കോഴിക്കോട് -ബംഗളൂരു കെ.എസ്.ആർ.ടി.സി ബസിൽ കൊള്ള; പണവും ആഭരണവും കവർന്നു
September 1, 2017, 12:10 am
കവർച്ച കർണാടകത്തിലെ ചന്നപട്ണയിൽ ഇന്നലെ പുലർച്ചെ

കോഴിക്കോട്: കോഴിക്കോട്ട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരെ കർണാടകത്തിൽ വച്ച് നാലംഗ മുഖംമൂടി സംഘം അരിവാൾകാട്ടി ഭീഷണിപ്പെടുത്തി പണവും ആഭരണവും കൊള്ളയടിച്ചു.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് പോയ ബസ് ഇന്നലെ പുലർച്ചെ 2.45ന് മാണ്ഡ്യക്കും ബംഗളൂരുവിനും നടുവിലുള്ള ചന്നപട്ണ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് സംഭവം. ബസിൽ 27 യാത്രക്കാരുണ്ടായിരുന്നു. മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. മൂത്രമൊഴിക്കണമെന്ന ഒരു യാത്രക്കാരന്റെ ആവശ്യത്തെ തുടർന്ന് ബസ് പെട്രോൾ പമ്പിനോട് ചേർത്ത് നിറുത്തിയപ്പോൾ അക്രമികൾ ബസിൽ കയറി കവർച്ച നടത്തുകയായിരുന്നു.
കുറ്റ്യാടി സ്വദേശിയുടെ 2,000 രൂപയും രണ്ടു സ്ത്രീകളുടെ മൂന്നര പവനോളം സ്വർണവും അക്രമികൾ തട്ടിപ്പറിച്ചു. സ്‌ത്രീകളുടെ കഴുത്തിൽ അരിവാൾ വച്ച് ഭീഷണിപ്പെടുത്തിയാണ് സ്വർണം തട്ടിയെടുത്തത്. ഈ സമയം മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നു. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന യാത്രക്കാരനിൽ നിന്നാണ് 2000 രൂപ തട്ടിയെടുത്തത്. അക്രമികൾ ഇറങ്ങിയതോടെ ഡ്രൈവർ ബസ് ചന്നപട്ണ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇവരെ മറ്റു ബസുകളിൽ ബംഗളൂരുവിൽ എത്തിച്ചു. ബംഗളൂരു - മൈസൂരു സംസ്ഥാന പാതയിൽ ബംഗളൂരുവിൽനിന്ന് 60 കിലോമീറ്റർ അകലെയാണ് ചന്നപട്ട്‌ണ.
സംഭവത്തിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരള - കർണാടക അതിർത്തിയിൽ മുൻകരുതലുകളെടുക്കണം. അന്തർസംസ്ഥാന പാതയിൽ കേരള പൊലീസും ജാഗ്രത പുലർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്നതിനെ പറ്റി ഡി.ജി.പി ലോക് നാഥ് ബെഹ്‌റ കർണാടക ഡി.ജി.പിയുമായി ചർച്ച നടത്തി. കൊള്ളയടിക്കപ്പെട്ടവർക്ക് സഹായം നൽകണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ