ദിലീപിന് വേണ്ടി ജയിലിലേക്കുള്ള തീർത്ഥയാത്രയിൽ അത്ഭുതമില്ല: ദീദി ദാമോദരൻ
September 10, 2017, 12:30 am
കോഴിക്കോട്: ദിലീപിന് പിന്തുണയുമായി ജയിലിൽ സന്ദർശനം നടത്തുന്നവരെ വിമർശിച്ച് തിരക്കഥാകൃത്തും വിമൻ കളക്ടീവ് ഇൻ സിനിമാ ഭാരവാഹിയുമായ ദീദി ദാമോദരൻ രംഗത്ത്. സിനിമാക്കാരുടെ കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് ദീദി ദോമാദരൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അവൾക്കൊപ്പം എന്ന പേരിലെഴുതിയ കുറിപ്പിൽ നിന്നും: കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അതു തന്നെയാണവർ പിന്നിട്ട 89 വർഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. അത് നിർവ്വഹിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു സ്ത്രീകൾക്ക്. ഇപ്പോഴുണ്ടായ വ്യത്യാസം ചരിത്രപരമാണ്. അത് ആക്രമിക്കപ്പെട്ട പെൺകുട്ടി പരാതിപ്പെട്ടു എന്നതാണ്. അവൾക്കൊപ്പം നിൽക്കാൻ ഒരു പെൺകുട്ടി ഉണ്ടായി എന്നതാണ്. പതിവുകൾ തെറ്റിച്ചുകൊണ്ട് അധികാരികൾ മൂകരും ബധിരരും അല്ലെന്ന് സാക്ഷ്യപ്പെടുത്തി എന്നതാണ്. അത് നാമിന്നോളം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ്. ഈ തിരുത്ത് നാളെ ആർക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. ഈ തിരുത്ത് അവരുടെ ധാർഷ്ട്യത്തിനേറ്റ (ചെറുതെങ്കിലുമായ) ആഘാതമാണ് . ഹൃദയത്തിലുണ്ടായ (മാരകമല്ലാത്തതെങ്കിലും) ഒരു സുഷിരമാണ്. അതെങ്ങിനെ അവരെ അങ്കലാപ്പിലാക്കാതിരിക്കും''.

ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കുവേണ്ടി പൊതുവേദിയുണ്ടാക്കാൻ മുൻകൈയ്യെടുത്തവരിൽ പ്രമുഖയാണ് അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്റെ മകൾ കൂടിയായ ദീദി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ