ഇരിട്ടി - വീരാജ്‌പേട്ട അന്തർസംസ്ഥാന പാത അടച്ചു, മാക്കൂട്ടത്തെ മലവെള്ളപ്പാച്ചിലിൽ ഒരു മരണം
June 14, 2018, 3:39 am
 ഉരുൾപൊട്ടൽ 12 ഇടങ്ങളിൽ
ഇരിട്ടി (കണ്ണൂർ): മാക്കൂട്ടം ബ്രഹ്മഗരി വനമേഖലയിൽ ഉരുൾപൊട്ടൽ പരമ്പരയ്ക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. ഏഴു വീടുകൾ നിശ്ശേഷം തകർന്നു. ഇരിട്ടി - വീരാജ്‌പേട്ട അന്തർസംസ്ഥാന പാതയിൽ മാക്കൂട്ടം ഭാഗത്ത് റോഡ് ഒലിച്ചുപോയതോടെ ഇതുവഴിയുള്ള വാഹനഗതഗതം നിലച്ചു. നൂറു കണക്കിന് ഏക്കർ കൃഷിയിടങ്ങളിൽ ചെളിയും വെള്ളവും നിറഞ്ഞ് വിളനാശവുമുണ്ടായി.
മലവെള്ളപ്പാച്ചലിൽ നിന്നു രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ ലോറി ക്ലീനറായ വിളമന കുന്നോത്ത് രാധയുടെ മകൻ ശരത്താണ് (27) മരിച്ചത്. വീരാജ്‌പേട്ടയിൽ ചെങ്കല്ലിറക്കി ഇരിട്ടിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം. മാക്കൂട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ മലവെളളം വന്നതോടെ ഓടി രക്ഷപ്പെടുന്നതിനിടയിൽ ഒഴുക്കിൽപെടുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ മാക്കൂട്ടത്തെ മെതിയടിപ്പാറയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇരിട്ടിയിലേക്ക് എത്തിക്കാൻ കഴിയാഞ്ഞതിനാൽ വീരാജ്‌പേട്ടയിലെ മോർച്ചറിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി വൈകി മാക്കൂട്ടം വനത്തിലെ പന്ത്റണ്ടു ഇടങ്ങളിലാണ് കനത്ത മഴയ്‌ക്കിടെ ഉരുൾപൊട്ടലുണ്ടായത്. ബാരാപോൾ പുഴ നിറഞ്ഞുകവിയുമ്പോഴേക്കും ഇരുകരകളിലുമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. മലവെള്ളപ്പാച്ചിലിൽ ഒരു ആദിവാസിയുടെ വീട് ഒഴുകിപ്പോയി. വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് 32 പേരെ കച്ചേരിക്കടവ് സെന്റ് ജോർജ് എൽ.പി സ്‌കൂളിലേക്ക് മാറ്റി.
ബാരാപോൾ മിനി ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം നിറുത്തിവെച്ചു. നൂറു കണക്കിന് മരങ്ങൾ വീണും മൺകൂനകൾ നിറഞ്ഞും റോഡുകളിലുണ്ടായ തടസ്സം നീക്കാൻ ജില്ലാ ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
വീട് വിട്ട് ഓടിയവർക്ക് എല്ലാം നഷ്ടപ്പെട്ടു. ഒട്ടനവധി നാൽകാലികളും കോഴികളും മുങ്ങിച്ചത്തു. മാക്കൂട്ടം, പേരട്ട, കൂട്ടുപുഴ, കച്ചേരിക്കടവ്, മുടക്കയം ഭാഗങ്ങളിലാണ് വ്യാപകമായ നാശനഷ്ടം നേരിട്ടത്.
മാക്കൂട്ടം ചുരം റോഡിൽ വനമേഖലയിൽ കുടുങ്ങിപ്പോയ കുട്ടികൾ ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് സാഹസികമായാണ് സുരക്ഷിതകേന്ദ്രങ്ങളിൽ എത്തിച്ചത്. പതിനഞ്ചോളം ബസ്സുകളടക്കം നിരവധി ചെറുവാഹനങ്ങൾ ചുരം റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ