ജാമ്യത്തിലിറങ്ങി ഗൾഫുകാരന്റെ ഭാര്യയെ ശല്യം ചെയ്തയാൾ പിടിയിൽ
September 13, 2017, 3:46 pm
കണ്ണൂർ: ഹൈക്കോടതിയിൽ നിന്നും ജാമ്യമെടുത്ത് വന്ന് ഗൾഫുകാരന്റെ ഭാര്യയെ ആക്രമിച്ച പ്രതിയെ എടക്കാട് എസ്.ഐ. മഹേഷ് കണ്ടമ്പേത്തും സംഘവും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കടമ്പൂർ പൂങ്കാവ് ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന ഗൾഫുകാരന്റെ ഭാര്യയെ വീട്ടിൽ കയറി വെട്ടാൻ ശ്രമിക്കുകയും ആസിഡൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ലക്ഷ്മി നിവാസിൽ സുബിൻ(40)നെയാണ് പൊലീസ് പിടികൂടിയത്. നേരത്തെ യുവതിയുമായി ഇയാൾ സൗഹൃദത്തിലായിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവ ദൂഷ്യം മനസ്സിലാക്കിയ യുവതി ഇയാളെ ഒഴിവാക്കി മറ്റൊരു വിവാഹത്തിന് തയ്യാറാവുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷത്തോളവുമായി. ഈ സംഭവത്തിന് ശേഷം പോളിഷിംഗ് തൊഴിലാളിയായ സുബിൻ ഗൾഫിലേക്ക് പോവുകയായിരുന്നു. പിന്നീട് യുവതിയുടെ ഭർത്താവും ഗൾഫിൽ പോയി. ഇതിന് ശേഷം തിരിച്ചെത്തിയത് മുതലാണ് പ്രതി യുവതിയെ അക്രമിക്കാൻ ശ്രമിക്കുന്നത്. അമ്മയും ചെറിയ കുട്ടികളും മാത്രമുള്ള വീട്ടിൽ കയറി പതിവായി കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഇയാൾക്കെതിരെ യുവതി പൊലീസിൽ പരാതി നൽകാറുണ്ടായിരുന്നു. എന്നാൽ പൊലീസ് സംഭവം അറിഞ്ഞെത്തുമ്പോഴേല്ലാം ഇയാളുടെ കൂട്ടാളികൾ മൊബൈലിൽ വിവരം നൽകാറാണ് പതിവ്. ഇതുകൊണ്ട് തന്നെ സുബിനെ പിടികൂടാൻ സാധിച്ചില്ല.

ഇടക്കാലത്ത് യുവതിയുടെ സഹോദരി ഭർത്താവും സംരക്ഷണത്തിന് ഇവിടെ താമസിച്ചപ്പോൾ ശല്യം കുറഞ്ഞിരുന്നു. പിന്നീട് ഇദ്ദേഹം സ്വന്തം വീട്ടിലേക്ക് മടങ്ങിയതോടെ സുബിന്റെ ശല്യം വീണ്ടും തുടങ്ങി. പരാതി ഉയർന്നതോടെ പൊലീസ് നടപടി കർശനമാക്കിയതോടെ ഇയാൾ മുങ്ങുകയും ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുക്കുകയുമായിരുന്നു. ഇതിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഇയാൾ ഇന്നലെ രാത്രി വീണ്ടും വീട്ടിൽ കയറി യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് എസ്.ഐ മഹേഷും സംഘവും ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ 26 വരെ റിമാന്റ് ചെയ്തിട്ടുണ്ട്. പ്രതിയ്ക്ക് സഹോദരനുണ്ടെങ്കിലും വീട്ടിൽ അമ്മ മാത്രമേയുള്ളൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ