സുലിൽ വധം: ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിൽ
August 1, 2017, 1:16 am
സ്വന്തം ലേഖകൻ
മാനന്തവാടി: ആറ്റിങ്ങൽ അവനവഞ്ചേരി തച്ചർകുന്ന് എസ്.എൽ മന്ദിരത്തിൽ സുലിലിന്റെ (30) കൊലപാതകവുമായി ബന്ധപ്പെട്ട് ഭർതൃമതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുലിൽ കൊയിലേരിയിൽ താമസിച്ചു വന്നിരുന്ന വീടിന്റെ ഉടമസ്ഥ റിച്ചാർഡ് ഗാർഡനിലെ ബിനി മധുവാണ് (37) അറസ്റ്റിലായത്. മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ പി.കെ. മണിയാണ് കഴിഞ്ഞ ദിവസം രാത്രി ബിനിയെ അറസ്റ്റ് ചെയ്തത്.
സഹോദരനെന്ന വ്യാജേന സുലിലിനെ കൂടെ താമസിപ്പിച്ച ബിനി ഇയാളിൽ നിന്ന് ലക്ഷങ്ങൾ കൈവശപ്പെടുത്തി. പിന്നീട് പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സുലിലിന്റെ സ്വത്ത് വിറ്റ് കിട്ടിയ പണമാണ് കൈവശപ്പെടുത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കൊയിലേരി ഉൗർപ്പള്ളി സ്വദേശികളായ മണിയാറ്റിങ്കൽ പ്രശാന്ത് (36), വേലിക്കോത്ത് കുഞ്ഞിമാളു (38), പൊയിൽകോളനിയിൽ കാവലൻ(52) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2016 സെപ്തംബർ 26നാണ് ഉൗർപ്പള്ളിയിൽ കബനിപ്പുഴയോരത്ത് സുലിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയത്.
സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തതായി സഹോദരൻ സംഭവ ദിവസം തന്നെ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ സുലിലിന്റെയും യുവതിയുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചിരുന്നു.
സുലിൽ മരിച്ച ദിവസം യുവതി ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ നീക്കം ചെയ്തതും സംശയം ജനിപ്പിച്ചു. കൂടാതെ പ്രദേശവാസികൾ ഒന്നടങ്കം യുവതിക്കെതിരെ ആരോപണവുമായി രംഗത്ത് വരികയും ചെയ്തു. ബിനി നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ കുഞ്ഞിമാളു മൊഴി നൽകിയതായാണ് വിവരം. ബിനിയുടെ വീട്ടു ജോലിക്കാരിയാണ് ഇവർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ