രജതജൂബിലി പിന്നിട്ട ചരിത്രവുമായി കണ്ണൂർ ആകാശവാണി
December 5, 2017, 2:26 pm
റഹനാസ്‌ മടിക്കൈ
കണ്ണൂർ: ''വെറും സ്കൂൾ അദ്ധ്യാപകനിൽ നിന്നും ഹെഡ് മാസ്റ്ററായപ്പോൾ അച്ഛന്റെ ശമ്പളം ഇരുന്നൂറ്റമ്പതിൽ നിന്നും നാന്നൂറുറുപ്പികയായി. പക്ഷേ, അതിലുമധികം വിലയുണ്ടായിരുന്നു ഒരു റേഡിയോവിന്...സ്വന്തം മകനോട് പണം ചോദിക്കാൻ ഇഷ്ടമല്ലാത്ത അച്ഛൻ റേഡിയോ വാങ്ങാനുള്ള മോഹം അടക്കാനാകാതെ ജേഷ്ഠന്റെ കൈയിൽ നിന്നും ഇരുന്നൂറു ഉറുപ്പിക വാങ്ങി. തുടർന്ന് ഞങ്ങൾ രണ്ടുപേരും തൃശൂരേക്ക് പുറപ്പെട്ടു. കോസ്മോപൊളിറ്റൻ എന്ന ഇനം റേഡിയോ 465 രൂപയ്ക്കാണ് വാങ്ങിയത്. അതും താങ്ങിപ്പിടിച്ച് വണ്ടിയിൽ കയറ്റി വീട്ടിലെത്തിച്ചു.... തുടർന്ന് ചലച്ചിത്ര ഗാനങ്ങൾക്കുള്ള കാത്തിരിപ്പ്...ഏതെങ്കിലും ദേശീയ നേതാക്കൾ മരിക്കുമ്പോൾ ഏറ്റവുമധികം ദു:ഖം തോന്നിയത് ഞങ്ങൾക്കായിരുന്നു. മറ്റൊന്നും കൊണ്ടല്ല പത്ത് ദിവസം വരെ ദു:ഖാചരണം പ്രമാണിച്ച് ചലച്ചിത്രഗാനങ്ങൾ ഉണ്ടാകുമായിരുന്നില്ല. അക്കാലത്ത് ആകാശവാണിയോട് തോന്നിയിരുന്ന ദേഷ്യത്തിന് കണക്കില്ല.''

ആകാശവാണിയുടെ കണ്ണൂർ നിലയത്തിന്റെ രജത ജൂബിലി സുവനീറിൽ അഷ്ടമൂർത്തിയെന്നയാൾ പറയുന്ന അനുഭവമാണിത്. ഒരുപാട് ജനങ്ങളുടേയും.... ഉത്തരമലബാറിന്റെ ഗൃഹാതുരതയായ കണ്ണൂർ ആകാശവാണി ഇന്നും ജനങ്ങളെ വിസ്മയിപ്പിക്കുകയാണ്. ഹലോ പ്രിയഗീതവും, വയലും വീടും, കിസാൻവാണിയും ഒക്കെയായി ഇരുപത്തിയാറാം വയസിൽ കൂടുതൽ മേഖലകളിലേക്ക് സിഗ്നൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ആകാശവാണി കണ്ണൂർ നിലയം. ആറ് കിലോവാട്ട് ശേഷിയുള്ള സിഗ്നൽ സംവിധാനത്തിൽ നിന്നും 10 കിലോവാട്ട് ശേഷിയിലുള്ള സിഗ്നൽ സംവിധാനമാക്കി ഉയർത്തുന്ന പ്രവർത്തനം ഇതിനകം ആരംഭിച്ച് കഴിഞ്ഞു. തുടക്കത്തിൽ 3 വാട്ടിന്റെ 2സിഗ്നൽ സംവിധാനം ഉണ്ടായിരുന്നെങ്കിലും ചിലപ്പോൾ റിപ്പയറിംഗിന്റെ ഭാഗമായി ഒന്ന് മാത്രമേ ഉപയോഗിക്കൂ. ഇതോടെ പലയിടത്തും റേഡിയോ കിട്ടുന്നില്ലെന്ന പരാതിയ്ക്കിടെയാണ് അധികൃതർ ശേഷി കൂട്ടാനുള്ള പ്രവർത്തികൾ ആരംഭിച്ചത്. 04.05.1991ലായിരുന്നു കണ്ണൂർ നിലയം കമ്മീഷൻ ചെയ്തത്. തുടക്കത്തിൽ സിഗ്നൽ കടലിലേക്ക് പോകാതിരിക്കാൻ ആന്റിന മലയോരത്തേക്ക് തിരിച്ചുവച്ചിരുന്നു. ഇതിന്റെ ഭാഗമായി കുടകിൽ വരെ റേഡിയോ കിട്ടുമായിരുന്നു. അതേസമയം കാസർകോട് ഭാഗത്തേക്കൊന്നും കിട്ടുന്നുമില്ല. എഫ്.എം വേവ് ഉപയോഗിക്കുന്നത് കൊണ്ട് മരങ്ങൾ ഇടതൂർന്ന് വളരുന്നിടത്ത് സിഗ്നൽ ലഭിക്കാൻ പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ അടിസ്ഥാനത്തിലാണ് ശേഷി കൂട്ടുന്നത്.

ചരിത്രം
സംസ്ഥാനത്തെ ആറാമത്തെ നിലയമാണ് കണ്ണൂരിലേത്. 3437 സ്ക്വയർ കിലോമീറ്ററാണ് പരിധി. ഏറ്റവുമധികം കേൾവിക്കാരുള്ള നിലയത്തിൽ നിന്നും 2008 നവംബർ 29 ന് സ്റ്റീരിയോ സിഗ്നൽ ഉപയോഗിച്ച് തുടങ്ങി.

നേട്ടങ്ങൾ
ആകാശവാണിയിലെ പ്രോഗ്രാം എക്സിക്യൂട്ടീവ് കെ.വി ശരത് ചന്ദ്രന് വിതയ്ക്കുന്നവന്റെ ഉപമയെന്ന നാടകത്തിന് ദേശീയ നാടക അവാർഡ് കിട്ടിയിരുന്നു. മൂന്നാം തവണയാണിത്. പ്രധാനമന്ത്രിയുടെ പ്രഭാഷണ പരമ്പരയായ മൻ കീ ബാത്തിൽ കണ്ണൂർ നിലയത്തിന്റെ നേട്ടത്തെ കുറിച്ചും പരാമർശിക്കുകയുണ്ടായി. രാജ്യത്തെ അനവധിനിലയങ്ങൾക്കിടയിലാണ് ഈ വിശേഷണം.

ഇടപെടലുകൾ
കണ്ണൂർ നിലയത്തെ ജനകീയമാക്കാൻ ഒട്ടേറെ ഇടപെടലുകൾ നടത്തിയതായി ആകാശവാണിയിൽ നിന്നും വിരമിച്ച ബാലകൃഷ്ണൻ കൊയ്യാൽ പറയുന്നു. പ്രാദേശികമായ സ്ഥലങ്ങളിലെത്തി അവരുടെ നാട്ടിൻ പുറങ്ങളിലെ പ്രശ്നങ്ങൾ ചർച്ചയാക്കിയാണ് ജനങ്ങളെ ആകാശവാണിയോട് അടുപ്പിച്ചത്. ഓരോ പ്രായക്കാർക്ക് വേണ്ടിയും പ്രത്യേകം പരിപാടികൾ ഉൾപ്പെടുത്തുന്നുണ്ട്.

കത്തുകൾ
കാലം മാറിയപ്പോഴും ആകാശവാണിയെ സ്നേഹിക്കുന്നവർ കുറഞ്ഞിട്ടില്ല. ഓരോ ആഴ്ചയിലും ഇരുന്നൂറോളം കത്തുകൾ ഇന്നും ഇവിടെയെത്തുന്നുണ്ട്. സാക്ഷരതയുടെ തുടക്കത്തിൽ ആകാശവാണിയിലേയ്ക്ക് എത്തുന്ന കത്തുകളിലെ അക്ഷരതെറ്റുകൾ ഏറെ രസിപ്പിച്ചിരുന്നെങ്കിൽ ഇന്നതിന് മാറ്റം വന്നിട്ടുണ്ട്.

ഫോൺ ഇൻ പരിപാടികൾ
കണ്ണൂരിന്റെ സ്വന്തം ചലച്ചിത്ര പരിപാടിയായിരുന്നു ഹലോ പ്രിയഗീതം. സാങ്കേതിക മേഖല പുരോഗമിച്ചിട്ടില്ലാത്ത കാലത്ത് ഫോൺ ചെയ്യുന്നവരുമായി പാട്ടുമായി നേരത്തേ ധാരണയിലെത്തും. പാട്ട് സെറ്റ് ചെയ്ത് ശേഷമാകും സംഭാഷണം. എന്നാൽ ലൈവിൽ വരുന്നതോടെ ചില വിദ്വാന്മാർ പാട്ട് മാറ്റി പറഞ്ഞ് കുടുക്കുന്ന അനുഭവവും അവതാരകർ കൗതുകത്തോടെ ഓർക്കുന്നുണ്ട്. ഫോൺ വിളിയുടെ സമ്മർദ്ദത്തിൽ പള്ളിക്കുന്ന് ടെലിഫോൺ എക്സേഞ്ച് പ്രവർത്തനം നിശ്ചലമായ അനുഭവവും ഉണ്ട്.

റേഡിയോ ഭൂപടത്തിലില്ല കാസർകോട്
വ്യത്യസ്ത ഭാഷകളും സംസ്കാരവും ഒക്കെയുണ്ടെങ്കിലും കാസർകോട് ജില്ലയിൽ റേഡിയോ നിലയമോ സിഗ്നലോ ലഭിക്കാറില്ല. ആലപ്പുഴയിലെ എ.എം മലയാളം പരിപാടിയാണ് ഇവിടെ കേൾപ്പിക്കുന്നത്. വയനാടിലും ഇതേ പ്രശ്നമുണ്ട്. കേബിൾ ലൈനിനു പകരം ഉപഗ്രഹം വഴി ചെറിയ ട്രാൻസ്മിറ്റർ ഉപയോഗിച്ചാണ് സിഗ്നൽ നൽകുന്നത്. പ്രസാർ ഭാരതിയ്ക്ക് എല്ലായിടത്തും ആകാശവാണിയുടെ സിഗ്നൽ എത്തിക്കണമെന്ന ലക്ഷ്യം മാത്രമുള്ളതിനാൽ കൂടുതൽ പ്രാദേശിക നിലയങ്ങൾ ആരംഭിക്കുന്നുമില്ല.

സ്വകാര്യ നിലയങ്ങൾ
സ്വകാര്യ എഫ്.എം വന്നപ്പോൾ ആൾക്കാരുടെ അഭിരുചി മാറിയിരുന്നു. എന്നാൽ ഇത് കണ്ണൂർ ആകാശവാണിയ്ക്ക് ഭീഷണിയായിരുന്നില്ല. നേരത്തെയുണ്ടായതിലേറെ നേരം പരിപാടികൾ നടത്താൻ ആകാശവാണിയ്ക്ക് ഇത് പ്രോത്സാഹനമായി. അവർ 24 മണിക്കൂറും യുവാക്കളെ മാത്രം ലക്ഷ്യമിട്ട് പ്രക്ഷേപണം നടത്തുമ്പോൾ 16 മണിക്കൂർ നേരം എല്ലാവരെയും ലക്ഷ്യമിട്ടാണ് ആകാശവാണിയുടെ പരിപാടി.

തസ്തികകൾ ഒഴിഞ്ഞു
ഒരു കാലത്ത് കെ.പി ഉദയഭാനു, പദ്മരാജൻ എന്നിങ്ങനെയുള്ള പ്രഗത്ഭരുടെ നിര തന്നെ ആകാശവാണിയിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് പല തസ്തികകളും ഒഴിഞ്ഞ് കിടക്കുകയാണ്. ശമ്പളം കണ്ടെത്താൻ തന്നെ വലിയ പ്രയാസം നേരിടുമ്പോൾ കാലത്തിനനുസരിച്ച് ഉയർത്താൻ പ്രസാർ ഭാരതിയും മടി കാട്ടുന്നുണ്ട്. ജീവനക്കാർക്ക് പ്രൊമോഷൻ നൽകുന്നതിലുമുണ്ട് ഈ മടി.

ദേവികുളം നിലയം ശൈശവാവസ്ഥയിൽ
ടെലിവിഷൻ ചാനലുകൾ കടന്നു വന്നതോടെ ഇനി റേഡിയോ യ്ക്ക് പ്രസക്തിയില്ലെന്ന വാദം ഉണ്ടായിരുന്നു. ഈ കാലത്താണ് ആകാശവാണിയുടെ കണ്ണൂർ നിലയം വരുന്നത്. എന്നാൽ 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ ഏറ്റവും അധികം ആസ്വാദകരുള്ളത് കണ്ണൂരിനാണ്. അതേസമയം 22 വർഷമായി ഇടുക്കിയിൽ പ്രവർത്തിക്കുന്ന ദേവികുളം നിലയം ശൈശവാവസ്ഥയിലും. ആകെ അഞ്ച് മണിക്കൂർ നടത്തുന്ന പരിപാടികൾ ഈ പഞ്ചായത്തിന് പുറത്ത് പോലും കിട്ടുന്നില്ല. സ്ഥലം നിർണയിച്ചതിലെ അപാകതകൾ കാരണം ആന വിഹരിക്കുന്ന വഴിയായതിനാൽ രാവിലെ ജീവനക്കാർക്ക് എത്താനും പറ്റില്ല. തമിഴ് വിഭാഗം കൂടുതലുള്ള ഇവിടെ മലയാളത്തിലാണ് പ്രക്ഷേപണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ