ഈ വീട്ടിലുണ്ട് രേഖകളിലില്ലാത്ത മൂന്നു പെൺജീവനുകൾ
August 14, 2017, 12:37 am
ബാലകൃഷ്ണൻ വെളളികുളങ്ങര
വടകര: റേഷൻ കാർഡില്ല. വോട്ടർ കാർഡില്ല . ആധാർ കാർഡില്ല. പെൻഷനില്ല. വൈദ്യുതിയും വെള്ളവുമില്ല. വീട്ടിലേക്ക് കടന്നുചെല്ലാൻ ചവിട്ടുവഴി പോലുമില്ല. മൂന്നു ജീവനുകൾ പുലരുന്ന വീടാണിത്. മൂന്നു പേർക്കും എഴുതാനും വായിക്കാനുമറിയില്ല.
ഏറാമല പഞ്ചായത്തിലെ 13ാം വാഡിലെ തുണ്ട്യന്റവിട കുഞ്ഞയിശ (75), മകൾ ഷരീഫ (33), ഷരീഫയുടെ മകൾ മുഫിദ(14). സ്കൂളിന്റെ പടി കയറിയിട്ടില്ല ഇവരാരും. ആൺതുണയില്ലാത്ത വീട്ടിൽ തീർത്തും ഒറ്റപ്പെട്ട ജീവിതം. ഒരു നേരത്തെ ഭക്ഷണത്തിനുള്ള തൊഴിലും ഇവർക്കില്ല. വർഷങ്ങൾക്കുമുമ്പ് മഹല്ല് കമ്മിറ്റി ഉണ്ടാക്കിക്കൊടുത്ത വീട്‌ ജീർണിച്ചു. പതിനാലുകാരിക്കെങ്കിലും വിദ്യാഭ്യാസം നല്കാൻ മഹല്ല് കമ്മിറ്റിയും സാമൂഹ്യസംഘടനകളും നാട്ടുകാരും ആവോളം ശ്രമിച്ചു. ഫലമുണ്ടായില്ല. സാമൂഹ്യ ക്ഷേമവകുപ്പ് പോലുള്ള സർക്കാർ ഏജൻസികൾ ഇടപെട്ടാലെങ്കിലും കുട്ടിയെ സ്കൂളിൽ അയക്കുമോ എന്നാണ് മഹല്ല് കമ്മിറ്റി സെക്രട്ടറി ഗഫൂറും പഞ്ചായത്ത് മെമ്പർ സി.ടി കുമാരനും ചോദിക്കുന്നത്.
കുഞ്ഞയിശഉമ്മ വിധവയാണ്. ഗർഭിണിയായിരിക്കെ മകൾ വിവാഹബന്ധം വേർപെടുത്തി. പക്ഷേ,
രണ്ട് പേർക്കും ക്ഷേമപെൻഷനുമില്ല. റേഷൻ കാർഡടക്കം മുമ്പ് ചില രേഖകളൊക്കെ ഉണ്ടായിരുന്നുവത്രെ. അതൊക്കെ എന്തു ചെയ്തു എന്ന് ചോദിച്ചാൽ, എല്ലാം നഷ്ടപ്പെട്ടുവെന്ന് ഉത്തരം. പിന്നെ മാനത്തുനോക്കി ഒരു നില്പാണ് കുഞ്ഞയിശ. വീടിന്റെ നമ്പർ 13ൽ 104 ആണെന്ന് കാണിക്കുന്ന പ്ലാസ്റ്റിക്ക് തകിട് മാത്രമാണ് കൈയിലുള്ളത്. അതും ചുമരിൽ നിന്ന് പറിച്ചെടുത്ത് സൂക്ഷിച്ചത്.
കുട്ടിയെ സ്കൂളിലയപ്പിക്കാൻ നാട്ടിലെ ചില സംഘടനകൾ പണിപ്പെട്ടിട്ടും നടക്കാതായതോടെ പൊലീസിന്റെ സഹായം തേടി. എടച്ചേരി സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയെങ്കിലും രക്ഷയുണ്ടായില്ല. അവരെ വഴക്കുപറഞ്ഞ് വിട്ടു.
മഹല്ല് കമ്മിറ്രിയും പരിസരത്തെ ചിലരും ഭക്ഷണാവശ്യത്തിനായി കടകളിൽ പറ്റുപടിക്ക് ഏർപ്പെടുത്തിയെങ്കിലും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. അതിനും ആരെങ്കിലും കനിയണം. പഴകിദ്രവിച്ച വീട്ടിന് മുന്നിലായി കിണറിനോട് ചേർന്ന് വാതിലില്ലാത്ത കുളിമുറിയും ശുചിമുറിയും. ഇവർ വെള്ളമെടുക്കുന്ന കിണറ്റിൽ കഴിഞ്ഞ ദിവസം ഒരു പോത്ത് വീണു. അതോടെ കിണർ‌വെള്ളവും മലിനമായി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ