എസ്.എഫ്.ഐയ്ക്ക് പിന്നാലെ സി.പി.എമ്മും ഇറങ്ങുന്നു: അഭിമന്യു വധത്തിൽ പോപ്പുലർഫ്രണ്ട് പ്രതിരോധത്തിൽ
July 11, 2018, 9:08 pm
കോഴിക്കോട്: മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വധത്തോടനുബന്ധിച്ച് മതതീവ്രവാദത്തിനെതിരെ എസ്.എഫ് ഐ ക്ക് പുറമെ ശക്തമായ പ്രചരണവുമായി സി.പി.എമ്മും രംഗത്തിറങ്ങുന്നു. ഇനിയും ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രതികരിക്കാതിരുന്നാൽ അത് ആർ.എസ്.എസ്സിന് ഗുണകരമാവും എന്ന തിരിച്ചറിവിലാണ് സി.പി.എമ്മിന്റെ പുതിയ നീക്കം.
പോപ്പുലർ ഫ്രണ്ടിനെ പ്രതിരോധത്തിലാക്കി ഇസ്ലാമിക തീവ്രവാദത്തിനെതിരേെ കടുത്ത നിലപാടുമായി മുന്നോട്ട് പോവാനാണ് പാർട്ടിയുടെ തീരുമാനം. മുസ്ലിങ്ങളിൽ ഒരു വിഭാഗത്തെ സ്വാധീനിച്ച് തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പ്രവർത്തനമാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയും നടത്തുന്നതെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ ലേഖനത്തിന് പിന്നാലെയാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ കാമ്പയിനുമായി സി.പി.എം രംഗത്തെത്തുന്നത്.
സി.പി.എമ്മിന്റെ സാംസ്‌കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രമാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെയുള്ള കാമ്പയിനിന് ചുക്കാൻ പിടിക്കുന്നത്. കാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം 13ന് കോഴിക്കോട് എൻ.ജി.ഒ യൂണിയൻ ഹാളിൽ നടക്കും. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പ്രവർത്തനം, ചരിത്രം, സ്വാതന്ത്ര്യസമരത്തിൽ ഇസ്ലാമികവാദികളുടെ വിഘടനപ്രവർത്തനങ്ങൾ, മതരാഷ്ട്രവാദം എന്നിവ ചർച്ചയാവും.


 ഇസ്ലാമിക തീവ്രവാദത്തെ തുറന്ന് കാട്ടും: കെ.ടി. കുഞ്ഞിക്കണ്ണൻ
ഇസ്ലാമിക തീവ്രവാദത്തിന്റെ ചരിത്രത്തെയും പ്രവർത്തനരീതിയെയും ഗൗരവകരമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ പറഞ്ഞു.
ഭീകരാവാദത്തെ പ്രത്യക്ഷത്തിൽ പ്രോത്സാഹിപ്പിക്കാതെ നിശബ്ദമായി പ്രചരിപ്പിക്കുന്ന രാഷ്​ട്രീയ ഇസ്ലാമിസത്തെ സമൂഹത്തിൽ തുറന്ന് കാണിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും കുഞ്ഞിക്കണ്ണൻ പറയുന്നു. ഇത്തരത്തിൽ നിശബ്ദ പ്രചാരണം നടത്തുന്ന എസ്‌.ഐ.ഒ, സോളിഡാരിറ്റി, വെൽഫെയർ പാർട്ടി എന്നീ സംഘടനകളുടെ യഥാർഥ മുഖവും ഉയർത്തിക്കാട്ടും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ