്ചതു അവർ മറന്നുപോയിരുന്നു. കൈയിൽ വന്ന പൊന്നും പണവുമായി സ്ഥലംവിടാതിരുന്ന തമിഴന് ഉമ്മയും മകളും കൂടി ഒരു തുക വെച്ചുനീട്ടിയെങ്കിലും അയാൾ അതു വാങ്ങിയില്ല. പരാതി എഴുതിക്കിട്ടാനൊന്നും കാക്കാതെയുള്ള അന്വേഷണത്തിൽ നഷ്ടപ്പെട്ടതു തിരിച്ചുകിട്ടിയതിനാൽ പെട്ടി സ്റ്റേഷനിൽ നിന്നു തന്നെ അവർക്കു കൈമാറുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ