'മേം" കർത്താവായാൽ ഇനി നമ്മുടെ പൊലീസും പ‌റയും 'ഹും"
August 8, 2018, 3:00 am
വി.പി.രാധാകൃഷ്ണൻ
നാദാപുരം: നാട്ടിൽ ഹിന്ദിക്കാർ പെരുകിയപ്പോൾ പൊലീസുകാരും ദേശീയ ഭാഷ പഠിക്കുന്നു. കുറ്റകൃത്യങ്ങളിൽപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനുമാണ് നാദാപുരം കൺട്രോൾ റൂമിലെ പൊലീസുകാർ ഹിന്ദി പഠിക്കുന്നത്. നാദാപുരം മേഖലയിലുള്ള ഇതര സംസ്ഥാനക്കാരുടെ ബാഹുല്യമാണ് ഇതിന് പ്രേരിപ്പിച്ചത്. നാദാപുരം കൺട്രോൾ റൂമിൽ അറുപത് പൊലീസുകാരാണുള്ളത്. മൂന്ന് ഷിഫ്ടുകളിലായി ഇവർ ഇരുപത്തിനാലു മണിക്കൂറും നാദാപുരത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. നാദാപുരത്ത് നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നുണ്ട്. നിലവിൽ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പട്ടാളത്തിൽ നിന്ന് വിരമിച്ച ഹോം ഗാർഡുമാരുടെ സഹായത്തോടെയാണ് ചോദ്യം ചെയ്യുന്നത്. എന്നാൽ പലപ്പോഴും ഹോം ഗാർഡുമാരുടെ സേവനം ഇതിന് ലഭിച്ചെന്നു വരില്ല. ഇതോടെയാണ് കൺട്രോൾ റൂമിലെ പൊലീസുകാരെ ഹിന്ദി പഠിപ്പിക്കാനുള്ള സംവിധാനമൊരുക്കിയത്.
രാവിലെ ഏഴര മുതൽ ഒമ്പത് വരെ രണ്ടു ഷിഫ്ടുകളിലാണ് ക്ലാസ്. മൊകേരി സ്വദേശിയായ ഹിന്ദി അദ്ധ്യാപകനാണ് ക്ലാസെടുക്കുന്നത്. അച്ചടക്കമുള്ള പഠിതാക്കളായി എല്ലാ പൊലീസുകാരും ബുക്കും പേനയും എടുത്ത് കൃത്യമായി ക്ലാസിൽ എത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പൊലീസുകാർക്കായി ഹിന്ദി പഠന ക്ലാസ് സംഘടിപ്പിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ