Saturday, 24 June 2017 7.41 PM IST
മണ്ണിനെ അറിയാൻ റബർ കർഷകർക്ക് മൊബൈൽ ആപ്പ്
June 19, 2017, 8:17 pm
സ്വന്തംലേഖകൻ
കോട്ടയം: വിലയിടിവിന്റെ ആപ്പിലായ റബർകർഷകർക്ക് കൈത്താങ്ങായി മറ്റൊരു ആപ്പുമായിവരുകയാണ് റബർ ബോർഡ്. റബറിന്റെ വളപ്രയോഗം, മണ്ണിന്റെ ഫലഭൂയിഷ്ടി, വളത്തിന്റെ അളവ് തുടങ്ങിയ വിവരങ്ങൾ ഞൊടിയിടയിൽ അറിയാൻ കഴിയും റബർ സോയിൽ ഇൻഫർമേഷൻ സിസ്റ്റം (റബ്‌സിസ്) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി.
മണ്ണിന്റെ വളക്കൂറ് അറിയാൻ മേൽമണ്ണിന്റെയും കീഴ് മണ്ണിന്റെയും സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധിക്കുന്ന രീതിക്ക് പുതിയ ആപ്പ് വരുന്നതോടെ മാറ്റമാകും. ആപ്ലിക്കേഷൻ പ്‌ളേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാം. മൊബൈൽ ഫോണുമായി തോട്ടത്തിലെത്തി ആപ്പ് തുറന്നാൽ മണ്ണ് പരിശോധനാഫലവും വളപ്രയോഗ രീതിയും സ്‌ക്രീനിൽ തെളിയും. ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് ഇതിന്റെ പ്രവർത്തനം. മൂന്നു വർഷത്തെ ഗവേഷണം കൊണ്ടാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്.

മണ്ണിലെ 13 ഘടകങ്ങൾ പരിശോധിച്ചു
കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ റബർ കൃഷിയുള്ള സ്ഥലങ്ങളിൽ 50 ഹെക്ടർ വീതമുള്ള ഭൂമിയിൽ നിന്ന് മൂന്ന് സാമ്പിളുകൾ ശേഖരിച്ചാണ് ആപ്ലിക്കേഷന് ആവശ്യമായ ഡേറ്റ തയ്യാറാക്കിയത്. മണ്ണിന്റെ 13 ഘടകങ്ങളാണ് പരിശോധിച്ചത്. മൂന്നു വർഷം വരെ രാസവള പ്രയോഗം നടത്തിയില്ലെങ്കിലും ഉത്പാദത്തിൽ കുറവ് ഉണ്ടാകില്ലെന്ന് ഗവേഷണത്തിൽ വ്യക്തമായി.
11 ലക്ഷം കർഷകരിൽ 3000 പേർ മാത്രമാണ് മണ്ണ് പരിശോധിച്ച് വളപ്രയോഗം നടത്തുന്നത്. റബറിന് വിലകുറഞ്ഞതിനാൽ ഉത്പാദനച്ചെലവ് പരമാവധി കുറയ്ക്കാനും മരങ്ങളുടെ പ്രായത്തിനും തോട്ടത്തിന്റെ വിസ്തൃതിക്ക് അനുസൃതമായി വളപ്രയോഗം നടത്താനും പുതിയ ആപ്ലിക്കേഷൻ ഉപകരിക്കും. റബറിന്റെ രാജ്യാന്തര, ആഭ്യന്തര വില, ബോർഡിന്റെ അറിയിപ്പുകൾ, പരിശീലനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മറ്റൊരു ആപ്ലിക്കേഷൻ ഈ മാസം റബർ ബോർഡ് പുറത്തിറക്കും.

മണ്ണുമായി ലാബുകളിൽ കയറിയിറങ്ങേണ്ട
ഫലഭൂയിഷ്ടി പരിശോധനയ്ക്കായി മണ്ണുമായി ലബോറട്ടറികളിൽ കർഷകർ കയറിയിറങ്ങുന്നതിനും അവസാനമാകുകയാണ്. ഉപഗ്രഹത്തിന്റെ സഹായത്തോടെ ഓൺലൈൻ വളപ്രയോഗ ശുപാർശ രാജ്യത്ത് ആദ്യമായാണ് വികസിപ്പിച്ചിരിക്കുന്നത് എ.അജിത് കുമാർ, റബർ ബോർഡ് ചെയർമാൻ



 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ