Wednesday, 26 April 2017 5.22 PM IST
കുരിശ് ഒടിച്ചത് 'കുരിശായി'
April 21, 2017, 12:04 am
സോജൻ സ്വരാജ്
മൂന്നാർ: സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയിൽ സ്വകാര്യ വ്യക്തി സർക്കാർ ഭൂമി കൈയേറി നിർമ്മിച്ച ഭീമൻകുരിശും കെട്ടിടവും ഷെഡും റവന്യൂ സംഘം പൊളിച്ചടുക്കിയത് കൈയടി നേടിയെങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തോടെ പൊളിച്ചവർക്ക് 'കുരിശായി' മാറി. കുരിശിൽ കൈവയ്ക്കുമ്പോൾ ആലോചിക്കണമായിരുന്നെന്നും കുരിശ് പൊളിച്ച സർക്കാർ എന്ന ദുഷ്പേരിന് ഇതിടയാക്കിയെന്നും ജില്ലാഭരണകൂടത്തിന് ജാഗ്രതക്കുറവുണ്ടായെന്നും കോട്ടയത്ത് താക്കീതിന്റെ സ്വരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് തുടർ നടപടികളെ സ്തംഭനത്തിലാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിനിസ്ട്രി ഒഫ് സ്പിരിറ്റ് ജീസസ് എന്ന ധ്യാനകേന്ദ്രം നടത്തുന്ന ടോം സ്കറിയ എന്നയാളാണ് ഭൂമി കൈയേറി കുരിശ് സ്ഥാപിച്ചത് എന്നറിയുന്നു. സബ് കളക്ടർ ശ്രീറാമിന്റെ നിർദ്ദേശപ്രകാരം ദേവികുളം ഡെപ്യൂട്ടി തഹസിൽദാ‌ർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇന്നലെ രാവിലെ മണ്ണുമാന്തിയന്ത്രവും മറ്റ് പൊളിക്കൽ ഉപകരണങ്ങളും വൻ പൊലീസ് അകമ്പടിയുമായെത്തി കൂറ്റൻ കുരിശ് മുറിച്ചുമാറ്റുകയും നിർമ്മാണത്തിലിരുന്ന കെട്ടിടം ഇടിച്ചു നിരത്തുകയും ഷെഡ് തീവച്ച് നശിപ്പിക്കുകയും ചെയ്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് മേഖലയിൽ 144 പ്രഖ്യാപിച്ചിരുന്നു.

70 പൊലീസുകാർ, അമ്പതോളം റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പുലർച്ചെ 4.50ന് സൂര്യനെല്ലിയിൽ നിന്ന് പാപ്പാത്തിചോലയിലേക്ക് തിരിച്ചു. നാല് കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ഇടുങ്ങിയ വഴിയിലായി ഒരു ഒമ്‌നി വാൻ ഡ്രൈവറില്ലാത്ത നിലയിൽ കണ്ടെത്തി. സംഘത്തിന്റെ യാത്ര പാതിവഴിയിൽ മുടക്കുന്നതിനായി കൈയേറ്റ മാഫിയ വഴിയിൽ ഇട്ടിരുന്നതായിരുന്നു ഈ വാഹനം. പിന്നീടുള്ള 4 കിലോമീറ്ററോളം വഴി മോശമായതിനാൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പലയിടത്തും വെട്ടിയാണ് സംഭവസ്ഥലത്തെത്തിയത്.

കനത്ത തണുപ്പിൽ രണ്ടര മണിക്കൂറോളം യാത്ര ചെയ്താണ് റവന്യൂ സംഘം പാപ്പാത്തിചോലയിലെത്തിയത്. 20 അടിയോളം ഉയരത്തിൽ വലിയ ഇരുമ്പ് ഗർഡറിൽ കോൺക്രീറ്റിലുറപ്പിച്ചാണ് കൂറ്റൻ കുരിശ് സ്ഥാപിച്ചിരുന്നത്. ചിന്നക്കനാൽ ഭാഗത്തെ 34/1 എന്ന സർവേ നമ്പരിലുള്ള സ്ഥലമാണിത്. ഈ സർവേ നമ്പരിൽ 2000 ഏക്കറോളം ഭൂമിയാണുള്ളത്. ഇതിൽ എത്ര ഏക്കർ ഇവർ കൈയേറി എന്നത് വ്യക്തമല്ല. മലയുടെ മുകളിലായി കൈവശപ്പെടുത്തിയിരുന്നത് 100 ഏക്കറിലേറെ വരും.

ഇവിടെ നിലവിൽ സർക്കാർ ആർക്കും ഭൂമി പതിച്ചുനൽകിയിട്ടില്ല. ഇരുമ്പ് മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കുരിശ് മുറിച്ചു മാറ്റി. ഇവയുടെ ചുവട് 10 അടിയോളം ആഴത്തിൽ വാർത്തിരുന്നതിനാൽ പൊളിച്ചു നീക്കാൻ പ്രയാസമായതിനാൽ സമീപത്തായി മണ്ണുമാന്തി യന്ത്രത്തിന് മറ്റൊരു കുഴി നിർമിച്ച് ഇടിച്ചു മറിക്കുകയായിരുന്നു. ഷെഡ് തീ വച്ച് നശിപ്പിക്കുകയും നിർമാണത്തിലിരുന്ന കെട്ടിടം പൊളിച്ചു നീക്കുകയും ചെയ്ത ശേഷം രണ്ടു മണിയോടെയാണ് റവന്യൂ സംഘം മടങ്ങിയത്.

ഒഴിപ്പിക്കലിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറിയും എം.എൽ.എയും
കൈയേറ്റം ഒഴിപ്പിക്കൽ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രൻ എം.എൽ.എയും രംഗത്തുവന്നു. മൂന്നാറിൽ ഇപ്പോൾ നടക്കുന്നത് തെമ്മാടിത്തമാണെന്നായിരുന്നു കെ.കെ. ജയചന്ദ്രന്റെ പ്രതികരണം. പൊലീസും സബ്‌ കളക്ടറും ജനങ്ങളെ പേടിപ്പിക്കാൻ ശ്രമിക്കുകയാണെന്നും 144 പ്രഖ്യാപിക്കാൻ മൂന്നാറിൽ യുദ്ധമൊന്നും ഇല്ലല്ലോയെന്നുമായിരുന്നു ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രന്റെ പ്രതികരണം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ