കർഷകർക്ക് ആശ്രയമായി കരിമ്പത്തെ കൃഷിത്തോട്ടം
November 11, 2017, 9:56 am
റഹനാസ്‌ മടിക്കൈ
കണ്ണൂർ: വെളുത്തുള്ളിയുടെ മണമടങ്ങിയ ദുര്യനെന്ന പ്രത്യേക തരം ചക്ക. ഒരു ചക്കയ്ക്ക് അകത്ത് അഞ്ചോ ആറോ ചൂള മാത്രമേ ഉണ്ടാകൂ. ഇതിന്റെ പുറത്ത് കൂർത്ത മുള്ളുകളുമുണ്ട്. വളരെ അപൂർവമായി കായ്ക്കുന്ന ഈ പഴം താഴെ വീണു കിട്ടുന്നവർ ഉടനെ മൂക്ക് മുട്ടെ തട്ടും. തളിപ്പറമ്പ്- ശ്രീകണ്ഠാപുരം റൂട്ടിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ ജൈവ വൈവിദ്ധ്യങ്ങളിലൊന്നാണിത്. ഉത്തര മലബാറിലെ ജില്ലകളിലെ കർഷകർക്ക് ഏതു കാർഷിക വിളയുടെയും വിത്തിനങ്ങൾ ലഭ്യമാക്കുന്ന സ്ഥാപനമാണിത്. ഗാർസീനിയ ഗുമ്മിക്കട്ടയെന്ന കുടംപുളി, രാജപുളി, അധികമെവിടെയും കാണാത്ത ലൗലോലിക്ക എന്ന ഫലവൃക്ഷം. ഒരുപാട് ഔഷധ സസ്യങ്ങളുടെ മണമടങ്ങിയ സർവസുഗന്ധി, രുദ്രാക്ഷം, റംപൂട്ടാൻ, ലിച്ചി, പഴങ്ങളുടെ റാണിയായ മാംഗോസ്റ്റിൻ എന്നിങ്ങനെ നൂറായിരം ഇനങ്ങളാണ് ഇവിടത്തെ സവിശേഷത. സാധാരണക്കാരന് അടിയന്തിരാവശ്യമായ വാഴയും കവുങ്ങും മാവും മുതൽ ഉത്തരത്തിൽ വ്യത്യസ്ഥമായ തൈകളുടെ ശേഖരമാണ് ഇന്ന് കരിമ്പത്തുള്ളത്.

ഈ മാസം ശീതകാല വിളകളുടെ സീസണാണ്. അതുകൊണ്ട് തന്നെ ശീതകാല വിളകളുടെ ആവശ്യക്കാരും കുറവല്ല. കാബേജ്, കോളിഫ്ലവർ, ബീറ്റ്റൂട്ട്, ക്യാരറ്റ്, വഴുതന, തക്കാളി, വെണ്ട എന്നിങ്ങനെയുള്ള ഇനങ്ങളുടെ തിരക്കാണ് കരിമ്പത്തിപ്പോൾ. ഒരു തൈയ്ക്ക് 2.20 രൂപ നിരക്കിലാണ് വിൽപ്പന. ജനത്തിരക്ക് കൂടിയതോടെ സ്റ്റോക്ക് തീരാറായെന്ന് അധികൃതർ പറയുന്നു. മാവും പ്ലാവും കശുമാവും എന്നിങ്ങനെയുള്ള ഇനങ്ങൾക്കുള്ള ആവശ്യക്കാരും കുറവല്ല. മാവിനത്തിലെ അനേകം ഇനം ഇവിടെയുണ്ടെങ്കിലും നാലിനങ്ങൾ ഇവിടെ നിന്ന് തന്നെ ഉണ്ടാക്കിയതാണ്. എച്ച്.45, 56,87,151 എന്നിവയാണിത്. മാവ്, സപ്പോട്ട, ഗ്രാമ്പൂ, ആര്യവേപ്പ്, കറിവേപ്പ്, കുടംപുളി, പേര, ആഫ്രിക്കൻ മല്ലി, റമ്പൂട്ടാൻ, മാംഗോസ്റ്റിൻ, നാരകം തുടങ്ങിയ ഔഷധ-ഫല വൃക്ഷങ്ങൾക്ക് ഓരോ ദിവസവും ആവശ്യക്കാർ എത്തുന്നുണ്ട്. 15 രൂപ മുതൽ 100 രൂപവരെയാണ് പലയിനങ്ങൾക്കായി ഈടാക്കുന്നത്. നിരവധി വർഷത്തെ പ്രായമുള്ള കുടംപുളി മുതലുള്ള വൃദ്ധങ്ങളും സസ്യത്തോട്ടവും ഈ ഫാമിനകത്ത് നിറഞ്ഞ് നിൽക്കുന്നുണ്ട്. ടിഷ്യു കൾച്ചർ വാഴകൾക്കാണ് ആവശ്യക്കാരുടെ എണ്ണം കൂടുതൽ. അര കിന്റളോളം തൂക്കം വെയ്ക്കുന്ന കുലകളാണ് ഇതിൽ കായ്ക്കുക. ഈ വാഴകൾ 20 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്. ജാതിക്ക തൈ 200 രൂപയ്ക്ക് ലഭ്യമാക്കുമ്പോൾ ഔഷധ തൈകൾക്കും ഇതേ പ്രാധാന്യമുണ്ട്. കാൻസർ രോഗത്തിന് പരിഹാരമുണ്ടാക്കുന്ന പ്രചരണം വന്നതോടെ മുള്ളാത്തയ്ക്കും വൻ ഡിമാന്റായി. 50 രൂപയ്ക്കാണ് ഇവ വിൽക്കുന്നത്. ലക്ഷ്മി തരു, സർവസുഗന്ധി എന്നിവയും ഇതേ വിലയ്ക്ക് ലഭ്യമാക്കുന്നുണ്ട്. ഈ സീസണിൽ നേരിട്ട് ഒരു ലക്ഷം രൂപയുടെയും കൃഷി ഭവനുകൾ മുഖേന 3 ലക്ഷം രൂപയുടെ ചെടികളുമാണ് വിൽപ്പന നടത്തിയത്. ഒരു കിലോമീറ്റർ അകലെ വരെ സുഗന്ധം എത്തുന്ന പൊൻ ചെമ്പകം നിരവധി ആൾക്കാരാണ് വാങ്ങിക്കൊണ്ട് പോകുന്നത്.

കാർഷിക വിളയുടെ വിത്തുകൾ എന്ന ലേബലിൽ മുളക്കാത്ത വ്യാജ വിത്തുകൾ പല ഏജൻസികളും വിതരണം ചെയ്ത് തുടങ്ങിയതോടെയാണ് കരിമ്പത്തെ വിത്തുകൾക്ക് ആവശ്യക്കാരേറുന്നത്. ജന്മം കൊണ്ട് ദക്ഷിണാഫ്രിക്കക്കാരനായ ഡോ. ചാൾസ് ആൽഫ്രഡ് ബാർബർ എന്ന ബോട്ടാണിസ്റ്റാണ് 56.35 ഹെക്ടർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഈ സ്ഥാപനത്തിന്റെ ഉദയത്തിന് പിന്നിൽ. 1898ലായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള കടന്ന് വരവ്. കാർഷിക ഗവേഷണ രംഗത്ത് തുടക്കമിടാൻ സൗത്ത് ഇന്ത്യയിലെ മദ്രാസ് പ്രവിശ്യയിൽ ഏറ്രവും അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തണമെന്ന ഉദ്ദേശമായിരുന്നു ഒടുവിൽ തളിപ്പറമ്പിലെ ഈ മലഞ്ചെരുവിലേക്ക് എത്തിച്ചത്. 1906 ഓടെ അദ്ദേഹം സ്ഥാപിച്ച 'ബാർബർ ബംഗ്ലാവ്' ഏറെക്കുറെ പുനർ നിർമ്മിച്ചെങ്കിലും അദ്ദേഹം വിവിധ വൻകരകളിൽ നിന്നെത്തിച്ച് വളർത്തിയെടുത്ത ഫലവൃക്ഷങ്ങളെയും കാർഷിക വിളകളേക്കാളേറെയൊന്നും എത്തിക്കാൻ ഇന്നോളം ആർക്കും സാധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

ലോകത്തിന്റെ കുരുമുളകിലെ പൊള്ളുരോഗം കണ്ടെത്തിയതും കരിമ്പത്ത് നിന്നാണ്. ഈ വർഷം 2 ലക്ഷത്തോളം കുരുമുളക് തൈകളും 1000 കിലോയോളം പച്ചക്കറി തൈകളും 5000 കിലോ നെൽവിത്തുകളും വിതരണം ചെയ്തിട്ടുണ്ട്. ഉത്തര മലബാറിലെ അഞ്ച് ജില്ലകൾക്ക് വിത്തുകൾ വിതരണം ചെയ്യുന്ന കേന്ദ്രമായാണ് ഇന്ന് ഈ സ്ഥാപനം നില നിൽക്കുന്നത്. 140 ഏക്ക‌ർ സ്ഥലങ്ങൾക്കിടയിൽ അഞ്ചേക്കർ സ്ഥലം 2005ൽ ജൈവ വൈവിദ്ധ്യ കേന്ദ്രമായും മാറ്റിയിട്ടുണ്ട്. പഴുതാര മുതൽ പാമ്പുവരെയും മുള്ളൻപന്നി മുതൽ കുറുക്കൻ വരെയുള്ള വിവിധ ജീവജാലങ്ങളുടെ കേന്ദ്രമാണ് ഈ ഭാഗം. ഇതിനിടയിൽ പുലിക്കുളമെന്ന ഭാഗത്ത് കൂടി ഒരു തോടും ഒഴുകുന്നുണ്ട്. മികച്ച തണലും തണുപ്പുമുള്ള ഈ ഉദ്ധ്യാനം കാണാനും നിരവധി ആൾക്കാർ എത്തുന്നു. നൂറോളം ഇനങ്ങളിൽ പെട്ട പക്ഷി ഇനങ്ങളും ഈ മരത്തണുപ്പ് തേടി എത്തുന്നുണ്ട്. ഇതോട് ചേർന്ന ടെക്നോളജി നോളജ് സെന്ററിൽ ഇവയുടെ വിവരങ്ങൾ ഉൾപ്പെടുത്താനും അധികൃതർ തയ്യാറായിട്ടുണ്ട്. അതേസമയം ഇങ്ങോട്ടേക്ക് തളിപ്പറമ്പ മുനിസിപ്പാലിറ്റിയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നതും സംസ്ഥാന പാതയിലൂടെ പോകുന്നവർ വലിച്ചെറിയുന്നതും ഭീഷണിയാകുന്നതായി അധികൃതർ പറയുന്നു.തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സഹായത്തോടെ 50 ലക്ഷം രൂപ ചിലവിൽ നാഷണൽ ട്രയിനിംഗ് സെന്റർ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 2011ൽ സ്ഥാപിച്ച ടിഷ്യു കൾച്ചർ ലബോറട്ടിയിലും ബയോ കൺട്രോൾ യൂണിറ്റിലും അത്യുൽ പാദന ശേഷിയുടെ നേന്ത്രൻ വാഴകളും ഉത്പാദിപ്പിക്കുന്നുണ്ട്. കൃഷി ഭവൻ മുഖേനയും നേരിട്ടുമാണ് ഇവയുടെ വിൽപ്പന. ട്രൈപോഡെർമ, സ്യൂഡോ മോണാസ് തുടങ്ങിയ ജീവാണു കുമിൾ നാശിനിയും ഇവിടെ നിർമ്മിക്കുന്നുണ്ട്. കർഷകർക്ക് രാസ വിഷം ഉപയോഗിക്കാതെ പ്രകൃതിയ്ക്ക് അനുയോജ്യമായി കൃഷി ചെയ്യാൻ സഹായിക്കുന്നതാണ് ഇവ.

മികച്ചയിനം കൂൺ വിത്തും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. അരലക്ഷത്തോളം കശുമാവ്, പ്ലാവ് തൈകളാണ് ഓരോ വർഷവും ഇവിടെ നിന്നും വിൽക്കുന്നത്. അതേസമയം പലയിനങ്ങൾക്കും എത്തുന്ന ആവശ്യക്കാരന് ലഭ്യമാക്കാനും തികയാറില്ല. ഈ മാസം കൃഷി ആരംഭിക്കേണ്ട ശീതകാല വിളയായ കാബേജ്, കോളിഫ്ലവർ, ബീട്ട്റൂട്ട് ഇനങ്ങളും 2.20 രൂപയ്ക്ക് വിൽക്കുന്നുണ്ട്. കേരളത്തിന്റെ കാലാവസ്ഥയിലും ഇവ വിളയുമെന്ന തിരിച്ചറിവാണ് കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നത്. രണ്ട് ലക്ഷത്തോളം തൈകളാണ് ഈ ഇനം മാത്രം വിറ്റത്. 36 പുരുഷ തൊഴിലാളികളെയും 64 സ്ത്രീ തൊഴിലാളികളെയും നിയമിച്ചാണ് ഈ സ്ഥലത്തെ കാര്യങ്ങൾ നടത്തുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് വിൽപ്പന സമയം. ഒന്നര കോടിയുടെ വിൽപ്പന ഈ വർഷം മാത്രം നടന്നിട്ടുണ്ട്. ഇനി കർഷകരെ ലക്ഷ്യമിട്ട് ഫാം ടൂറിസം നടപ്പാക്കാനാണ് ആലോചന. ഇതിനായി ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 50 ലക്ഷം വിനിയോഗിച്ച് ഡോർമെറ്ററിയും പണിയും. കാർഷിക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ കുള്ളൻ തെങ്ങുകൾ പിടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ചക്ക സംസ്കരണവും അടുത്ത് തന്നെ ആരംഭിക്കും. ജാം, അച്ചാർ തുടങ്ങിയ ഇനങ്ങളാണ് ഉണ്ടാക്കുക. അലങ്കാര സസ്യങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ആലോചനയുണ്ട്. ഔഷധച്ചെടികളുടെ വിൽപ്പനയ്ക്ക് വിപുലമായ സംവിധാനം ഒരുക്കാനും ആലോചനയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ