പത്രങ്ങളുടെ വീട്, മുഹമ്മദിന്റെയും
June 19, 2017, 2:41 pm
മുണ്ടക്കയം: 1890 നു ശേഷമുള്ള ഏതു വാർത്ത അറിയണം? നേരെ വണ്ടൻപതാലിലേക്കു പോരൂ. അവിടെ അമ്പഴത്തിനാൽ എ.എസ്. മുഹമ്മദിന്റെ വീട്ടിൽ അതെല്ലാം ഭദ്രം. 1890 മുതൽ 2017 ജൂൺ 18വരെ നടന്ന എല്ലാ പ്രധാന സംഭവങ്ങളുടെയും വാർത്തകൾ അടങ്ങിയ പത്രങ്ങളുടെ വൻ ശേഖരം ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. അതിനായി ഒരു മുറി തന്നെ മാറ്റി വച്ചിരിക്കുന്നു. കാഞ്ഞിരപ്പളളി താലൂക്ക് ഓഫീസിലെ യു.ഡി.ക്ലാർക്കാണ് മുഹമ്മദ്.
160ൽ പരം ദിനപത്രങ്ങളും 2000 ത്തിൽ അധികം ആനുകാലിക പ്രസിദ്ധീകരണങ്ങളും മുഹമ്മദിന്റെ ശേഖരത്തിലുണ്ട്. ലോകത്തെ പ്രധാന നേതാക്കളുടെ മരണവാർത്തകൾ അടങ്ങിയപത്രങ്ങൾ പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്നു. മുൻ പ്രധാന മന്ത്രി ജവഹർലാൽ നെഹൃവിന്റെ മരണവാർത്ത പ്രസിദ്ധീകരിച്ച കേരളകൗമുദി പത്രം ഇക്കൂട്ടത്തിൽ ഒരു 'നിധിശേഖര'മാണ് മുഹമ്മദിന്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ഇ.എം.എസ്, ഇ.കെ.നായനാർ, കെ.കരുണാകരൻ എന്നിവരുടെ വിയോഗവും മുഹമ്മദിന്റെ ശേഖരത്തിലെ പത്രങ്ങളിൽ വായിക്കാം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എൺപതോളം പ്രദർശനങ്ങൾ ഇതുവരെ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള ഒട്ടേറെ പ്രമുഖർ അതു കാണാനെത്തിയിട്ടുമുണ്ട്. ഉമ്മൻചാണ്ടി കൂടി ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നത് മുഹമ്മദിന്റെ ഒരു സ്വകാര്യ ആഗ്രഹവുമാണ്.
കൽക്കട്ടയിലെ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ ഏഷ്യൻ അവാർഡ് , 2015ലെ അംബേദ്കർ ഫെലോഷിപ്പ് തുടങ്ങിയവ പ്രസിദ്ധീകരണ ശേഖരണവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2012ൽ കോട്ടയം പ്രസ് ക്ലബ്ബും ആദരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രദർശനം നടത്തുന്നതിനോ‌ട് ഇദ്ദേഹത്തിനു പ്രത്യേക താത്പര്യമുണ്ട്. ഈ തലമുറ കാണാത്ത വാർത്തകൾ പകർന്നു കൊടുക്കുമ്പോഴുള്ള സംതൃപ്തി വലുതാണെന്ന് മുഹമ്മദ് പറയുന്നു.
ഐഷാബീവിയാണ് ഭാര്യ, മൂവാറ്റുപുഴ അൽ അസ്ഹർ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി അൽതാഫ്, പീരുമേട് മാർ ബസേലിയസ് എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥി അക്തർ എന്നിവരാണ് മക്കൾ.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ