മണ്ണിൽ പൊന്ന് വിളയിച്ച് ഒരു കർഷക ഡി.എം.ഒ
September 13, 2017, 4:04 pm
റഹനാസ്‌ മടിക്കൈ
കണ്ണൂർ: കണ്ണൂരിൽ നിന്നും പിലാത്തറ വഴി പോകുന്നവർ മാരിയമ്മൻ കോവിലിന് സമീപം ബസിറങ്ങിയാൽ സ്‌റ്റോപ്പിന് പിറക് വശത്ത് കുറേയേറെ വാഴകൾ തലയുയർത്തി നിൽക്കുന്നത് കാണാം. ഇതിനടുത്ത് നടക്കുമ്പോഴാണ് മനസിലാവുക, ഇതൊക്കെ ഉള്ളത് ഒരു വിശാലമായ കല്ലുവെട്ട് കുഴിയിലാണെന്ന്. കുന്നിടിച്ച് നികത്തിയ പണയുടെ ഏക്കറുകളോളം സ്ഥലത്ത് തീവെയിലിലും ഒട്ടേറെ വാഴകൾ ക്ഷീണിക്കാതെ നിൽപുണ്ട്. ഫാമിനകത്തേക്ക് കയറുന്നിടത്തെ മാഞ്ചിയത്തിന്റെ തണലിൽ കാവൽക്കാരനെ പോലെ ഒരു എമു പക്ഷി രൂക്ഷമായി നോക്കി നിൽപുണ്ടാകും. എമുവിന്റെ കണ്ണുവെട്ടിച്ച് അകത്ത് കയറിയാൽ ശബ്ദ കോലാഹലങ്ങളുമായി ഒരുകൂട്ടം അരയന്നങ്ങൾ. ശബ്ദം ഏറ്റുവിളിക്കാൻ കുറേയേറെ കോഴികൾ. ചലപില ചലപില ശബ്ദമുണ്ടാക്കാൻ കുറേയേറെ കാടപക്ഷികൾ. ഒന്നിനേയും വകവയ്ക്കാതെ തൊഴുത്തിനകത്ത് അയവിറക്കിക്കൊണ്ടെയിരിക്കുന്ന കുറേയേറെ പശുക്കൾ, എരുമകൾ, അതിഥികളായെത്തി പറമ്പിലെ പാഷൻ ഫ്രൂട്ട്സ് കട്ടു തിന്നുന്ന കുട്ടികളും പക്ഷികളും. അതിക്രമിച്ച് അകത്തെത്തുന്നവർക്കു നേരെ കുരച്ച് ചാടി വിരട്ടുന്ന അർജ്ജുനെന്ന പട്ടി... ഇങ്ങനെ കുറേയേറെ വിശേഷങ്ങളുണ്ട് ലക്ഷ്മിഗോവിന്ദമെന്ന ഈ ഫാമിനെ കുറിച്ച് പറയാൻ. ഫാമിനെ കുറിച്ച് മാത്രമല്ല, ഇതിനൊക്കെ കാരണമായൊരു മനുഷ്യനെ കുറിച്ചും. പരിയാരം മെഡിക്കൽ കോളേജിൽ ദീർഘകാലം അനസ്‌തെറ്റിസ്റ്റ്, ഇപ്പോഴത്തെ ഡെപ്യൂട്ടി ഡി.എം.ഒ. യുമായ രാംദാസെന്ന അമ്പത്തിരണ്ടുകാരനെ കുറിച്ച്.

''ഇതൊന്നും എന്റെ കഴിവല്ല, എല്ലാം അച്ഛന്റെ പ്രോത്സാഹനം കൊണ്ട് ഉണ്ടായതാണെ''ന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. സാധാരണ കർഷക കുടുംബത്തിൽ നിന്നും കഠിനപ്രയത്നത്തിലൂടെ ഉയർന്നുവന്ന് ഈ പ്രദേശത്തെ ജനങ്ങൾക്കിടയിൽ സ്വാധീനമുറപ്പിച്ചയാളാണ് രാംദാസിന്റെ അച്ഛൻ ഗോവിന്ദൻ നായർ. കുഞ്ഞിമംഗലം സ്വദേശിയായ അദ്ദേഹത്തിന്റെ അക്കാലത്തെ തൊഴിൽ കല്ലുവെട്ടായിരുന്നു. മെഷീനുകളൊന്നും ഇറങ്ങാത്ത കാലത്ത് കൈക്കരുത്ത് കൊണ്ട് മാത്രം കല്ലുവെട്ടൽ തുടങ്ങിയ അദ്ദേഹത്തിന് കീഴിൽ പിന്നീട് ഒട്ടേറെ തൊഴിലാളികളും ഉണ്ടായി. അക്കാലത്ത് വാങ്ങിയതാണ് ഇവിടത്തെ അഞ്ച് ഏക്കർ സ്ഥലം. ദേശീയ പാതയോരത്തെ ഈ സ്ഥലത്തിൽ നിന്നും കല്ലുകൾ വെട്ടിയെടുത്ത് വലിയ കുഴിയായതോടെ പതിയെ ഇവിടെ മണ്ണിട്ടു തുടങ്ങി. രാംദാസ് എട്ടാം ക്ലാസ് പഠനം നടത്തുന്ന കാലം മുതൽ രണ്ടു പേരുടെ ആഴമുള്ള ഈ കുഴി നികത്തി തുടങ്ങിയിട്ടുണ്ട്. ഒടുവിൽ നികത്തി കഴിയുന്നത് മൂന്നു വർഷത്തിന് മുമ്പും. ഫ്ളാറ്റുകളും മാളികകളും പണിയുന്ന വമ്പൻ ഭൂമാഫിയകൾ കണ്ണായ ഈ സ്ഥലത്തിന് പൊന്നും വില പറഞ്ഞിട്ടും ഇദ്ദേഹത്തിന്റെ കണ്ണ് മഞ്ഞളിച്ചിട്ടില്ല. സർക്കാർ സർവീസിലിരിക്കെ സ്വകാര്യ സർവീസും നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഡോക്ടർമാർക്കിടയിലാണ് യാതൊരു ലാഭേച്ഛയുമില്ലാതെ കൈയിലുള്ള പണവും കളഞ്ഞ് ഇദ്ദേഹം ഈ മണ്ണിൽ പച്ചപ്പ് വിരിയിക്കാനെത്തുന്നത്. 2001ൽ സർക്കാർ സർവീസിൽ കയറിയ ഇദ്ദേഹം 2006 ൽ അനസ്‌തെറ്റിസ്റ്റ് ആയി സ്വകാര്യ മേഖലയിൽ നടത്തിയ സേവനം അവസാനിപ്പിച്ചു. കൃഷിയെന്ന നന്മ സ്വന്തം ജോലിയോടും കാട്ടണമെന്ന ലക്ഷ്യത്തോടെ സർക്കാർ ആതുരാലയങ്ങളെ മാത്രം ആശ്രയിക്കുന്നവർക്കായാണ് ഇന്നദ്ദേഹത്തിന്റെ പ്രവർത്തനം. മണ്ണ് ചതിക്കില്ലെന്ന പഴയ കർഷകനായ അച്ഛന്റെ വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാംദാസ് 2014ൽ ഈ പാഴ്മണ്ണിൽ 2000 വാഴകൾ വച്ചത്. വിനോദെന്നയാളായിരുന്നു അക്കാലത്തെ സഹായി. പിന്നീട് ഇതോടൊപ്പം മത്തനും വെള്ളരിയും കക്കിരിയും ഒക്കെ വിളയിച്ചു. അച്ഛൻ നൽകിയ ഉറപ്പും വെറുതേയായിരുന്നില്ല. ടാറ്റയുടെ അഞ്ച് മിനിലോറി നിറഞ്ഞ് കവിഞ്ഞാണ് മണ്ണ് രാംദാസിനോട് മറുപടി പറഞ്ഞത്. ഇദ്ദേഹം മണ്ണിനോട് ആത്മാർത്ഥത കാട്ടിയപ്പോൾ മണ്ണ് അതിന്റെ നന്ദി വിളവായി തിരിച്ച് നൽകി. ചിലപ്പോഴൊക്കെ ഉല്പന്നത്തിന് ആവശ്യക്കാരില്ലാതാവുമ്പോൾ സമീപത്തെ വീട്ടുകാർക്കടക്കം ഇദ്ദേഹം പച്ചക്കറികൾ നൽകിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തന സ്ഥാപനമായ ഹോപ്പിനടക്കം ഇദ്ദേഹത്തിന്റെ ജൈവ കൃഷിയിൽ നിന്നും വിഭവങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒരു കാലത്ത് അഞ്ച് ഏക്കർ വ്യാപിച്ച് കിടന്ന ഈ കൽപണ ഒരു കൂറ്റൻ മഴവെള്ള സംഭരണിയായിരുന്നു. ഈ നാടിനെ മുഴുവൻ ജല സമൃദ്ധമാക്കിയിരുന്ന ഇവിടെ വിത്തിറക്കിയപ്പോഴും പ്രകൃതി പിണങ്ങിയിട്ടില്ല. നാടു മുഴുവൻ വറ്റിവരണ്ടപ്പോഴും ഈ മേയ് മാസച്ചൂടിൽ ഇവിടെ കുത്തിയ കുഴൽ കിണറുകളിൽ നിന്നുമാണ് മണ്ണിനെ നനയ്ക്കാനുള്ള വെള്ളം കിട്ടുന്നത്. വെള്ളോറക്കാരനായ ഷാജിയാണ് ഇന്ന് രാംദാസിന്റെ വലംകൈ. സഹായിക്കാൻ അടുത്തുള്ള കുറച്ച് സ്ത്രീകളുമുണ്ട്. ചെറുതാഴം കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പ്രധാന പാൽദാതാവും രാംദാസാണ്. ഇദ്ദേഹത്തിന്റെ ഫാമിലെ അഞ്ചോളം പശുക്കളുടെ പാൽ എത്തുന്നതും ഇവിടേക്കാണ്. അമ്മയുടെ ഓർമ്മയ്ക്ക് പശുക്കിടാവിന് ലക്ഷ്മിയെന്ന പേരും ഇദ്ദേഹം നൽകിയിട്ടുണ്ട്. ഇവയ്ക്ക് കഴിക്കാനുള്ള പുല്ലും നിറഞ്ഞ് നിൽക്കുന്നതും ഇവിടെ തന്നെയാണ്. ഫാമിൽ നിന്നുള്ള ചാണകം പുല്ലിന് വളമാകുമ്പോൾ അതിവേഗം വളർന്ന് അവ തന്നെ ഈ പശുക്കൾക്ക് ഭക്ഷണമാകുന്നുണ്ട്. ഇറച്ചി കോഴികളടക്കം ഇദ്ദേഹത്തിന്റെ ഫാമിലെ അന്തേവാസികളാണ്.

കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ അറുപത് സെന്റിൽ കരനെല്ല് വിളയിച്ചിരുന്നു. നെൽകൃഷിയിലും സജീവമാകാൻ ഈ വർഷം സമീപത്തായി ഒരേക്കർ നെൽപാടം വാങ്ങാനും ഇദ്ദേഹത്തിന് ആലോചനയുണ്ട്. ഒട്ടനേകം മാനസിക സമ്മർദ്ദമുള്ളപ്പോൾ മനസിന് ഏറെ സന്തോഷം പകരുന്നതാണ് കൃഷിയെന്നും ന്യൂ ജനറേഷൻ കാരും ഈ രംഗത്തേക്ക് വരാനാണ് ഉദ്ദേശിക്കുന്നതെന്നും രാംദാസ് പറയുന്നു. ഒരു തൂമ്പ പോലും കൈകൊണ്ട് തൊടാതെ ആൾക്കാരെ വച്ച് പണം മുടക്കി കൃഷി ചെയ്യിപ്പിച്ച് മേനി നടിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് ഇദ്ദേഹത്തിന്റെ ജീവിതം. ദിവസവും അതിരാവിലെയും വൈകിട്ടും ഫാമിലെത്തുന്ന രാംദാസ് ഓരോ വിളയുടെ പ്രശ്നങ്ങളും കൃത്യമായി നിരീക്ഷിച്ചും. പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കും. ചെയ്യാവുന്ന കാര്യങ്ങൾ സ്വന്തമായി ചെയ്യും.. ഇതൊക്കെയാണ് മണ്ണ് തന്നെ ചതിക്കാത്തതിന് കാരണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

അതേസമയം കർഷകർ ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധികളും ഇദ്ദേഹം തൊട്ടറിയുന്നുണ്ട്. ജൈവ കൃഷി ആരോഗ്യത്തിന് ഏറെ ഗുണകരമാണെങ്കിലും കീടങ്ങളുടെ ആക്രമണം കർഷകന്റെ നട്ടെല്ല് ഒടിക്കുന്നുണ്ട്. കൂടാതെ വിളകൾ വിപണിയിലെത്തിച്ചാലും ആൾക്കാർക്ക് വലിയ പ്രിയമില്ല. മാരക വിഷങ്ങൾ തെളിച്ച് വീർത്ത ഏത്തപ്പഴത്തിനാണ് ചാണകം തെളിച്ച് ചുരുങ്ങിപ്പോയ പഴത്തേക്കാൾ പ്രിയം. ഇതിന്റെ ഗുണം മനസിലാക്കാൻ ജനങ്ങൾ തയ്യാറായാൽ മാത്രമേ കർഷകർക്ക് ജൈവകൃഷിയുമായി മുന്നോട്ട് പോകാൻ സാധിക്കൂ എന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. കൂടാതെ സർക്കാർ സഹായങ്ങൾ അർഹിക്കുന്നവരിലേക്ക് എത്താൻ ഒട്ടേറെ നൂലാമാലകളും ഇന്നുണ്ട്. അതൊക്കെ ലഘുകരിക്കാനായാലേ കർഷകന് ആശ്വാസമാകൂ. താമസിയാതെ ഇരുപതോളം ആടിനെക്കൂടി ഫാമിലേക്കെത്തിക്കാൻ രാംദാസ് ലക്ഷ്യമിടുന്നുണ്ട്. ആറു വർഷം കൂടി കഴിഞ്ഞാൽ സർക്കാർ സർവീസിൽ നിന്ന് രാംദാസ് പടിയിറങ്ങും. ഇതോടെ കൃഷിയിലേക്ക് സജീവമാകാനാണ് ഉദ്ദേശം.

പരിയാരം മെഡിക്കൽ കോളേജിലെ ഫാർമക്കോളജി പ്രൊഫസർ ഷീബയാണ് ഭാര്യ. ഏക മകൻ വൈശാഖ് ചെമ്പേരി വിമൽ ജ്യോതിയിലെ രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ