Monday, 24 April 2017 9.11 AM IST
ആഭ്യന്തര റബർ വീണ്ടുംകണ്ണീർ കയത്തിൽ
April 20, 2017, 6:12 am
വി. ജയകുമാർ
 ആഴ്‌ചകൾക്ക് മുമ്പ്  162 രൂപ വരെ ഉയർന്ന വില ഇന്നലെ 136 രൂപയിലേക്ക് തകർന്നടിഞ്ഞു കോ​ട്ട​യം: സംസ്ഥാനത്ത് റബർ വില വീണ്ടും തകർച്ചയുടെ ട്രാക്കിലായതോടെ കർഷകരുടെ ജീവിതം ദുരിതക്കയത്തിലായി. ഫെബ്രുവരിയിൽ 162 രൂപവരെ കുതിച്ചുയർന്ന വില, ഇന്നലെ കുറിച്ചിട്ടത് വെറും 136 രൂപയാണ്. അന്താരാഷ്‌ട്ര വില 200 രൂപ വരെ ഉയർന്നപ്പോഴാണ്, ഫെബ്രുവരിയിൽ ആഭ്യന്തര വില 162 രൂപയിലെത്തിയത്. അന്താരാഷ്‌ട്ര വിലയുമായി മികച്ച അന്തരമുള്ളതിനാൽ, വിപണിയിൽ നല്ല ഡിമാൻഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ആഭ്യന്തര വിപണിയിൽ വിലത്തകർച്ച തുടങ്ങിയത്.
കഴിഞ്ഞമാസം ആർ.എസ്.എസ് നാലാം ഗ്രേഡ് വില 150 രൂപയിലെത്തിയിരുന്നു. എന്നാൽ, രാജ്യാന്തര വില കുത്തനെ താഴ്‌ന്നതിന്റെ ചുവടുപിടിച്ച് ആഭ്യന്തര വിലയും താഴേക്കിറങ്ങി. വില പരമാവധി കുറയ്‌ക്കാനായി ടയർ കമ്പനികൾ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നതും വിലയിറക്കത്തിന് ആക്കം കൂട്ടുകയാണ്. വില പിന്നീട് മെച്ചപ്പെട്ടേക്കുമെന്ന പ്രതീക്ഷയിൽ കർഷകർ റബർ സ്‌റ്രോക്ക് ചെയ്‌തു വയ്‌ക്കുന്നുണ്ട്. വേനൽമഴ ദുർബലമായതിനാൽ ടാപ്പിംഗും കാര്യക്ഷമമല്ല.
ഒരാഴ്‌ചയ്‌ക്കിടെ ഒമ്പതു രൂപ ഇടിഞ്ഞാണ് ആർ.എസ്.എസ്. നാലാം ഗ്രേഡ് വില 136 രൂപയായത്. അഞ്ചാം ഗ്രേഡിനു വില 133 രൂപയാണ്. തരംതിരിക്കാത്ത ഗ്രേഡിനു വില 120 രൂപയിലേക്കും ഒട്ടുപാൽ വില 80 രൂപയിലേക്കും കൂപ്പുകുത്തിയത് കർഷകരെ വലയ്‌ക്കുകയാണ്. റബർ ബോർഡ് വിലയും വ്യാപാരി വിലയും തമ്മിലുള്ള വ്യത്യാസവും കർഷകർക്ക് ദുരിതമാകുന്നു. റബർ ബോർഡിന്റെ വില ഇന്നലെ 141 രൂപയാണ്. ഒട്ടുപാലിന് 94 രൂപയും. കിലോഗ്രാമിന് അഞ്ച് രൂപയ്‌ക്കുമേൽ ഇരു വിലകളും തമ്മിൽ അന്തരമുണ്ടാകുന്നതും തിരിച്ചടിയാകുന്നു. അടുത്തമാസം ടാപ്പിംഗ് പുനരാരംഭിക്കാനിരിക്കേ, വ്യവസായികൾ ആസൂത്രിതമായി വിലയിടിച്ചും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.

എവിടെ വിലസ്ഥിരതാ പദ്ധതി?
റബർ വില ഏറെ നാളായി നഷ്‌ടത്തിന്റെ പാതയിലായിട്ടും കർഷകരെ സഹായിക്കാനുള്ള വിലസ്ഥിരതാ പദ്ധതി വീണ്ടും നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഇനിയും തയ്യാറായിട്ടില്ല. നടപ്പു വർഷത്തേക്കുള്ള ബഡ്‌ജറ്റിൽ പദ്ധതിക്കായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് 500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റബർ വില എത്ര താഴ്‌ന്നാലും, കിലോഗ്രാമിന് 150 രൂപ കണക്കാക്കി, കർഷകന് സഹായം നൽകുന്ന പദ്ധതിയാണിത്. ഫെബ്രുവരിക്കു ശേഷം റബർ വില 150 രൂപയിൽ താഴെയാണുള്ളതെങ്കിലും പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ഇപ്പോഴും സർക്കാർ മൗനത്തിലാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ