ചേട്ടച്ഛന്റെ പെങ്ങൾക്ക് മംഗല്യം
January 9, 2018, 12:19 am
കോഴിക്കോട്: പതിനൊന്നു വർഷം മുമ്പാണ് രാമനെന്ന ചേട്ടച്ഛന്റെ തണലിൽ കഴിയുന്ന ഒരു കൊച്ചു കുടുംബത്തിന്റെ കഥ കേരളകൗമുദി പ്രസിദ്ധീകരിച്ചത്. ഭർത്താവിന്റെ പീഡനത്തിൽ മനംമടുത്ത് അമ്മ മരണത്തിലഭയം തേടുകയും കുടുംബത്തെ ഉപേക്ഷിച്ച് അച്ഛൻ ഇറങ്ങിപ്പോവുകയും ചെയ്തപ്പോൾ അനാഥരായ അഞ്ചു കുഞ്ഞുങ്ങളുടെ കഥയായിരുന്നു അത്. തമിഴ്നാട്ടിലെ സേലത്തു നിന്ന് കോഴിക്കോട് തലക്കുളത്തൂരിൽ കോരപ്പുഴയുടെ തീരത്തെത്തിപ്പെട്ടതായിരുന്നു അവർ.
കൂട്ടത്തിൽ മുതിർന്നവനായ രാമന് അന്ന് പതിനെട്ടു വയസ്. എങ്കിലും കൂടപ്പിറപ്പുകളെ അവൻ ചേർത്തുപിടിച്ചു. കിട്ടുന്ന ചെറിയ ജോലികൾ ചെയ്ത്, നാലു ചുമരുകൾ മാത്രമുള്ള വീട്ടിൽ അവർ ഒന്നിച്ചു കഴിഞ്ഞു. സഹോദരങ്ങളെ സ്കൂളിലയച്ചു പഠിപ്പിച്ചു.
ഒന്നിലും രണ്ടിലും ആറിലും പഠിക്കുന്ന സഹോദരങ്ങൾക്ക് വച്ചുവിളമ്പി പതിനൊന്നു വയസുകാരി രമ്യ വീട്ടമ്മയായി. അവരുടെ ഉടുപ്പുകൾ കഴുകിയുണക്കി. എന്നിട്ട് എല്ലാവരും കൂടി സ്കൂളിൽ പോയി. നിർബന്ധിക്കാൻ ആരുമില്ലാതിരുന്നിട്ടും അവർ പഠിപ്പിൽ മിടുക്കരായി. മഴയിൽ ചോർന്നൊലിക്കുന്ന കുടിലിൽ പാഠപുസ്തകങ്ങൾ നനയാതിരിക്കാൻ ആകെയുള്ള കട്ടിലിനു കീഴെ അവ കാത്തുവച്ചു.
കേരളകൗമുദിയിൽ വന്ന വാർത്തകണ്ട് കണ്ണുനിറഞ്ഞ ഒട്ടേറെ പേർ അന്ന് ഈ കുട്ടികളെ സഹായിക്കാൻ എത്തിയിരുന്നു. അന്നത്തെ ഭവന നിർമ്മാണ വകുപ്പു മന്ത്രി ബിനോയ് വിശ്വം മുൻകൈയെടുത്ത് അവർക്ക് ഒരു വീടു നിർമ്മിച്ചു കൊടുത്തു. വീടിന്റെ പാലുകാച്ചലിൽ പങ്കെടുക്കാനെത്തിയ മന്ത്രി വീടിന് 'സ്നേഹം' എന്ന് പേരുമിട്ടു.
'സ്നേഹ'മെന്ന വീടിന്റെ മുറ്റത്ത് ഇന്നലെ ഒരു പന്തലിട്ടിരുന്നു. അന്നത്തെ അഞ്ചാം ക്ളാസുകാരി രമ്യയുടെ വിവാഹമായിരുന്നു ഇന്നലെ. വരൻ അന്നശ്ശേരി പ്രമോദിന്റെ മകൻ പ്രഗീഷ്. അനുഗ്രഹിക്കാൻ അച്ഛനമ്മമാരില്ലെങ്കിലും നാട്ടുകാരൊക്കെ പങ്കെടുത്ത ആഘോഷമായ വിവാഹം. കാര്യങ്ങളൊക്കെ വേണ്ടവിധത്തിൽ നോക്കിനടത്താൻ ചേട്ടച്ഛന്റെ റോളിൽ രാമൻ.
എം.എൽ.ടി കോഴ്സ് പാസായ രമ്യയ്ക്ക് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയുണ്ട്. അനിയത്തി രമയും എം.എൽ.ടിക്ക് പഠിക്കുന്നു. അന്നത്തെ ആറാംക്ളാസുകാരൻ മനോജ് ഇപ്പോൾ ശ്രീനഗറിൽ പട്ടാളക്കാരനാണ്. പെങ്ങളുടെ കല്യാണം കേമമാക്കാൻ അവധിയെടുത്ത് നാട്ടിലെത്തിയിട്ടുണ്ട്. ഇളയവൻ രാകേഷ് ഒമ്പതാം ക്ളാസിൽ പഠിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ