മനീഷയ്ക്കായി നാടൊരുമിച്ചു, ഇനി സ്വന്തം വീട്ടിൽ മാംഗല്യം
November 8, 2017, 8:57 am
റഹനാസ്‌മടിക്കൈ
കണ്ണപുരം: മാസങ്ങൾ നീണ്ട സ്വപ്നങ്ങൾക്ക് ഒടുവിൽ മനീഷയുടെ വിരലിലേക്ക് പ്രതിശ്രുത വരൻ മാട്ടൂലിലെ സേവ്യർ മോതിരമിടുമ്പോൾ അമ്മ മേഴ്സിയുടെ കണ്ണുകൾ ഈറനണിഞ്ഞു. പിന്നെ മനം നിറഞ്ഞൊരു പുഞ്ചിരിയും. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം കട്ടക്കുളത്തെ സെന്റ് ജോസഫ് ദേവാലയത്തിൽ ചടങ്ങിലാണ് ഇവർ മനം നിറഞ്ഞൊന്ന് ചിരിക്കുന്നത്. കാരണം, കണ്ണപുരം ബാപ്പുക്കലിലെ മനീഷയും അമ്മ മേഴ്സിയും ഇനി അനാഥരല്ല. ഒരു നാട് മുഴുവൻ ഇനി അവർക്ക് കുടുംബാംഗങ്ങളാണ് എന്നതു കൊണ്ട് തന്നെ. മനീഷയ്ക്കും മേഴ്സിയ്ക്കും പുതിയ സ്വപ്നങ്ങളേക്കാളേറെയുള്ളത് ഇരുളടഞ്ഞ പഴയ കഥകളായിരുന്നു. മനീഷ ചെറിയ കുഞ്ഞായിരുന്നപ്പോഴായിരുന്നു അവളുടെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി നാടുവിട്ടത്. പിന്നെ ഇരുവയറുകൾ നിറക്കാനുള്ള ഓട്ടത്തിലായിരുന്നു മേഴ്സി. ഇതിനിടയ്ക്ക് എപ്പഴോ കാൽതെന്നി വീണ് ജോലി ചെയ്യാനുള്ള ശേഷിയും നഷ്ടമായി.

ജീവിത പ്രതിസന്ധിയ്ക്ക് ഇടയിൽ ഉണ്ടായിരുന്ന വീടും തകർന്ന് തുടങ്ങിയിരുന്നു. ഇതിനിടയിൽ സംസ്ഥാനത്ത് പലയിടത്തും സ്ത്രികൾക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായതോടെയാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന അമ്മയുടെയും മകളുടെയും ജീവിതം ചർച്ചയാകുന്നത്. ഇതിനിടെ കണ്ണപുരം സ്റ്റേഷനിലെ പൊലീസുകാരും സംഭവം ഗൗരവത്തോടെ ഏറ്റെടുത്തതോടെ നാട്ടുകാരും ഉണർന്നു. തങ്ങളുടെ നാട്ടിൽ ഇങ്ങനെയൊരു ദുരിതം അനുഭവിക്കുന്ന കുടുംബം ഉണ്ടെന്നറിഞ്ഞതോടെ ഒട്ടേറെ സംഘടനകളും സഹായവുമായി എത്തി. വയലാണെന്ന് രേഖകളിൽ രേഖപ്പെടുത്തിയ സ്ഥലത്ത് പുതിയ വീട് കെട്ടുന്നതിനുള്ള നിയമ തടസ്സമായിരുന്നു ആദ്യത്തെ പ്രശ്നം. ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ ഇത് അവതരിപ്പിച്ചതോടെ ആ നൂലാമാല ഇല്ലാതായി. പിന്നാലെ സർക്കാരിൽ നിന്നും വീട് കെട്ടാനുള്ള ചെറിയൊരു സാമ്പത്തിക സഹായവും. ഇതോടെയാണ് സഹായവുമായി നിരവധി സംഘടനകൾ എത്താൻ തുടങ്ങിയത്. കണ്ണപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന രാജേഷാണ് തുടക്കമിട്ടതെങ്കിൽ ഇന്ന് പ്രിൻസിപ്പൽ എസ്.ഐ ടി.വി ധനഞ്ജയ്ദാസാണ് എല്ലാത്തിനും മുന്നിൽ. ഓരോ വ്യക്തികളും സംഘടനയുമായി ബന്ധപ്പെട്ടാണ് ആവശ്യമുള്ള സഹായങ്ങൾ ഏകോപിപ്പിച്ചത്. ഏറ്റവും ഒടുവിലെ പെയിന്റിംഗ് പണിയ്ക്ക് വരെ ആളായിക്കഴിഞ്ഞു. ഇതിനിടെ വിവാഹാലോചനയും എത്തിയതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഇവർ. കാര്യമറിഞ്ഞതോടെ കണ്ണപുരം എസ്.ഐ ഇവർക്ക് മുന്നിലെത്തി. ''ഒരു പേടിയും വേണ്ട. വിവാഹം ഞങ്ങൾ തന്നെ നടത്തിത്തരും. വാക്ക് കൊടുത്തോളൂയെന്ന്'' ഒടുവിൽ കഴിഞ്ഞ ദിവസം മോതിരം മാറൽ ചടങ്ങും നടത്തി. ജാതി-മത- രാഷ്ട്രീയ ഭേതമന്യേ ആൾക്കാർ അണി നിരന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ചടങ്ങുകൾ. എല്ലാവിഭാഗവും ഒരുമിച്ചായിരുന്നു പള്ളിയിലെ ചടങ്ങ് നടത്തിയത്. ഇനി ഈ മാസം 20 ഓടെ വിവാഹ ചടങ്ങ് നടത്താനും വീടിന്റെ പാലുകാച്ചൽ ഗംഭീരമാക്കാനുമുള്ള ഓട്ടത്തിലാണ് കണ്ണപുരത്തെ പൊലീസുകാർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ