ബലികുടീരങ്ങളുടെ പിറവിക്കു 'കാവലാൾ
August 15, 2017, 1:06 am
വി.ജയകുമാർ
കോട്ടയം: 'വയലാർ സാർ കണ്ണുമടച്ച് കട്ടിലിൽ മലർന്നു കിടക്കും. ഇ‌ടയ്ക്ക് ചാടിയെഴുന്നേൽക്കും. കടലാസിൽ കുത്തിക്കുറിക്കും. തൃപ്തി വരാത്ത പോലെ ചുരുട്ടിക്കൂട്ടി എറിയും. ...'
'ബലികുടീരങ്ങളേ... 'എന്ന വിപ്ലവഗാനത്തിന്റെ അറുപതാം വാർഷികം ആഘോഷിക്കുമ്പോൾ അതിന്റെ പിറവിക്കു സാക്ഷിയായ കോട്ടയം ബെസ്റ്റോട്ടലിലെ റൂം ബോയ് പി.എം. വർഗീസിന്റെ വാക്കുകളിൽ നിറയുന്നത് വയലാർ അനുഭവിച്ച എഴുത്തിന്റെ നോവാണ്.
'അന്ന് എനിക്ക് 17 വയസാണ്. ബെസ്റ്റോട്ടലിലെ ഏഴാം നമ്പർ മുറിയിൽ താമസിക്കുന്നത് വല്യ കവിയാണെന്ന് മാത്രമറിയാം. വയലാറിനെ പാട്ടെഴുതിക്കാൻ ചുമതലപ്പെടുത്തിയ പൊൻകുന്നം വർക്കിസാർ എന്നും രാവിലെ വന്ന് കതകിൽ മുട്ടും. 'കുട്ടാ എഴുതി തീർത്തോ' എന്ന് ചോദിക്കും. നിരാശയോടെയുള്ള മറുപടി കേട്ടു മടങ്ങും.
കട്ടിലിൽ കിടന്നും ഇരുന്നും കടലാസുകൾ ചുരുട്ടിയെറിഞ്ഞും പലദിവസങ്ങളിൽ എഴുത്തിന്റെ അസ്വസ്ഥതകൾ അനുഭവിച്ച വയലാറിനെ ഇന്ന് എഴുപത്തേഴിലെത്തി നിൽക്കുന്ന വർഗീസ് ഇന്നലത്തെപ്പോലെ ഓർക്കുന്നു.
ഏറെ ദിവസമെടുത്താണ് 'ബലികുടീരങ്ങളേ' എന്ന പാട്ട് പൂർത്തിയാക്കിയത്. 36 രൂപയായിരുന്നു ഹോട്ടൽ ചെലവ് . അത് കടം പറഞ്ഞു.
ജെ.ഡി. തോട്ടാനെന്ന സംവിധായകൻ അടുത്ത മുറിയിൽ ഉണ്ടായിരുന്നു. അദ്ദേഹവുമായി സംസാരിച്ച ശേഷമാണ് പാട്ടെഴുത്ത് വേഗത്തിലായത്.
ഒരു ദിവസം ദേവരാജൻ മാഷെത്തി പാട്ട് വായിച്ചശേഷം വയലാറിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അപ്പോൾ വയലാറിന്റെ കണ്ണു നിറഞ്ഞു. ഹാർമോണിയം പെട്ടി തുറന്ന് ഒരു മണിക്കൂറുകൊണ്ടാ മാഷ് ട്യൂണിട്ടത്. കോട്ടയം ആർട്സ് ക്ലബിൽവച്ചായിരുന്നു റിഹേഴ്സൽ. കെ.പി.എ.സി ജോൺസൺ, കെ.എസ്. ജോർജ്, സി.ഒ. ആന്റോ, കെ.പി.എ.സി സുലോചന, എൽ.പി.ആർ. വർമ, നടൻ ജോസ് പ്രകാശ്, കൊടുങ്ങല്ലൂർ ഭാഗീരഥിഅമ്മ, പുഷ്പവല്ലി തുടങ്ങി നിരവധി പ്രമുഖർ റിഹേഴ്സലിനുണ്ടായിരുന്നു...
ഇന്നലെ കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് 'ബലികുടീരങ്ങളു'ടെ അറുപതാം പിറന്നാൾ പുരോഗമനകലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചപ്പോൾ വിശിഷ്ടാതിഥികളുടെ കൂട്ടത്തിൽ ഓർമകൾ പങ്കിടാൻ വയലാറിന്റെ 'മുറിക്കു കാവൽ നിന്ന' വർഗീസുമുണ്ടായിരുന്നു.
ബെസ്റ്റോട്ടലിലെ റൂംബോയ് ആയി തുടങ്ങിയ വർഗീസ് മാനേജരായാണ് വിരമിച്ചത്. അതിനിടയിൽ തകഴി 'രണ്ടിടങ്ങഴി' എഴുതുന്നതിനും പൊൻകുന്നംവർക്കി 'കതിരുകാണാകിളി' എഴുതുന്നതിനും ഇദ്ദേഹം സാക്ഷിയായി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ