കാമറയുമായി 'സഞ്ചരിക്കുന്നു' വിശ്വസഞ്ചാരിയുടെ പേരക്കുട്ടി
August 6, 2017, 12:08 am
വി. ശ്രീലക്ഷ്മി
കോഴിക്കോട്: ലോക വിസ്മയങ്ങൾ അക്ഷരച്ചെപ്പുകളിലാക്കി വായനക്കാർക്ക് സമ്മാനിച്ച വിശ്വസഞ്ചാരിയുടെ പേരക്കുട്ടിയും മുത്തച്ഛന്റെ വഴിയേ. അക്ഷരങ്ങൾക്ക് പകരം യാത്രാ ചിത്രങ്ങളാണ് എസ്.കെ. പൊറ്റക്കാടിന്റെ കൊച്ചുമകൾ നീതു അമിത്ത് സഹൃദയലോകത്തിന് സമ്മാനിക്കുന്നത്. യാത്രക്കിടയിലെ ദൃശ്യങ്ങൾ കാമറയിൽ ഒപ്പിയെടുക്കുന്നതിൽ എസ്.കെയും മോശക്കാരനായിരുന്നില്ലല്ലോ. മാമിയ 6 കാമറയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെങ്കിൽ കാനെൻ ഡിയിലാണ് കൊച്ചുമകൾ യാത്രാ ദൃശ്യങ്ങൾ പകർത്തുന്നത്.

മകൾക്ക് ഫോട്ടോഗ്രാഫിയിൽ താത്പര്യം വന്നത് യാത്രകൾക്കിടയിലാണെന്ന് എസ്.കെ.യുടെ മകൾ സുമിത്ര ജയപ്രകാശ് പറയുന്നു. '' ചെറുപ്പത്തിലേ ഫോട്ടോഗ്രാഫിയിൽ താത്പര്യം ഉണ്ടായിരുന്നു. പക്ഷി പ്രേമിയായതിനാൽ ആകാശത്തേക്കാണ് കൂടുതൽ നേരവും ഇവൾ കാമറ സൂം ചെയ്യുന്നതെന്ന് മാത്രം...'' പക്ഷികൾ മാത്രമല്ല, മനുഷ്യരും പ്രകൃതിയുമൊക്കെ തനിക്കിഷ്ടമാണെന്ന് നീതു. കുഞ്ഞുണ്ടായതിന് ശേഷമാണ് ഫോട്ടോഗ്രാഫിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. മൂന്നര പതിറ്റാണ്ടിന് ശേഷവും അച്ഛനെക്കുറിച്ചുള്ള ഓർമ്മത്തിളക്കത്തിന് മങ്ങലേറ്റിട്ടില്ല സുമിത്രയ്ക്ക്. മോഡേൺ ബേക്കറിയിലെ മാധവേട്ടനും കെ.പി.സുധീറുമെല്ലാം ഇന്നലെകളിൽനിന്ന് ഇറങ്ങിവരികയാണ് ഈ മകളുടെ മനസ്സിലേക്ക്.

''ചെറുപ്പത്തിൽ ടോണി എന്ന നായ്ക്കുട്ടിയെ അടിച്ചോടിക്കാൻ ശ്രമിച്ചതിന് ഞങ്ങൾ മക്കൾ നാലുപേരെയും കേന്ദ്രീകരിച്ച് അച്ഛൻ വധശിക്ഷ എന്ന പേരിൽ ചെറുകഥ എഴുതിയിട്ടുണ്ട്. ഓരാ മുടി നരയ്ക്കുമ്പോഴും ആ മുടിക്ക് പല പല പേരുകൾ ഇട്ട് വിളിക്കുമായിരുന്നു അച്ഛൻ... ഉറുമ്പ് മുട്ടയിടുന്ന പോലെ എഴുതരുതെന്നായിരുന്നു കൈയക്ഷരം മോശമായതിന് ഒരിക്കൽ പറഞ്ഞത്. മലയാള സാഹിത്യ സമാജത്തിന്റെ ഒരുവേദിയിൽ അച്ഛനോടൊപ്പം പ്രസംഗിക്കാനും എനിക്കവസരമുണ്ടായി.'' പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാതെ ഓർമ്മയുടെ കൈവഴികളിലൂടെ സുമിത്ര നടന്നുനീങ്ങുമ്പോൾ നീതുവിന്റെ കാമറാക്കണ്ണുകൾ ഇടക്കിടെ മിന്നുന്നുണ്ടായിരുന്നു. ഇന്ന് വൈകിട്ട് എസ്. കെ പാർക്കിൽ നടക്കുന്ന എസ്.കെ. അനുസ്മരണ പരിപാടി ഡോ.എം.എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്യും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ