നിറതോക്കുമായി ഗുണ്ടാപ്പണി, കിഷോർ കുടുങ്ങിയത് കാപ്പയിൽ
August 9, 2017, 11:31 am
രാകേഷ് കൃഷ്‌ണ
കോട്ടയം: പട്ടാളത്തോക്കുമായി ഗുണ്ടാപണിക്കിറങ്ങി നാടുവിറപ്പിച്ച ഗുണ്ടാത്തലവൻ കിഷോർ പിടിയിലായപ്പോൾ ആശ്വസിച്ചത് നാട്ടുകാർ മാത്രമല്ല പൊലീസും കൂടിയാണ്. കിഷോറും സംഘവും ഒളിവിൽ കഴിഞ്ഞ വീട്ടിൽ ഇരച്ചു കയറിയ പൊലീസ് സംഘം കണ്ടത് ഏതു നിമിഷവും പ്രയോഗിക്കാൻ പാകത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന തോക്കും മാരകായുധങ്ങളുമാണ്. രണ്ടു കാഞ്ചിയുള്ള തോക്ക് അറിയാത്തവ‌ർ പ്രയോഗിച്ചാൽ അബദ്ധമാകും. രണ്ടു വർഷം പട്ടാളത്തിലായിരുന്ന കിഷോർ ജോലിമതിയാക്കിയെത്തിയപ്പോഴാണ് ആധുനിക രീതിയിലുള്ള തോക്ക് സംഘടിപ്പിച്ചത്. നിരവധികേസുകളിൽ പ്രതിയായതോടെ ഗുണ്ടാലിസ്റ്റിൽ പെട്ടു.
കഴിഞ്ഞദിവസമാണ് കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി നോർ​ത്ത് കാ​യൽ വാ​ര​ത്ത് കി​ഷോർ (32​), പൊ​ത്ത​പ്പ​ള്ളി മാ​ട​ത്തി​ങ്കൽ വീ​ട്ടിൽ പ്ര​ശാ​ന്ത് (26​), തൃ​ക്കു​ന്ന​പ്പുഴ മ​ണി​ക​ണ്ഠൻ​ചിറ നിഷ ഭ​വ​ന​ത്തിൽ കൊ​ച്ചി രാ​ജാ​വെ​ന്ന് വി​ളി​ക്കു​ന്ന കി​ഷോർ കു​മാർ (​നി​ഷാ​ന്ത്-30) എ​ന്നി​വ​രെ​ ഹ​രി​പ്പാ​ട് സി.ഐ ടി. മ​നോ​ജി​ന്റെ നേ​തൃ​ത്വ​ത്തിൽ ഒളിസങ്കേതത്തിൽ നിന്ന് സാഹസികമായി പിടികൂടിയത്.

നാടുവിറപ്പിച്ച ഗുണ്ടകൾ
ഹരിപ്പാട് തൃക്കുന്നപ്പുഴയിൽ നാടുവിറപ്പിച്ചു നടന്ന ഗുണ്ടകളായിരുന്നു കിഷോറും സംഘവും. ഇരുപത്തഞ്ചു വയസു പൂ‌ർത്തിയാകും മുമ്പേ പട്ടാളത്തിൽ ജോലി കിട്ടിപ്പോയ കിഷോർ സ്വഭാവം ഗുണംകൊണ്ട് അധികകാലം അവിടെ നിന്നില്ല. പട്ടാളത്തിൽ നിന്ന് കിഷോറിനെ പിരിച്ചു വിട്ടു. തുടർന്ന് നാട്ടിലെത്തി ചില്ലറ ജോലികളുമായി നടക്കുകയായിരുന്നു. ഇതിനിടെ വൈകുന്നേരങ്ങളിലെ മദ്യപാനസദസുകളിൽ അംഗമായതോടെ കിഷോറിന്റെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങി. ആരെയും കൂസാത്ത കിഷോറിന്റെ സ്വഭാവം കൊണ്ടു തന്നെ മദ്യപാനസദസുകളിൽ അടിപിടി പതിവായി. തുടർന്ന് പ്രദേശത്തെ ചെറിയ ചെറിയ ക്വട്ടേഷനുകൾ ഇയാൾ ഏറ്റെടുത്തു തുടങ്ങി. അതിർത്തി തർക്കങ്ങളും ചെറിയ വാക്കുതർക്കങ്ങളും പറഞ്ഞു തീർക്കാൻ ഇടപെട്ട കിഷോർ പിന്നീട് പ്രദേശം അടങ്ങി ഭരിക്കുന്ന ഗുണ്ടയായി മാറിയത് അതിവേഗമായിരുന്നു. ഇതിനിടെ പതിനെട്ടോളം പൊലീസ് കേസുകളിലും പ്രതിയായി. ഏറ്റവും ഒടുവിൽ കിഷോറിനെതിരെ രജിസ്റ്റർ‌ ചെയ്‌ത എട്ടു കേസിൽ മൂന്നെണ്ണം വധശ്രമമാണ്.

കാപ്പ ചുമത്തി അകത്തായി, പുഷ്പം പോലെ പുറത്തിറങ്ങി
നാട്ടിൽ സ്ഥിരം ശല്യക്കാരനാണെന്ന് പരാതി ഉയ‌ർന്നതിനെ തുടർന്നാണ് കിഷോറിനെതിരെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്‌ടർ കാപ്പചുമത്തി ഉത്തരവിറക്കിയത്. കാപ്പചുമത്തിയവരെ ആറു മാസം കരുതൽ തടങ്കലിൽ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാൽ, ഏപ്രിലിൽ പൊലീസ് അറസ്റ്റ് ചെയ്‌ത കിഷോർ ഉന്നത സ്വാധീനത്തിന്റെ ബലത്തിൽ ജാമ്യത്തിലിറങ്ങി. വീണ്ടും മാരകായുധങ്ങളുമായി നഗരത്തിൽ വിലസുകയും ചെയ്തു. അരയിൽ തിരുകിയ കത്തിയും കുരുമുളക് സ്പ്രേയുമായിരുന്നു കിഷോറിന്റെ പ്രധാന ആയുധം. കണ്ണിൽ കാണുന്ന കടകളിൽ കയറി എന്തും എടുക്കുകയും പണപ്പിരിവ് നടത്തുകയുമായിരുന്നു രീതി. ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ അടുത്ത പടി ആക്രമണമായി. രക്ഷയില്ലാതെ പലരും വഴങ്ങി. പേടിച്ച് പരാതിപ്പെട്ടില്ല.

അഞ്ചു പേരെ കുത്തി കുടലെടുത്തു
ജൂലായ് 28 നായിരുന്നു ആ സംഭവം നടന്നത്. പുളിക്കീഴ് വാര്യൻകാവ് ഭാഗത്തു കൂടി കിഷോർ വരികയായിരുന്നു. ഇതിനിടെ റോഡരികിലുണ്ടായിരുന്നവരുമായി തർക്കമായി. അഞ്ചംഗ സംഘത്തെ കിഷോർ നേരിട്ടു. ഏറ്റുമുട്ടലിനിടയിൽ കിഷോറിന് മർദ്ദനമേറ്റു. കിഷോറിന്റെ ആക്രമണത്തിൽ നിന്ന് ഇവർ ഓടിരക്ഷപ്പെടുകയും ചെയ്‌തു. പിന്നീട്, ബിവറേജസ് കോർ‌പ്പറേഷന്റെ സമീപത്തുവച്ച് ഇവർ വീണ്ടും ഏറ്റുമുട്ടി. രക്ഷയില്ലാതെ അവിടെ നിന്ന് രക്ഷപ്പെട്ട കിഷോ‌ർ തന്റെ സംഘത്തിലെ മൂന്നു പേരുമായി തിരികയെത്തി. തുടർന്ന് കത്തിയും വടിവാളും അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ അഞ്ചു പേരെയും കുത്തികുടലെടുത്തു. ഗുരുതരമായി പരുക്കേറ്റ ഇവ‌ർക്ക് ഭാഗ്യം കൊണ്ടു മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്.

പകൽ ഉറക്കം രാത്രിയിൽ കറക്കം
അഞ്ചു പേരെ കുത്തിമലർത്തിയ ശേഷം മുങ്ങിയ പ്രതികൾ പല സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു. ചെങ്ങന്നൂർ, പള്ളിപ്പാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ നാലുദിവസമായി ഇവർ വെട്ടിയാർ ഭാഗത്തെ സുഹൃത്തിന്റെ ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. പകൽ സമയം വീടിനുള്ളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ രാത്രിയിൽ പുറത്തിറങ്ങി ഭക്ഷണവും മദ്യവും വാങ്ങി ശേഖരിച്ചു വയ്‌ക്കും. മൊബൈൽ ഫോണുകൾ ഓഫ് ചെയ്‌ത ശേഷമാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. വീട്ടിൽ ആളില്ലെന്ന് തോന്നാൻ വേണ്ടി രാത്രിയിൽ ലൈറ്റ് പോലും ഇടാറില്ലായിരുന്നു. ജനലുകൾ ന്യൂസ് പേപ്പർകൊണ്ട് മറച്ച ശേഷം മെഴുകുതിരി കത്തിച്ചുവച്ചാണ് ഇവർ രാത്രിയിൽ ഭക്ഷണം കഴിച്ചിരുന്നത്. പന്ത്രണ്ടുമണിക്കു ശേഷം മാത്രം പുറത്തിറങ്ങി കറങ്ങി നടക്കുന്ന ഇവ‌ർ നാട്ടുകാർക്ക് മുഖം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

വാട്സ് ആപ് തുണയായി
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയുടെ വിവിധ സ്ഥലങ്ങളിലെ പൊലീസ് സംഘത്തിന് വാട്സ് ആപിലൂടെ ഇവരുടെ ചിത്രങ്ങൾ നൽകിയിരുന്നു. തുടർന്ന് വെട്ടിയാ‌ർ ഭാഗത്തെ വീട്ടിൽ കഴിഞ്ഞിരുന്ന പ്രതികളിൽ ഒരാളെ നാട്ടുകാർ തിരിച്ചറിഞ്ഞതാണ് പൊലീസിന് രക്ഷയായത്. വീട്ടിൽ താമസിക്കുന്നത് ഇവർ തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ സി.ഐയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ പ്ലാൻ ചെയ്യുകയായിരുന്നു. തുടർന്നു പൊലീസ് സംഘം സാഹസികമായി വീടിനുള്ളിൽ കടന്നു. രണ്ടു മുറിയും ഒരു ഹാളുമുള്ള വീടിനുള്ളിൽ അപ്രതീക്ഷിതമായി പൊലീസ് എത്തിയപ്പോൾ പ്രതികൾ പകച്ചു പോയി. ഏതു വശത്തു നിന്ന് ആക്രമണുണ്ടായാലും തടയാനായി കട്ടിലിലെ മെത്തയ്‌ക്കടിയിൽ തോക്കും വടിവാളും കത്തിയും ഇവർ കരുതിയിരുന്നു. പൊലീസിനെ കണ്ട് ആയുധങ്ങൾ എടുക്കാൻ പ്രതികൾ ഒരുങ്ങിയെങ്കിലും മിന്നൽ നീക്കത്തിലൂടെ പൊലീസ് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇവരെ ഇന്നലെ റിമാൻഡ് ചെയ്‌തു.

ഇരുതലയുള്ള തോക്ക്
പട്ടാളത്തിൽ പരിശീലനത്തിനായി പോയ സമയത്ത് മീററ്റിൽ നിന്നു വാങ്ങിയതാണ് തോക്കെന്നാണ് കിഷോർ പൊലീസിന് മൊഴി നൽകിയത്. മീറ്ററിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് വാങ്ങിയ തോക്കെന്നാണ് പറഞ്ഞത്. എന്നാൽ, അത്യാധുനിക സാങ്കേതി വിദ്യ ഉപയോഗിച്ചാണ് തോക്ക് നിർമ്മിച്ചിരിക്കുന്നത്. രണ്ടു കാഞ്ചികളാണ് തോക്കിനുള്ളത്. ഒരു കാഞ്ചി തിര നിറയ്‌ക്കുന്നതിനാണ് ഉപയോഗിക്കുന്നത്. മറ്റേത് വെടിവയ്‌ക്കാൻ ഉപയോഗിക്കുന്നതാണ്. സ്ഥിരമായി തോക്ക് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഇത് പിടികിട്ടൂ. അല്ലാത്തവർ ഉപയോഗിച്ചാൽ വലിയ അബദ്ധമാകും. എന്നാൽ, കിഷോറിന് തോക്ക് പട്ടാളത്തിൽ നിന്ന് കിട്ടിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാടൻ തോക്കുണ്ടാക്കുന്ന കൊല്ലൻമാരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അപ്പോൾ പൊലീസ്. ഇതിലൂടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താനാവുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ