കുത്തകകളെ പറപ്പിക്കാൻ ക്യു.ആർ. കോഡുള്ള കോഴി
December 1, 2017, 1:21 am
ഒ.സി.മോഹൻരാജ്
കണ്ണൂർ:ഇറച്ചിയുടെ ഗുണനിലവാരത്തിന്റെ കൈയൊപ്പായി കാലിൽ ക്യൂ. ആർ കോഡ് ഘടിപ്പിച്ച ഹൈടെക് കോഴി വിപണിയിൽ എത്തി. കാലിൽ കൊലുസ് പോലെ കാണുന്ന ക്യൂ .ആർ കോഡിൽ കോഴിയുടെ 'ജീവചരിത്രം' ഉണ്ട്.
ഗുണനിലവാരത്തിൽ തമിഴ്നാട്ടിലെ കോഴിക്കുത്തകകളെ പറപ്പിക്കാൻ പോന്ന 'ഹൈടെക് 'കോഴിയെ വിപണിയിൽ എത്തിച്ചത് കൊല്ലം, കൊട്ടാരക്കരയിലെ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ്. നബാർഡിന്റെ സഹകരണത്തോടെ യാണ് ഈ നൂതന സംരംഭം.
'വേണാട് സിഗ്നേച്ചർ ചിക്കൻ' എന്ന ബ്രാൻഡിലാണ് ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളിലൂടെ ഇറച്ചിക്കോഴി വിൽക്കുന്നത്. രാജ്യത്ത് ക്യു.ആർ. കോ‌ഡ് ചെയ്ത സുരക്ഷിത ബ്രോയ്ലർ ചിക്കൻ ആദ്യമാണെന്നു കമ്പനി സാരഥികൾ പറയുന്നു.
ഹോർമോൺ പ്രയോഗമൊന്നുമില്ല കോഴികൾക്ക്. സ്റ്റീറോയ്ഡോ, ആന്റിബയോട്ടിക്കുകളോ നൽകുന്നില്ല. വെജിറ്റേറിയൻ തീറ്റ മാത്രം. 35 ദിവസം പ്രായമാകുമ്പോൾ കോഴിയുടെ പൂർണവിവരങ്ങൾ സോഫ്‌റ്റ്‌വെയറിലൂടെ ക്യു.ആർ. കോഡ് ചെയ്ത ബ്രാൻഡിംഗ് ലേബലിൽ കർഷകന്റെ കൈയൊപ്പ് സഹിതം കോഴിയുടെ കാലിൽ കെട്ടിയാണ് വിപണിയിലേക്ക് വിടുന്നത്.

ക്യു.ആർ. കോഡിൽ എന്തൊക്കെ?
കോഴിയുടെ കാലിലെ ക്യു.ആർ. കോഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്‌താൽ മതി. വളർത്തിയ കർഷകന്റെ പേര്, കൊടുത്ത തീറ്റയുടെ കണക്ക്, മരുന്നുകൾ, പ്രായം, ബാച്ച് നമ്പർ തുടങ്ങി എല്ലാ വിവരങ്ങളും അറിയാം.

നല്ല ചിക്കൻ, ന്യായവില

തിരഞ്ഞെടുത്ത ബ്രോയ്ലർ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ നൽകുന്നതു മുതൽ ഇരച്ചിക്കോഴികളെ വിപണിയിൽ എത്തിക്കുന്നതു വരെ കമ്പനിയുടെ നിയന്ത്രണത്തിലാണ്. ശുദ്ധ വെജിറ്റേറിയൻ തീറ്റയും കമ്പനി നേരിട്ട് എത്തിക്കുന്നു. വളർച്ച കൂട്ടാനുള്ള പൊടിക്കൈകളില്ല. തനി നാടൻ രീതിയിലാണ് കോഴികളെ വളർത്തുന്നത്. ആവശ്യക്കാർക്ക് ഗുണമേന്മയുള്ള ചിക്കനും കർഷകർക്ക് ന്യായ വിലയും കിട്ടും.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ