അമ്മ സ്ഥാനാർത്ഥിയായതിന് മകളെ വേട്ടയാടി
March 12, 2018, 12:00 pm
കണ്ണൂർ: പുനലൂരിലെ പ്രവാസിയായിരുന്ന സുഗതന്റെ മരണത്തിൽ കലാശിച്ച സംഭവത്തിലായാലും ത്രിപുരയിൽ സി. പി. എം ഓഫീസുകൾ എതിരാളികൾ തകർത്ത സംഭവത്തിലായാലും പൊതുസമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത പ്രവണതയാണ്. അതിനെതിരെ വിർമശനവുമായി മുഖ്യമന്ത്രി അടക്കം രംഗത്ത് വരുകയും ചെയ്തു. ഇതെല്ലാം കാണുമ്പോൾ നിത പി നമ്പ്യാർക്കുണ്ടായ അനുഭവങ്ങൾ പലരുടെയും ഓർമ്മയിൽ ഓടിയെത്തുകയാണ്.
മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ നാടായ കല്യാശേരിയിലെ വനിതാ ആയൂർവേദ ഡോക്ടറാണ് നീത പി നമ്പ്യാർ. ജീവിതത്തിൽ വളരെയേറെ ആഗ്രഹിച്ചു തുറന്ന ക്ളിനിക് ചിലരുടെ രാഷ്ട്രീയ വിരോധത്താൽ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ നട്ടംതിരിയേണ്ടിവന്നു.

എങ്ങനെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം?
2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പായിരുന്നു തുടക്കം. എന്റെ അമ്മ ഭാനു വിദ്യാധരനെ യു.ഡി.എഫ് കല്യാശേരി പഞ്ചായത്ത് 11-ാം വാർഡിൽ സ്ഥാനാർത്ഥിയാക്കിയിരുന്നു. അമ്മ സജീവ രാഷ്ട്രീയ പ്രവർത്തകയല്ല. പഠിക്കുന്ന കാലത്ത് കെ.എസ്.യുവിലുണ്ടായിരുന്നു. പിന്നീടൊന്നിനും പോയില്ല. നാട്ടിലെ ക്ഷേത്രസമിതിയിലൊക്കെ പ്രവർത്തിച്ച് നല്ല ബന്ധങ്ങളുണ്ടായിരുന്നു. അതു കണ്ടിട്ടാണ് കോൺഗ്രസുകാർ സ്ഥാനാർത്ഥിയാക്കിയത്. രാഷ്ട്രീയം മറന്ന് ചിലരൊക്കെ ഈ തീരുമാനത്തെ പിന്തുണച്ചത് എതിർ വിഭാഗത്തെ പ്രകോപിപ്പിച്ചു.

എതിർപ്പുകൾ എങ്ങനെ?
സ്ഥാനാർത്ഥിയാകാൻ പോയപ്പോഴേ ഭീഷണികളുണ്ടായിരുന്നു. ഒടുവിൽ വോട്ടെടുപ്പ് ദിവസം ഞാനും അമ്മയും വോട്ടുരേഖപ്പെടുത്താനായി കല്യാശേരി പോളിടെക്നിക് സ്കൂളിലെ ബൂത്തിലെത്തി. അകത്ത് അച്ഛൻ വിദ്യാധരൻ പോളിംഗ് ഏജന്റായി ഇരിക്കുന്നുണ്ടായിരുന്നു. പുറത്ത് കൂടിനിന്ന എതിരാളികൾ ഞങ്ങളെ തടയുകയും തെറിവിളിക്കുകയും ചെയ്തു. പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും പൊലീസ് ഞങ്ങളോട് പ്രശ്നമുണ്ടാക്കാതെ പോകണമെന്നാണ് പറഞ്ഞത്. അമ്മ അതിന് തയ്യാറായില്ല. വോട്ട് ചെയ്യാനാണ് വന്നത്, ഇത് രേഖപ്പെടുത്തിയ ശേഷം പോയ്ക്കോളാമെന്ന് പറഞ്ഞു. കൂടിനിന്നവർ ഞങ്ങളെ വിരട്ടി. അപ്പോഴൊക്കെ ഞാൻ ചിരിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. നാട്ടിൽ എപ്പോഴും കാണുന്നവരാണല്ലോ ഞങ്ങളോട് കയർക്കുന്നത്.

അക്രമങ്ങളുടെ തുടക്കം ?
വോട്ടെണ്ണൽ ദിവസം ആഹ്ളാദപ്രകടനത്തിനിടെ തോറ്റസ്ഥാനാർത്ഥിയെ കളിയാക്കാൻ ആരെങ്കിലുമെത്താതിരിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അത് പ്രതീക്ഷിച്ചുതന്നെയാണ് ഞാനും അമ്മയുമൊക്കെ വീട്ടിൽ ഇരുന്നത്. വൈകിട്ട് ആറുമണിയോടെ ആഹ്ളാദ പ്രകടനം അവസാനിക്കുമെന്ന് അച്ഛൻ പറഞ്ഞു. ഏഴുമണിയോടടുത്തപ്പോൾ അച്ഛൻ പുറത്തേക്ക് പോവുകയും ചെയ്തു.
ഉടനെ ഒരു സംഘം മുദ്രാവാക്യവും തെറിവിളികളുമായി വീട്ടിലേക്കെത്തി. ഞാനും അമ്മയും ലൈറ്റുകൾ അണച്ച് വീടിനുള്ളിലിരുന്നു. പുറത്ത് പടക്കംപൊട്ടിക്കുകയും തെറിയഭിഷേകവുമായിരുന്നു. വരാന്തയിൽ കയറി കസേരകൊണ്ട് വാതിലിൽ അടിതുടങ്ങി. രക്ഷയില്ലാതെ ഞങ്ങൾ വാതിൽ തുറന്നു. അപ്പോഴേക്കും ബഹളംകൂട്ടിയിരുന്നവർ ഇരുളിലേക്ക് മറഞ്ഞു. കുറേസമയം കഴിഞ്ഞപ്പോൾ വീണ്ടുമെത്തി ആളുകൾ. മാലപ്പടക്കം കത്തിച്ച് വീടിന് നേരെ എറിഞ്ഞു. പുറത്ത് ഉണങ്ങാനിട്ട തുണികൾ കത്തിനശിച്ചു. ഈ സംഭവത്തിലാണ് അമ്മ പരാതിയുമായി ആദ്യം പൊലീസ് സ്റ്റേഷനിലെത്തുന്നത്.

പൊലീസ് എന്തു ചെയ്തു ?
പൊലീസിന് ഈ പരാതികൾ കേൾക്കാൻ താല്പര്യമേയില്ലെന്ന് അന്നുതന്നെ മനസ്സിലായി. ഒമ്പത് പരാതികൾ ഞാൻ തന്നെ കണ്ണപുരം പൊലീസിലും എസ്.പിക്കും ഡിവൈ.എസ്.പിക്കുമൊക്കെയായി നല്കിയിട്ടുണ്ട്. ഇതിൽ മൂന്നെണ്ണത്തിന് മാത്രമേ എഫ്.ഐ.ആർ ഇട്ടിട്ടുള്ളൂ. രാഷ്ട്രീയ ആക്രമണം മോഷണമായി കാണാനാണ് പൊലീസ് ശ്രമിച്ചത്. ദേശീയ വനിതാ കമ്മിഷനിൽ പരാതി നല്കിയിട്ടുണ്ട്. ഒരു തവണ മാത്രമാണ് വിളിപ്പിച്ചത്. സംസ്ഥാന വനിതാ കമ്മിഷനിൽ എനിക്കെതിരെയായിരുന്നു പരാതി.

സംസ്ഥാന വനിതാ കമ്മിഷനിലെ പരാതി?
ആദ്യം ഞാൻ തുറന്ന ക്ളിനിക് ഒരു കുടുംബശ്രീ വനിതാ ഹോട്ടലിന് മുകളിലാണ്. ആദ്യമൊക്കെ നല്ല പിന്തുണയുമായി എത്തിയ അവർ, അമ്മ സ്ഥാനാർത്ഥിയായതോടെ മട്ടുമാറി. ഷെയർ ചെയ്തിരുന്ന വൈദ്യുതി ബില്ല് ഒരു പ്രാവശ്യം അംഗീകരിക്കാൻ പറ്റാത്ത വിധത്തിൽ വർദ്ധിപ്പിച്ചു. പിന്നെ ഈ വിരോധത്തിൽ അവരുടെ ഹോട്ടലിൽ ‌ഞാൻ അക്രമം നടത്തിയതായുള്ള കുപ്രചരണങ്ങൾ. അവരുടെ ഹോട്ടലിനെതിരെ പ്രവർത്തിച്ചതിനായിരുന്നു പരാതി നല്കിയത്. എന്നാൽ കമ്മിഷൻ അവരുടെ പരാതി തള്ളി.

ആദ്യത്തെ ക്ളിനിക് പൂട്ടിയത് ?
അമ്മ മത്സരിച്ച വിരോധം പിന്നെ എനിക്കുനേരെയായിരുന്നു. ഞാൻ നടത്തുന്ന ക്ളിനിക്കിന്റെ ബോർഡുകൾ 15 തവണയാണ് നശിപ്പിക്കപ്പെട്ടത്. കല്യാശേരി പഞ്ചായത്തിനടുത്ത ക്ളിനിക്കിന് നേരെ നിരന്തരം അക്രമങ്ങളുണ്ടായി. ഒരു ദിവസം ക്ളിനിക്കിലെ മുഴുവൻ സാധനങ്ങളും എടുത്തുകൊണ്ടുപോകുന്ന സ്ഥിതി വന്നു. ബൾബുകൾ പോലും ഊരിക്കൊണ്ടുപോവുകയായിരുന്നു.
ക്ളിനിക്കിൽ മദ്യവും മയക്കുമരുന്നും സൂക്ഷിക്കുന്നതായി കള്ളം പ്രചരിപ്പിച്ചു. ക്ളിനിക്കിലേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുത്തി. ക്ളിനിക് അടച്ചുപൂട്ടിക്കാനുള്ള ശ്രമങ്ങൾ അനുദിനം ശക്തിപ്പെട്ടു. കോൺഗ്രസ് നേതാവ് കെ. സുധാകരൻ പലപ്പോഴായി ഇടപെട്ടിരുന്നു. മുന്നോട്ടുപോകാൻ കഴിയില്ലെന്നായപ്പോഴാണ് പൂട്ടേണ്ടിവന്നത്.

എത്ര നഷ്ടമുണ്ടായി ?
പഴയ ക്ളിനിക് പൂട്ടേണ്ടിവന്നത് വലിയ പ്രശ്നമാണുണ്ടാക്കിയത്. മൂന്നു ലക്ഷത്തോളം രൂപയുടെ മരുന്നാണ് സ്റ്റോക്ക് ചെയ്തിരുന്നത്. വായ്പവാങ്ങിയായിരുന്നു ഇത്. തുടക്കത്തിൽ നല്ലനിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്രയും മരുന്നുകൾ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങിച്ചത്. തിരിച്ചു നല്കാൻ കഴിയില്ല. നശിച്ചുപോവുകയേയുള്ളൂ. ക്ളീനിക്ക് പൂട്ടുന്നത് വായ്പയെ ബാധിക്കുമെന്നതിനാൽ പുറത്തെ ക്ളിനിക് പൂട്ടിയാലും വീടിനടുത്ത് ഒന്ന് തുറക്കണമെന്ന ചിന്തയുണ്ടായി . ഇതിനായി തറ കെട്ടിവച്ചിരുന്നു.
ഇതിനിടെ അക്രമ വാർത്തകൾ കണ്ട് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ സാർ വീട്ടിലെത്തി. ക്ളിനിക് പൂട്ടിയാൽ പിന്നെ എന്താണ് പുതിയ പരിപാടിയെന്ന് ചോദിച്ചപ്പോൾ വീടിനടുത്ത് ക്ളിനിക് കെട്ടുന്നതിനെ കുറിച്ച് പറഞ്ഞു. കോൺഗ്രസ് സഹായിക്കാൻ തയ്യാറായി. പുതിയ ക്ളിനിക് തുറന്നെങ്കിലും പിന്നെയും അക്രമങ്ങൾ തുടർന്നു. ബോർഡുകൾ എടുത്തുകൊണ്ടുപോവുകയും നശിപ്പിക്കലുമായിരുന്നു പ്രധാനം.

പൊലീസിൽ വിശ്വാസം നഷ്ടപ്പെട്ടോ‌?
ഓരോ തവണ അക്രമങ്ങളുണ്ടാകുമ്പോഴും പൊലീസിൽ പരാതി നല്കാറുണ്ട്. ഒരു തവണ അക്രമം കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്റെ ക്ളിനിക്കിന് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ചോദിക്കാനാണെന്നായിരുന്നു കരുതിയത്. എന്നാൽ അവിടെയെത്തിയപ്പോൾ എനിക്കെതിരായ കള്ളപരാതിയിൽ മദ്ധ്യസ്ഥ ചർച്ചയായിരുന്നു പൊലീസിന്റെ ഉദ്ദേശ്യം. കുടുംബശ്രീ ഹോട്ടലിന്റെ ടാർപായ കീറിയെന്നായിരുന്നു ആരോപണം. പൊലീസിന്റെ രീതി ഇങ്ങനെയായിരുന്നു. കണ്ണപുരം പൊലീസിന് പുറമെ ഡിവൈ.എസ്.പിക്കും എസ്.പിക്കുമെല്ലാം പരാതി നല്കിയപ്പോഴും നീതികേടായിരുന്നു കൂടുതലും.

ക്ളിനിക്കിന് പിന്നീട് സംഭവിച്ചത്?
വീടിനടുത്ത് ക്ളിനിക് തുറന്നെങ്കിലും സഹകരിക്കുന്നവരെയൊക്കെ പിന്തിരിപ്പിക്കാനാണ് എതിരാളികൾ ശ്രമിച്ചത്. ക്ളിനിക് ഉദ്ഘാടന ദിവസം പോലും ഇങ്ങോട്ടേക്ക് ആളുകൾ വരുന്നത് തടഞ്ഞു. ആയുർവേദ കോളേജിൽ കൂടെ പഠിച്ച ചില സുഹൃത്തുക്കൾ വന്നപ്പോൾ അവരെയും തടഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ വരുമ്പോൾ അവരുടെ കൂടെയാണിവർ പിന്നെ വീട്ടിലേക്ക് വന്നത്. ക്ളിനിക്കിലേക്ക് വരുന്നവരെയൊക്കെ ഭീഷണിപ്പെടുത്തി. ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുമെന്നൊക്കെയായിരുന്നു പറഞ്ഞിരുന്നത്. ഞാൻ ബി.എ.എം.എസ് പഠിച്ചിറങ്ങിയപ്പോൾ വലിയ ആശുപത്രികളിലൊന്നും ജോലി അന്വേഷിച്ചു പോയിട്ടില്ല. നാട്ടിൽ സ്വന്തമായൊരു ക്ളിനിക് മാത്രമായിരുന്നു മനസിൽ. അങ്ങിനെ ആഗ്രഹിച്ചാണ് ക്ളിനിക് തുറന്നത്. അമ്മ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എന്ന ഒറ്റക്കാരണം കൊണ്ട് ക്ളിനിക് ഇങ്ങനെയൊക്കെയായി. മാത്രമല്ല, ഇപ്പോൾ പലരുമെന്നെ നോക്കിക്കാണുന്നത് രാഷ്ട്രീയക്കാരിയായാണ്. ക്ളിനിക്കിന്റെ സ്ഥിതി ഇതായതോടെ ചില ആശുപത്രികളിൽ ജോലി അന്വേഷിച്ചിരുന്നു. അവിടെ എന്നെ നിർത്തുന്നതിന് അവർക്ക് വിരോധമൊന്നുമില്ല. പക്ഷെ, രാഷ്ട്രീയക്കാരെ ഭയന്ന് ജോലി തരാൻ തയ്യാറായില്ല. ഇതാണ് എവിടെയും ഇപ്പോഴത്തെ സ്ഥിതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ