Thursday, 25 May 2017 12.35 PM IST
റബർ ബോർഡിന് പൂട്ട്; സബ്‌സിഡിയും തഥൈവ!
May 18, 2017, 5:52 am
കോട്ടയം: റബർ ബോർഡിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള നീക്കത്തിനൊപ്പം റബറിനുള്ള സബ്സിഡിയും കേന്ദ്ര സർക്കാർ നിറുത്തലാക്കിയേക്കും. 2015നുശേഷം സബ്സിഡിക്കുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടില്ല. പുതുകൃഷിക്കും ആവർത്തനകൃഷിക്കും ഹെക്‌ടറിന് 25,000 രൂപ സബ്സിഡി നൽകിയിരുന്നു. ഇതും ഇനി ലഭിക്കില്ല. റബറിന്റെ വിലത്തകർച്ച മൂലം ദുരിതത്തിലായ കർഷകർക്ക്, റബർ ബോർഡിന്റെ പ്രവർത്തനം നിറുത്താനുള്ള കേന്ദ്രനീക്കം വൻ തിരിച്ചടിയാകും.
കോട്ടയത്തെ റബർബോർഡ് ആസ്ഥാനം ഉത്തരേന്ത്യയിലേക്ക് മാറ്റാൻ കേന്ദ്ര സർക്കാർ നേരത്തേ ആലോചിച്ചിരുന്നു. കേരളത്തിൽ പ്രതിഷേധം ആളിക്കത്തിയപ്പോൾ ആ നീക്കം ഉപേക്ഷിച്ചു. തുടർന്നാണ്, ഇപ്പോൾ റബർ ബോർഡിന്റെ ഓഫീസ് തന്നെ പൂട്ടാൻ കേന്ദ്രം ശ്രമിക്കുന്നത്. കർഷകർക്ക് സബ്സിഡി മുതൽ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന സോണൽ ഓഫീസുകൾ ആദ്യം പൂട്ടും.
എറണാകുളത്തെയും കോതമംഗലത്തെയും സോണൽ ഓഫീസുകൾ നേരത്തേ പൂട്ടിയിരുന്നു. കോട്ടയത്തെ ഓഫീസ് ഈമാസം പൂട്ടും. ജീവനക്കാരെ പുനർവിന്യസിച്ചു തുടങ്ങി. പുതുതായി രൂപീകരിക്കുന്ന പ്ളാന്റേഷൻ എക്‌‌സ്‌പോർട്ട് ഏജൻസിയുടെ കീഴിലേക്ക് ബോർഡിന്റെ പ്രവർത്തനങ്ങൾ ലയിപ്പിക്കാനാണ് കേന്ദ്ര നീക്കം എന്നറിയുന്നു. റബർ ആക്‌ടും കേന്ദ്രം വൈകാതെ റദ്ദാക്കും.

യുദ്ധ പ്രഖ്യാപനം
'' റബർ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുന്ന കേന്ദ്രതീരുമാനം കർഷകരോടുള്ള യുദ്ധപ്രഖ്യാപനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡി വിതരണം ഉൾപ്പടെ എല്ലാ പദ്ധതികളും ഇതുവഴി അട്ടിമറിക്കപ്പെടും. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിനെ നിയമപരമായും രാഷ്‌ട്രീയമായും നേരിടും''
ജോസ്‌ കെ. മാണി എം.പി
കേരള കോൺഗ്രസ്‌ (എം)
വൈസ്‌ ചെയർമാൻ

കർഷകരെ ബാധിക്കില്ല
കോട്ടയം റീജിയണൽ ഓഫീസിന്റെ പ്രവർത്തനം നിറുത്തി ചങ്ങാനാശേരി റീജിയണൽ ഓഫീസിൽ ലയിപ്പിക്കുന്നത് കർഷകരെ ബാധിക്കില്ലെന്ന് റബർ ബോർഡ് അറിയിച്ചു. കോട്ടയത്ത് റബർ ബോർഡ് കേന്ദ്ര ഓഫീസിൽ ഡെവലപ്മെന്റ് ഓഫീസ് ആരംഭിക്കും.റബർ ഉത്തേജക പാക്കേജിന്റെ ആനുകൂല്യം ലഭിക്കുന്നതിനും മറ്റും ഈ ഓഫീസുമായോ ഫീൽഡ് സ്‌റ്റേഷനുകളുമായോ ബന്ധപ്പെട്ടാൽ മതി. ചെലവു ചുരുക്കാനാണ് റീജിയണൽ ഓഫീസുകൾ പൂട്ടുന്നത്. റീജിയണൽ ഓഫീസുകളിൽ 12 - 18 ജീവനക്കാരുണ്ട്. ഡെവലപ്മെന്റ് ഓഫീസിൽ നാല് പേരേ ഉണ്ടാവൂ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ