മോഷണ കലയിൽ വിരുതൻ,​ രണ്ടു മിനിറ്റിൽ ബൈക്കിന്റെ പൂട്ട് പൊളിക്കും
July 17, 2017, 12:15 pm
കോട്ടയം: ഓടുന്ന ബൈക്കിന്റെയും എൻജിൻ ഉൗരി മാറ്റും സുരേഷ്..! ഈ ഒറ്റ ഡയലോഗ് മതി ബൈക്ക് മോഷണത്തിൽ സുരേഷിന്റെ വിരുത് വ്യക്തമാകാൻ. ഏതു ബൈക്കിന്റെയും പൂട്ട് പൊട്ടിക്കാൻ സുരേഷിന് രണ്ടു മിനിറ്റ് മതി. ബൈക്ക് മോഷണത്തിൽ വിരുതനാണ് ചെങ്ങന്നൂർ കൊഴുവല്ലൂർ തലക്കുളഞ്ഞിയിൽ കിഴക്കേതിൽ സുരേഷ് (മക്കു - 20).
ഇയാളുടേയും കൂട്ടാളി മലയാലപ്പുഴ താഴത്ത് കോയിപ്രം പൂവത്തൂർ കാവിക്കൊട്ടിൽ ഷിജുരാജനെയും (അച്ചു - 19) പിടികൂടിയ പത്തനംതിട്ട പൊലീസ് ഇവരുടെ കഥകൾ കേട്ട് ഞെട്ടി. അഞ്ചു മാസത്തിനിടെ 21 ആഡംബര ബൈക്ക് മോഷ്ടിച്ച ഇരുവരും സമ്പാദിച്ചത് 30 ലക്ഷം രൂപ. ഇതിൽ കേരളത്തിൽ വിറ്റത് രണ്ടോ മൂന്നു ബൈക്കുകൾ മാത്രം. പത്തനംതിട്ട ബസ് സ്റ്റാൻഡിലെ ഒരു ബേക്കറിയിലെ ജീവനക്കാരനും മോഷ്ടാവുമായിരുന്ന ഷിജുവിന്റെ കൂട്ട് കിട്ടിയതോടെയാണ് സുരേഷ് മോഷണ ശൃംഖല വ്യാപിപ്പിച്ചത്. ബൈക്ക് മോഷണ സംഘത്തെപ്പറ്റി രഹസ്യ വിവരം ലഭിച്ച പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഡോ. സതീഷ് ബിനോയുടെ നിർദ്ദേശ പ്രകാരം ഡിവൈ.എസ്.പി, കെ.എ. വിദ്യാധരൻ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വലയിലായത്.

ആഡംബര ബൈക്ക് പ്രിയം
ജില്ലയിൽ ആഡംബര ഇരുചക്രവാഹന മോഷണം വ്യാപകമായതിനെ തുടർന്ന് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സ്പോർട്സ് ബൈക്ക് ഷോറൂമുകളിലും സ്പെയർ പാർട്സ് കടകളിലും പഴയ സ്പോർട്സ് ബൈക്ക് വില്പന കേന്ദ്രങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് മലയാലപ്പുഴയിലുള്ള ഷിജുവിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. മോഷണ സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുരേഷും ഷിജുവും പിടിയിലായത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി 21 ആഡംബര ബൈക്കുകളാണ് ഇവർ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട സി.ഐ., എൻ. ഹരിദാസ്, എസ്.ഐ., യു.ബിജു, അഡീഷണൽ എസ്.ഐ., അഭിലാഷ്, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് എ.എസ്.ഐമാരായ അജി സാമുവേൽ, രാധാകൃഷ്ണൻ, രാജേന്ദ്രൻ നായർ, എൽ.ടി. ലിജു, അനുരാഗ് മുരളീധരൻ, അജികുമാർ, പത്തനംതിട്ട എ.എസ്.ഐ സുരേഷ് ബാബു, ഹരീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

സൈലൻസറിന് വിലപറഞ്ഞ് കുടുക്കി
ഡ്യൂക്ക് ബൈക്കിന്റെ 20,000 രൂപ വിലയുള്ള മോഡിഫിക്കേഷൻ ചെയ്ത സൈലൻസർ 3,500 രൂപയ്ക്ക് വിൽക്കാനുണ്ടെന്നറിഞ്ഞ ഷാഡോ പൊലീസ് ഷിജുവുമായി ബന്ധപ്പെട്ടു. ഒരു കൂസലുമില്ലാതെ എത്തിയ ഷിജു കച്ചവടം ഉറപ്പിച്ചു. തുടർന്ന് സൈലൻസറുമായി ഷിജു എത്തി. വിലകൂടിയ പൾസർ ബൈക്ക് വാങ്ങാൻ ആളുണ്ടെന്ന് പറഞ്ഞ് പൊലീസ് ഷിജുവിനെക്കൊണ്ട് സുരേഷിനെ വിളിച്ചുവരുത്തി. ആദ്യം പതിനായിരം രൂപ വിലപറഞ്ഞു. അല്പം കൂടി കൂട്ടണമെന്നായി ഷിജു. അതോടെ 12,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. തുടർന്ന് ബൈക്ക് കൊണ്ടുവരാൻ സുരേഷിനോട് ഷിജു പറയുകയായിരുന്നു. സുരേഷിനെ പൊലീസ് പിടികൂടിയതോടെയാണ് താൻ പൊലീസിന്റെ കെണിയിലായതെന്ന് ഷിജു മനസിലാക്കിയത്. ഈ ബൈക്ക് പത്തനംതിട്ട സ്വദേശി പ്രവീണിന്റെതാണെന്നും പന്തളം പൂഴിക്കാട് ചിറമുടിയിൽ നിന്നാണ് മോഷണം പോയതെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് 30 ലക്ഷം രൂപയുടെ മോഷണങ്ങളുടെ ചുരുളഴിയുന്നത്.

സഹതടവുകാരെ കൂടെക്കൂട്ടി മോഷണം
മോഷണക്കുറ്റത്തിന് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ പൊലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയാണ് സുരേഷ്. ട്രെയിനിൽ നിന്നും ചാടി ഓടിയ സുരേഷിനെ മൽപ്പിടുത്തത്തിലൂടെയാണ് അന്ന് പൊലീസ് പിടികൂടിയത്. പലപ്രാവശ്യം മോഷണക്കുറ്റത്തിന് ജയിലിൽ കഴിഞ്ഞിരുന്ന സുരേഷ് സഹതടവുകാരെ ഉപയോഗിച്ചും മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടാളിയായ ഷിജുവിന്റെ സഹായത്തോടെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 ബൈക്കുകൾ സുരേഷ് മോഷ്ടിച്ചു. കൂടാതെ പത്തനംതിട്ട ജില്ലയിലും സമീപ ജില്ലകളിലും മോഷണം നടത്തിവരികയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ