ദാ, ഇവിടെയുണ്ട് കുഞ്ഞ്ലോകസുന്ദരിമാർ !
September 10, 2017, 12:03 am
പി.സി. ഹരീഷ്
കോഴിക്കോട്: ഐശ്വര്യ റായിയെയും സുസ്മിതാ സെന്നിനെയും പ്രിയങ്കാ ചോപ്രയെയും പോലെ ഒരു ലോകസുന്ദരിയെ മലയാളക്കര കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. മുന്നിൽ ചിരിതൂകി നിൽക്കുന്ന നാല് കുഞ്ഞുസുന്ദരിമാരെ നോക്കി നിങ്ങളിലാർക്കാവും ആ ഭാഗ്യമെന്ന് ചോദിച്ചാൽ ആമിയും നിഹാരികയും ബിയാങ്കയും ഋത്വികയും പരസ്പരം നോക്കും. പിന്നെ ചിരിക്കും. ആ ചിരിയിലൊരു സസ്പെൻസ് അവർ ഒളിച്ചുവച്ചിട്ടുണ്ട്. ഇവരിലാർക്കുമാകാം ആ ഭാഗ്യം.
തായ്ലാൻഡിൽ നടന്ന അന്താരാഷ്ട്ര പ്രിൻസ് ആൻഡ് പ്രിൻസസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കോഴിക്കോട്ട് നിന്ന് പങ്കെടുത്ത ഈ നാല് മിടുക്കികളാണ് വിവിധ വിഭാഗങ്ങളിൽ കിരീടമണിഞ്ഞത്. ബെസ്റ്റ് ഡാൻസർ‌ വിഭാഗത്തിൽ സെന്റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസുകാരി കെ.പി. ആമി, ചാമിംഗ് പ്രിൻസസ് ഇന്റർ‌നാഷണൽ വിഭാഗത്തിൽ അതേ സ്കൂളിലെ നാലാം ക്ലാസുകാരി എൻ.ജെ. നിഹാരിക, സ്മാർട്ട് ഇന്റർനാഷണൽ വിഭാഗത്തിൽ അതേ സ്കൂളിലെ തന്നെ യു.കെ.ജിക്കാരി ബിയാങ്ക ഫിയോണ മെൻഡോസ, പ്രിൻസസ് ബട്ടർഫ്ളൈ ഇന്റർനാഷണൽ വിഭാഗത്തിൽ സിൽവർഹിൽസ് പബ്ളിക് സ്കൂളിലെ മൂന്നാം ക്ലാസുകാരി ബി. ഋത്വിക.
ലോകസൗന്ദര്യമത്സരങ്ങളിലെ ഒഫിഷ്യൽ ഗ്രൂമറും ലോകപ്രശസ്ത ഫാഷൻ കൊറിയോഗ്രാഫറുമായ കോഴിക്കോട്ടുകാരൻ അരുൺരത്നയുടെ പരിശീലനത്തിലാണ് ഈ നാലുപേരും റാമ്പിൽ ചുവടുവച്ചത്. നാഷണൽ കോസ്റ്റ്യൂം, നൃത്തം, സംഗീതം, സംഭാഷണ ചാതുരി എന്നിവയുൾപ്പെട്ട ടാലന്റ് സെക്‌ഷൻ, ഗൗൺ റാമ്പ് വാക്ക് എന്നീ റൗണ്ടുകളിൽ ഈ കുട്ടികൾ മറ്റു രാജ്യങ്ങളിൽനിന്നെത്തിയ 30 മത്സരാർത്ഥികളെ പിന്തള്ളിയാണ് കിരീടമണി‌ഞ്ഞത്. കോഴിക്കോട്ടും ദുബായിലും ഫാഷൻ റൺവേ എന്ന മോഡലിംഗ്, ഇവന്റ് ഓർ‌ഗനൈസിംഗ് സ്ഥാപനം നടത്തിവരുന്ന അരുൺരത്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 300 കുട്ടികളെ ഫാഷൻ മോഡലിംഗിൽ പരിശീലിപ്പിക്കുന്നുണ്ട്.
''ഫാഷൻ മോഡലിംഗ് രംഗത്തേക്ക് കേരളത്തിൽ നിന്ന് കുട്ടികൾ കടന്നുവരാൻ തുടങ്ങിയിട്ടുണ്ടെങ്കിലും അമേരിക്കയിലെയും യൂറോപ്പിലെയും പോലെ അത്ര വ്യാപകമായ ഒരു ക്രേസ് ഇവിടെ വന്നിട്ടില്ല. സൗന്ദര്യം മാത്രമല്ല, പ്രകടനാത്മകതയും വ്യക്തിത്വവും സർഗാത്മകതയുമൊക്കെ വളർത്തിയെടുക്കാൻ അവർ കുട്ടികൾക്ക് നിരന്തര പരിശീലനം നൽകുന്നു. മത്സരവേദികളിൽ അതാവശ്യവുമാണ്. നമ്മുടെ നാട്ടിലാകട്ടെ, രൂപഭംഗിയുടെ മാത്രം അടിസ്ഥാനത്തിൽ മാത്രമാണ് കുട്ടികളെ മോഡലിംഗ് രംഗത്തേക്ക് കൊണ്ടുവരുന്നത്. അതവരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ്. '' അരുൺ രത്ന പറഞ്ഞു. '' ടിവി ഷോകളിലും മോഡലിംഗ് രംഗത്തുമൊക്കെ ഇപ്പോൾ കുട്ടികൾക്ക് ഇഷ്ടംപോലെ അവസരങ്ങളാണുള്ളത്. പക്ഷേ, അവിടെയൊക്കെ വിജയിക്കാൻ സൗന്ദര്യം മാത്രം പോരാ. ഇത്തരം മത്സരങ്ങൾ കുട്ടികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കും. മുതിർന്ന മത്സരാർത്ഥികളെ പരിശീലിപ്പിക്കുന്നതിനെക്കാൾ എളുപ്പമാണ് കുട്ടികളെ പരിശീലിപ്പിക്കാൻ. അവർക്കും അതൊരു രസമാണ്.''
ഭാവിയിലും മകൾ ഇതേ പോലുള്ള മത്സരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ആമിയുടെ പിതാവും ബെസ്റ്റ് ഇന്റർനാഷണൽ ഡാൻസ് പുരസ്കാരജേതാവുമായ പി.കെ. പ്രഭാകരൻ പറഞ്ഞു. ഇത്തരം മത്സരങ്ങൾ കുട്ടികളുടെ ആത്മവിശ്വാസം വളർത്തുമെന്നാണ് ഋത്വികയുടെ പിതാവ് ഡോ. ബിജുമോൻ പറയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ