Wednesday, 28 June 2017 2.35 AM IST
വാനില വില വാനോളമുയരുന്നു
May 19, 2017, 12:24 pm
അഖിൽ സഹായി
 ഉണക്ക വാനിലവില കാൽലക്ഷം കടന്നു
തൊടുപുഴ: ഒരിടവേളയ്ക്ക് ശേഷം വില വാനോളമുയർന്ന് പച്ചപ്പൊന്ന് വീണ്ടും കർഷകരെ മോഹവലയത്തിലാക്കുന്നു. ഒരു കാലത്ത് ഇടുക്കിയിലെയടക്കം കർഷകരെ ഏറെ ആകർഷിച്ച സുഗന്ധവ്യഞ്ജന വിളയായ വാനിലയുടെ ഇപ്പോഴത്തെ വില കേട്ടാൽ ഞെട്ടും. പച്ച വാനില ബീൻസിന് കിലോയ്ക്ക് 4200 രൂപയും ഉണക്കയ്ക്ക് 25000 രൂപയ്ക്ക് മുകളിലുമാണ് വില. ഇത് കേട്ട് വീണ്ടുമൊരിക്കൽകൂടി ഭാഗ്യപരീക്ഷണം നടത്താൻ ഏത് കർഷകനും പൂതി തോന്നും. ആറ് മാസം മുമ്പും വില അൽപ്പം ഉയർന്നിരുന്നു. എന്നാൽ പെട്ടെന്ന് കുറഞ്ഞു.
ഐസ്‌ക്രീം, കേക്ക്, ചോക്ക്‌ലേറ്റ് തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളുടെയും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെയും രുചിയും മണവും കൂട്ടുന്നതിനുള്ള പ്രധാന ചേരുവയാണ് വാനില എസൻസ്. ഉത്പാദനം തീരെ കുറഞ്ഞതാണ് വില ഇപ്പോൾ ഇത്രയും ഉയരാൻ കാരണമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. വില ഉയർന്നതോടെ കർഷകർ വീണ്ടും ചെറിയ തോതിൽ വാനില കൃഷി ആരംഭിച്ചിട്ടുണ്ട്. വിപണന സാദ്ധ്യത വർദ്ധിച്ചതിനാൽ മുമ്പത്തെപ്പോലെ വലിയ വിലത്തകർച്ചയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഇവർ.


വാനില വന്ന വഴി
മഡഗാസ്കറാണ് വാനിലയുടെ പ്രധാന ഉത്പാദന കേന്ദ്രം. അവിടെ ഉത്പാദനം കുറഞ്ഞതോടെയാണ് 1990 കളിൽ ഇത് കേരളത്തിലെത്തിയത്. പച്ചവാനിലയ്ക്ക് 5000 രൂപയും ഉണക്കയ്ക്ക് 10000 രൂപയ്ക്ക് മുകളിലും വില ഉയർന്നതോടെ റബറും തെങ്ങും കൊക്കൊയുമെല്ലാം വെട്ടിമാറ്റി കർഷകർ വാനിലക്കൃഷിയിലേക്ക് തിരിഞ്ഞു. ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലായിരുന്നു കൃഷി കൂടുതൽ. രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിൽ നിന്ന് വാനില മോഷണവും പതിവായി. ഇതോടെ കൃഷിയിടം വേലി കെട്ടി തിരിച്ചവരും കാവൽക്കാരെവരെ നിയമിച്ചവരുമുണ്ടായിരുന്നു. എന്നാൽ കർഷകരുടെ പ്രതീക്ഷകൾ തകർത്ത് അധികം താമസിയാതെ വിലത്തകർച്ച നേരിട്ടു. കിലോയ്ക്ക് 50 രൂപയായി പച്ച വാനിലയ്ക്ക് വില താഴ്ന്നതോടെ കനത്ത നഷ്ടമുണ്ടായി. ഈ സ്ഥിതി തുടർന്നതോടെ ഈ വിളയെ കർഷകർ കൈവെടിഞ്ഞു.

ഇപ്പോൾ നടാൻ പറ്റിയ സമയം
വർഷത്തിൽ രണ്ട് തവണയാണ് വാനില നടാൻ പറ്റിയ സമയം. കാലവർഷം ശക്തമാകുന്നതിന് മുമ്പുള്ള മേയ് മാസവും തുലാവർഷത്തിന് മുമ്പ് സെപ്തംബർ മുതൽ ഒക്ടോബർ വരെയുള്ള സമയവും അനുയോജ്യമാണ്. എന്നാൽ കേരളത്തിൽ കൂടുതൽ സെപ്തംബർ- ഒക്ടോബർ മാസത്തിലാണ് വാനില കൃഷിയാരംഭിക്കുന്നത്. വില ഇത്ര ഉയരുന്നത് കണ്ട് പല കർഷകരും ഇടവിളയായി വാനില കൃഷി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം നട്ടവർക്ക് ഇപ്പോൾ നല്ല നേട്ടമുണ്ടാക്കാനാകും.

ഉചിതം ഇടവിളയാക്കുന്നത്
ഏകവിളയായിട്ടല്ലെങ്കിലും ഇടവിളയായി വാനില കൃഷി ചെയ്യാം. വിള ഏതായാലും വിലത്തകർച്ചയിൽ അവ പൂർണമായി കൈവിടാതെ ഇടവിളയായിട്ടെങ്കിലും പരിപാലിച്ചാൽ അപ്രതീക്ഷിതമായി വില ഉയരുമ്പോൾ നേട്ടമുണ്ടാക്കാം. വാനിലയുടെ വിലക്കയറ്റത്തെ പ്രതീക്ഷയോടെയാണ് ഒരു കൂട്ടം കർഷകർ കാണുന്നത്. വളപ്രയോഗവും ജലസേചനവും വാനിലയുടെ വളർച്ചയ്ക്ക് അനിവാര്യഘടകങ്ങളാണ്. ജൈവവളപ്രയോഗമാണ് കൂടുതൽ അഭികാമ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ