റെയിൽവേ സ്വകാര്യവത്കരണം, ട്രാക്ക് പരിശോധനയും സ്വകാര്യന്മാർ നോക്കും
August 9, 2018, 12:54 am
ഒ.സി.മോഹൻരാജ്
കണ്ണൂർ: അത്യന്തം സൂക്ഷ്മതയോടെ ചെയ്യേണ്ട റെയിൽവേയുടെ ട്രാക്ക് പരിശോധന സ്വകാര്യ ഏജൻസികൾക്ക് പൂ‌ർണമായും കൈമാറാൻ ഒരുങ്ങുന്നു.
പരീക്ഷണാടിസ്ഥാനത്തിൽ തൃശൂർ, ചാലക്കുടി, ആലപ്പുഴ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ ട്രാക്ക്പരിശോധന ഈ വർഷം അവസാനത്തോടെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. എന്നാൽ റെയിൽവേയിലെ തന്ത്രപ്രധാന ജോലികൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് വിവിധ ട്രേ‌ഡ് യൂണിയനുകളുടെ തീരുമാനം. സ്വകാര്യവത്കരണത്തിനെതിരെ ശക്തമായി രംഗത്ത് വന്ന ചില ട്രേഡ് യൂണിയൻ നേതാക്കളെ സ്ഥലം മാറ്റിയിട്ടുണ്ട്.

റെയിൽവേയുടെ മാന്വലിൽ നിന്നു വ്യത്യസ്തമായാണ് ഈ നീക്കമെന്ന് തൊഴിലാളികൾ പറയുന്നു. രാത്രികാലങ്ങളിലാണ് ട്രാക്ക് പരിശോധന കൂടുതൽ കാര്യക്ഷമമാക്കേണ്ടത്. ട്രാക്കിൽ വിള്ളലോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കണം .ഇതെല്ലാം പരീശീലനം ലഭിച്ച വിദഗ്ദ്ധ തൊഴിലാളികളാണ് ചെയ്യേണ്ടത്.

സ്റ്റേഷനുകളിൽ തർക്കം
രാത്രികാല മൺസൂൺ പട്രോളിംഗ് കരാർ തൊഴിലാളികളെ ഏല്പിച്ചതിനെ ചൊല്ലി വിവിധ സ്റ്റേഷനുകളിൽ വടംവലിയും രൂക്ഷമാണ്. ട്രാക്കിലെ അറ്റകുറ്റപ്പണികൾ കാരണം ട്രെയിനുകൾ അനിശ്ചിതമായി വൈകുന്നതും പതിവായിരിക്കുകയാണ്.
ശക്തമായ മഴയെ തുടർന്ന് രണ്ടാഴ്ചയായി ജനശതാബ്ദി എക്സ്‌പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ വൈകിയോടുകയാണ്. റെയിൽവേയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വരുത്തി ബോധപൂർവം സ്വകാര്യമേഖലയ്ക്ക് പൂർണമായും കൈമാറാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും ജീവനക്കാർ പറയുന്നു.

സ്ഥിരം തൊഴിലാളികൾ കുറഞ്ഞു
സ്വകാര്യവത്കരണത്തെ തുടർന്ന് റെയിൽവേയിൽ സ്ഥിരം തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. നേരത്തേ 18 ലക്ഷത്തോളം സ്ഥിരം തൊഴിലാളികളുള്ള സ്ഥാനത്ത് ഇപ്പോൾ 13 ലക്ഷം തൊഴിലാളികളാണുള്ളത്. വിരമിക്കുന്നവർക്ക് പകരം പുതിയ നിയമനമുണ്ടാകുന്നില്ലെന്ന് മാത്രമല്ല, വിരമിച്ചവർക്കുതന്നെ തുടർനിയമനവും നൽകി വരികയാണ്. ഓരോ വർഷവും 30,000 ജീവനക്കാരാണ് വിരമിക്കുന്നത്. ലോക്കോ പൈലറ്റുമാരുടെ ഇരുപതിനായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും നിയമനം നടന്നില്ല.

സ്വകാര്യ ഏജൻസികളുടെ ജോലി
റെയിൽവേയിലെ ശുചീകരണം മുതൽ ടിക്കറ്റ് പരിശോധന വരെ പൂർണമായും സ്വകാര്യ ഏജൻസികൾക്ക് കൈമാറി. പാർസൽ, ലോഡിംഗ്, ബോക്സ് ലോഡിംഗ്, കോച്ച് ക്ളീനിംഗ്, കോച്ച് മെയിന്റനൻസ് എന്നിവയെല്ലാം സ്വകാര്യ ഏജൻസികളാണ് നിർവഹിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ