എല്ലൊടിഞ്ഞ് കിടക്കുന്നു, 'ഗോദ്ധാരണ യന്ത്രങ്ങൾ'
May 14, 2018, 3:00 am
ഒ.സി.മോഹൻരാജ്
കണ്ണൂർ:എല്ലുകളുടെ ബലക്ഷയം മൂലം എവിടെയോ ഒരു പശു കിടപ്പിലായെന്നു കേട്ടതേയുള്ളൂ. അതാ എത്തി, കൗ ലിഫ്‌‌റ്റിംഗ് ഡിവൈസ് അഥവാ 'ഗോദ്ധാരണ യന്ത്രം'. എഴുന്നേൽക്കാനാവാത്ത ഏതു പശുവിനെയും ക്ഷണത്തിൽ തൂക്കിയെടുത്ത് നിറുത്തുന്ന അത്യാധുനിക സംവിധാനം.
ദീർഘവീക്ഷണമുള്ള മൃഗസംരക്ഷണ വകുപ്പ് അധികൃതർക്ക് കണ്ണൂരിൽ മാത്രമായിരുന്നില്ല ആശങ്ക. മറ്റിടങ്ങളിലും പശുക്കൾ കിടന്നുപോകരുതല്ലോ... എല്ലാ ജില്ലകളിലേക്കും പ്രധാന സബ് സെന്ററുകളിലേക്കുമെല്ലാം വാങ്ങി ഈ ഉയർത്തൽ യന്ത്രം. മൊത്തം ഇരുപതെണ്ണം. ഒന്നിന്റെ വില മൂന്ന് ലക്ഷം രൂപ.
പക്ഷേ കൃത്യമായി അറ്റകുറ്റപ്പണി ചെയ്‌യാത്തതിനാൽ ഇവ ദ്രവിച്ച് നശിക്കുകയാണ്. അറുപതു ലക്ഷം രൂപയാണ് വെള്ളത്തിലായത്.
രണ്ടു വർഷം മുമ്പാണ് കൗ ലിഫ്‌‌റ്റിംഗ് ഡിവൈസ് എല്ലായിടത്തും എത്തിച്ചത്. ഇപ്പോൾ യന്ത്റം തന്നെ എഴുന്നേൽക്കാത്ത പരുവത്തിലായി. എഴുന്നേറ്റാൽ തന്നെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീക്കാനും പ്രയാസം. മിക്ക ക്ഷീരകർഷകരുടെയും വീടുകൾ ഗ്രാമങ്ങളിലാണ്. ഇടുങ്ങിയ ഇടവഴിയിലൂടെയും മറ്റും യന്ത്രം കൊണ്ടുപോകാൻ പാട് തന്നെ.
ഓരോ സ്ഥലത്തും യന്ത്രം പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ഒരു അറ്റൻഡർക്ക് പരിശീലനം നൽകി. അവർ മറ്റു വകുപ്പുകളിലേക്ക് പോയതോടെയാണ് യന്ത്രങ്ങൾ തുരുമ്പിച്ച് നശിക്കാൻ തുടങ്ങിയത്. മിക്കതും ഓയിൽ ലീക്ക് മൂലവും മറ്റും ഉപയോഗശൂന്യമായി. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസുകളിലും സബ് സെന്ററുകളിലും ആർക്കും വേണ്ടാതെ കിടക്കുകയാണ്. യന്ത്രഭാഗങ്ങൾ ചാക്കുകളിൽ കെട്ടിവച്ചിരിക്കയാണ്. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്ന് 2016ൽ എത്തിച്ച ഇവയ്ക്ക് വില്പനാനന്തര സേവനം ലഭിച്ചതുമില്ല.

നോക്കാൻ ആളില്ല

കൗ ലിഫ്‌റ്റിംഗ് ഡിവൈസ് പ്രവർത്തിപ്പിക്കാൻ ആളില്ലെങ്കിൽ ഞങ്ങളെന്തു ചെയ്യാനാണെന്നാണ് വകുപ്പ് അധികൃതരുടെ ചോദ്യം. സംസ്ഥാനത്ത് 20 പേർക്ക് ഒരു മാസത്തെ പരിശീലനം നൽകിയിരുന്നു. അവരെ അധികകാലം അതതിടത്ത് കണ്ടിട്ടില്ല. ചിലർ സ്ഥലം മാറിപ്പോയി. വേറെ ചിലർ മറ്റു ഡിപ്പാർട്ട്മെന്റുകളിലേക്കും മാറി.

തുടക്കം ആസ്‌ട്രേലിയയിൽ
ഹൈഡ്രോളിക് ജാക്കിയുടെ സഹായത്താൽ കുഷൻ സിസ്റ്റത്തിലൂടെ പശുക്കളെ എടുയർത്തുന്ന കൗ ലിഫ്‌റ്റിംഗ് ഡിവൈസിന്റെ തുടക്കം ആസ്ട്രേലിയയിലാണ്. എല്ലു പൊട്ടിയോ, മറ്റോ എഴുന്നേൽക്കാത്ത പശുക്കളെ ഇത് ഉപയോഗിച്ച് എളുപ്പം എഴുന്നേല്പിച്ച് നിർത്താം.


caption
മൃഗസംരക്ഷണ വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസിലെ കൗ ലിഫ്‌റ്റിംഗ് ഡിവൈസ് ഉപയോഗശൂന്യമായ നിലയിൽ

( ഇന്നലെ ഫോട്ടോഗ്രാഫർ മിഥുൻ ചാത്തോത്ത് അയച്ചിട്ടുണ്ട്.)

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ