പഴയ ഒളിമ്പ്യൻ ഇവിടെ റേഷൻകടയിലുണ്ട്!
August 7, 2017, 12:03 am
രാഹുൽ ചന്ദ്രശേഖർ
കോട്ടയം: പത്തുവർഷം മുൻപുള്ള ഒരു ഒക്ടോബറിലെ സായ്‌ഹാനം. ചൈനയിലെ ഷാങ്ഹായിലെ സ്പെഷ്യൽ ഒളിമ്പിക്സ് വേദി. ഓളങ്ങളെ വകഞ്ഞുമാറ്റി ഇ.പി. ഷൈഭനെന്ന മലയാളി പയ്യൻ രാജ്യത്തിന്റെ അഭിമാനമായി വെള്ളിമെഡലിലേയ്ക്ക് നീന്തിക്കയറി. ആരവമിരമ്പി. എങ്ങും അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ.

 പത്തു വർഷത്തിന് ശേഷം
നാട്ടകം സിമന്റ് കവലയിലെ റേഷൻ കട. പൊടിയും മണ്ണെണ്ണയുടെ ഗന്ധവും സഹിച്ച് അരിച്ചാക്കുകൾ അടുക്കി വയ്ക്കുകയാണ് ഷൈഭനെന്ന ആ പഴയ ഒളിമ്പ്യൻ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഇപ്പോൾ ആശ്രയം റേഷൻകടയിലെ ഈ ഹെൽപ്പർവേഷമാണ്!ജോലി നൽകാമെന്നുള്ള സർക്കാരിന്റെ ഉറപ്പ് ഫയലിൽ ഉറങ്ങുന്നു. അവന്റെ കുഞ്ഞുവീട്ടിലെ അലമാരയ്ക്കുള്ളിൽ ആ പഴയ മെഡലുകൾ ഇപ്പോഴും തിളക്കത്തോടെയുണ്ട്. അതുകാണുമ്പോൾ ഷൈഭന്റെ കണ്ണു നിറയും.
മത്സ്യത്തൊഴിലാളിയായ ഇരുപറച്ചിറ (മത്സ്യഗന്ധി) ഇ.കെ.ഭാസുരൻ-ഷൈലജ ദമ്പതികളുടെ മകനായ ഷൈഭന് (27) നീന്തലായിരുന്നു എല്ലാം. മെന്റലി ചലഞ്ച്ഡ് വിഭാഗത്തിൽപെട്ടതായതിനാൽ അഞ്ചാം ക്ളാസിൽ പഠനം നിറുത്തി. എങ്കിലും സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി. പതിനേഴാം വയസിൽ സ്പെഷ്യൽ ഒളിമ്പിക്സിലെത്തി. 50 മീറ്റർ ബാക്‌‌സ്ട്രോക്കിൽ വെള്ളിയും 50 മീറ്റർ റിലേയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലും അംഗമായി. നീന്തൽക്കുളത്തിൽ നേട്ടങ്ങളുടെ തിരയടിക്കുമ്പോൾ സ്പോർട്സ് ക്വോട്ടയിലൊരു സർക്കാർ ജോലിയായിരുന്നു ഷൈഭന്റെ മനസിൽ.
മത്സ്യബോട്ടിന്റെ ഡ്രൈവറായിരുന്നു അച്ഛൻ ഭാസുരൻ. ആ വരുമാനം പട്ടിണിമാറ്റാൻ തികയില്ലെന്ന് ഉറപ്പായതോടെ ഷൈഭൻ സർവീസ് സെന്ററിൽ വണ്ടി കഴുകാൻ പോയി. സോപ്പും ഓയിലും ചേർന്ന് കൈക്ക് അലർജി ബാധിച്ചപ്പോൾ പണി നിറുത്തി. ഇതിനിടെയാണ് 2010ൽ സ്പോർട്സ് ക്വോട്ടയിൽ ജോലിക്കായി അപേക്ഷ നൽകുന്നത്. 2011 ഫെബ്രുവരിയിൽ സെക്രട്ടേറിയറ്റിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഇന്റർവ്യൂ കഴിഞ്ഞു. പിന്നെ എന്തു സംഭവിച്ചു‌? പല വഴിക്കും അന്വേഷിച്ചിട്ടും അതറിയാൻ കഴിഞ്ഞില്ല. നാട്ടുകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വകുപ്പു മന്ത്രിയായപ്പോൾ വീണ്ടും അപേക്ഷ നൽകി. ചട്ടമനുസരിച്ച് പ്യൂൺ,​ ലിഫ്‌റ്റ് ഓപ്പറേറ്റർ,​ ചൗകിദാർ എന്നീ തസ്തികയിലേയ്ക്ക് ഷൈഭൻ യോഗ്യനാണ്. മാനസിക വളർച്ചയനുസരിച്ച് ഇതിൽ ഏത് ജോലി നൽകണമന്നറിയാൻ പരിശോധിച്ച് കണ്ടെത്താൻ 4560sd1GAD നമ്പരിലുള്ള ഫയൽ ആരോഗ്യ ഡയറക്ടർക്ക് കൈമാറി. രണ്ട് തവണ മെഡിക്കൽ ബോർഡ് ഷൈഭനെ പരിശോധിച്ചു. എന്നിട്ടും ഫയൽ അനങ്ങിയില്ല. 2016 ജൂണിൽ സ്പോർട്സ് വകുപ്പിൽ നിന്ന് വീണ്ടും റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. ''മെഡിക്കൽ ബോർഡിന്റെ ശുപാർശ ലഭിച്ചാൽ ജോലിക്ക് താമസമില്ലെന്നാണ് സ്പോർട്സ് വകുപ്പിൽ നിന്ന് അറിയുന്നത്. പക്ഷേ,​ ഫയലനങ്ങാൻ എന്ത് ചെയ്യണം?''​ നിരാശയോടെ ഷൈഭൻ ചോദിക്കുന്നു!
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ