പുര നിറഞ്ഞ പുരുഷാ ചുരം കയറി വരൂ...
February 14, 2018, 8:29 am
ഒ.സി.മോഹൻരാജ്
കണ്ണൂർ: പുര നിറഞ്ഞ പുരുഷൻ പെണ്ണു കെട്ടാൻ ഇനി തലങ്ങും വിലങ്ങും ഓടണ്ട. കർണാടകയിലെ കുടകിലേക്ക് വരൂ. ജാതി, മതം, സാമ്പത്തിക സ്ഥിതി, സൗന്ദര്യം എന്നിവയൊന്നും ഒരു ഘടകമല്ല. ഒരു വ്യവസ്ഥ മാത്രം, സ്ത്രീയെ മാത്രം തരും. സ്ത്രീധനമില്ല. വിവാഹം കഴിക്കണോ, ചുരം കയറി വരൂ... എന്നാണ് ഇപ്പോൾ അന്യനാട്ടുകാരോട് കുടകുകാർ പറയുന്നത്. മടിക്കേരി, വീരാജ് പേട്ട, ഗോണിക്കുപ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് കൂടുതലും പെൺകുട്ടികളെ വിവാഹം കഴിച്ച് മലബാറിലേക്ക് കൊണ്ടുവരുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുനൂറിലേറെ കുടക് യുവതികളാണ് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലയിലുള്ളവരുമായി വിവാഹ ബന്ധത്തിലേർപ്പെട്ടത്. മലബാറിലെ ചില വിവാഹ ബ്രോക്കർമാരും കുടകിലെ ചില ബ്രോക്കർമാരും തമ്മിലുള്ള ധാരണയെ തുടർന്നാണിത്. വിവാഹ ദല്ലാളിന് 30,000 മുതൽ 50,000 വരെ കമ്മിഷൻ. ചിലർക്ക് നാട്ടിൽ പെണ്ണുകിട്ടാതായതോടെ അന്വേഷണം കുടകിലേക്ക് നീളുകയായിരുന്നു. സാധാരണക്കാരായ കുടുംബങ്ങളിൽ കല്യാണപ്രായമെത്തിയിട്ടും മംഗല്യഭാഗ്യം ലഭിക്കാത്ത ഒട്ടേറെ യുവതികളുണ്ടായിരുന്നു. ഇതിനിടയിലാണ് കേരളത്തിൽ നിന്നു വൻതോതിൽ വിവാഹ ആലോചനകൾ എത്തിയത്. ആലോചനകളിൽ അധികവും ഗൾഫുകാരായ യുവാക്കളിൽ നിന്നായിരുന്നു.

പുരുഷന് 35 കവിയരുത്
പുരുഷന് ജോലി വേണം. 35 വയസ് കവിയരുത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച വധുവിന്റെ വീട്ടിൽ താമസിക്കണം. സമ്പാദ്യം, സ്വത്ത് എന്നിവ നിർബന്ധമില്ല. ഇത്രയുമാണ് വധുവിന്റെ വീട്ടുകാരുടെ വ്യവസ്ഥ. മൈസൂർ കല്യാണത്തിന്റെ പേരിൽ നിരവധി പെൺകുട്ടികളെ കണ്ണീരു കുടിപ്പിച്ച സംഭവത്തിന്റെ പ്രായശ്ചിത്തമായി കുടക് കല്യാണത്തെ കാണുന്നവരുമുണ്ട്.

പെൺകുട്ടികളുടെ ക്ഷാമം കുടകിലെത്തിച്ചു
നാട്ടിലെ പെൺകുട്ടികളെ കിട്ടാത്തതിനെ തുടർന്നാണ് പുരുഷന്മാർ കുടകിലേക്ക് ചുരം കയറുന്നത്. പക്ഷേ ഇതിലും ഇപ്പോൾ കള്ളനാണയങ്ങൾ വ്യാപകമായിട്ടുണ്ട്. വിവാഹത്തിന്റെ പേരു പറഞ്ഞ് മലബാറുകാരെ വഞ്ചിക്കുന്ന ചില തട്ടിപ്പ് സംഘങ്ങളും കുടകിൽ സജീവമായിട്ടുണ്ട്. ശ്രദ്ധിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണി കിട്ടും.
കോരമ്പള്ളി രാഘവൻ
മഹാദേവ മാര്യേജ് ബ്യൂറോ, കണ്ണൂർ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ