Tuesday, 22 August 2017 10.10 PM IST
ആ ദുരന്തം ഇവിടെയും ആവർത്തിക്കുമോ?42 കിഡ്നി രോഗികൾക്ക് ഡയാലിസിസ് നിലയ്ക്കും
August 13, 2017, 12:05 am
സ്വന്തം ലേഖകൻ
ഇ.എസ്.ഐ കോർപറേഷൻ ഒരാശുപത്രിക്ക് മാത്രം നൽകാനുള്ളത് 5 കോടി രൂപ
ചികിത്സ നൽകില്ലെന്ന് രോഗികൾക്ക് ആശുപത്രി നോട്ടീസ് നൽകി

കോഴിക്കോട്: 66 ലക്ഷം രൂപ കുടിശിക കിട്ടാത്തതിനെ തുടർന്ന് ആശുപത്രിയിലേക്കുള്ള ഓക്സിജൻ സപ്ലൈ നിറുത്തുകയും 30 കുട്ടികൾ ശ്വാസംമുട്ടി മരിക്കുകയും ചെയ്ത യു.പി സംഭവം ഇവിടെയും മറ്റൊരു രൂപത്തിൽ ആവർത്തിച്ചാൽ അതിശയിക്കേണ്ട. ഇ.എസ്.ഐ കോർപറേഷനിൽ നിന്ന് അഞ്ച് കോടിയിലേറെ രൂപ കുടിശികയായ സാഹചര്യത്തിൽ 15 മുതൽ ചില സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ ചികിത്സ നിറുത്താനിരിക്കുകയാണ്. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യേണ്ട 42 രോഗികൾക്ക് ഒരാശുപത്രിയിൽ നിന്ന് ഇപ്രകാരം നോട്ടീസ് ലഭിച്ചു കഴിഞ്ഞു. ഇവരെല്ലാം ഇ.എസ്.ഐ പരിധിയിൽ വരുന്ന രോഗികളാണ്. ഇപ്പോൾ ഒന്നര വർഷത്തെ തുകയാണ് കുടിശികയായത്. ചികിത്സ നിഷേധിക്കാൻ തങ്ങൾ നിർബന്ധിതരാവുമെന്ന് കാട്ടി ഇ.എസ്.ഐ കോർപറേഷന്റെ തൃശൂരിലുള്ള ചീഫ് മെഡിക്കൽ കമ്മിഷണർക്ക് ആശുപത്രികൾ നോട്ടീസ് നൽകിയിട്ടും മറുപടി പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് രോഗികൾക്ക് നേരിട്ട് നോട്ടീസ് നൽകിയത്.
ഒറ്റത്തവണ ഡയാലിസിസ് മുടങ്ങിയാൽത്തന്നെ അനുബന്ധ പ്രശ്നങ്ങളാൽ മരണം പോലും സംഭവിക്കാവുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഇ.എസ്.ഐ ആനുകൂല്യമുള്ള രോഗികൾ ഡയാലിസിസിന് സ്വകാര്യമേഖലയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളെയാണ് സമീപിക്കുന്നത്. ഒരു ഡയാലിസിസിന് 1610 രൂപയാണ് ഇ.എസ്.ഐ കോർപറേഷൻ ആശുപത്രികൾക്ക് നൽകുക. ഇങ്ങനെ ആഴ്ചയിൽ മൂന്നെണ്ണം വീതം ചെയ്യേണ്ട രോഗികളുടെ ഒന്നര വർഷത്തെ തുകയാണ് കുടിശികയായത്. പകുതി തുകയെങ്കിലും ഉടൻ നൽകിയില്ലെങ്കിൽ ചികിത്സ നൽകില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ആശുപത്രി അധികൃതർ.
ഇതിനു മുമ്പും തുക കുടിശികയായിരുന്നു. ചികിത്സ നിഷേധിക്കുമെന്ന ഘട്ടം വന്നപ്പോൾ ഇ.എസ്.ഐ കിഡ്നി പേഷ്യന്റ് വെൽഫെയർ അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ജനസമ്പർക്ക പരിപാടിയിൽ നിവേദനം നൽകിയിരുന്നു. ഹൈക്കോടതിയെ സമീപിച്ച് ചികിത്സ നിഷേധിക്കുന്നതിനെതിരെ സ്റ്റേ നേടുകയും ചെയ്തു. അങ്ങനെ ചികിത്സാ നിഷേധം ഒഴിവായിക്കിട്ടി.
അന്ന് ഇ.എസ്.ഐ കോർപറേഷൻ കുടിശിക തുകയിൽ അല്പം അടയ്ക്കാൻ തയ്യാറായിരുന്നു.

 ഇപ്പോഴത്തെ ചികിത്സാ രീതി

കിഡ്നി രോഗികൾ ഓരോ മാസവും അടുത്തുള്ള ഇ.എസ്.ഐ ഡിസ്പെൻസറിയിൽ പരിശോധനയ്ക്ക് പോവുക
 ഡയാലിസിസ് ചെയ്യേണ്ടതാണെന്ന് കാണിച്ച് അവിടെ നിന്ന് റഫറൻസ് വാങ്ങുക
അതുമായി ഇ.എസ്.ഐ സൂപ്രണ്ടിന്റെ അനുവാദം തേടുക
 തുടർന്ന് ഇ.എസ്.ഐ അംഗീകാരമുള്ള സൂപ്പർ സ്പെഷ്യാലിറ്റിയിൽ ചെന്ന് ഒഴിവുള്ള തീയതിയും സമയവും വാങ്ങുക
ചെലവായ തുക ആശുപത്രിക്ക് നൽകേണ്ടത് ഇ.എസ്.ഐ കോർപറേഷന്റെ ചീഫ് മെഡിക്കൽ കമ്മിഷണർ
 കോഴിക്കോട്ടെ ഒരാശുപത്രിക്ക് ഇങ്ങനെ നൽകേണ്ട തുകയാണ് അഞ്ച് കോടിയിൽ എത്തി നിൽക്കുന്നത്. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ