'ബലികുടീരങ്ങളേയ്ക്ക് ..... 60 വയസ് ....നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
August 13, 2017, 12:46 am
വി.ജയകുമാർ
60 വയസിലെത്തിയ 'ബലികുടീരങ്ങളേ' എന്ന ഗാനത്തിന്റെ സ്മരണ ആ അനശ്വര വിപ്ലവഗാനം പിറന്ന മണ്ണായ കോട്ടയം പുതുക്കുന്നു.
ഒരു കാലഘട്ടത്തിന്റെ വിപ്ലവശബ്ദവും തലമുറകളിൽ പോരാട്ടത്തിന്റെ കൈത്തിരിനാളം പകർന്ന് ഇന്നും നിത്യ രോമാഞ്ചവുമായ ഗാനത്തിന്റെ 'ഷഷ്ടിപൂർത്തി 'പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 14 ന് ഗാനരചനയ്ക്ക് സാക്ഷിയായ ബെസ്റ്റ് ഹോട്ടലിന് സമീപമുള്ള കോട്ടയം തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ആഘോഷിക്കും.
കാലമെത്ര ചെന്നാലും പുതുമ വറ്റാത്ത വിപ്ളവ വീര്യമായിരുന്നു ബലികുടീരങ്ങളേ എന്നാരംഭിക്കുന്ന ഗാനത്തിലെ വരികളിലൂടെ വയലാർ രാമവർമ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്‍കിയത്. ഒന്നാം സ്വാതന്ത്യ്ര സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1957-ൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. ഇതിന്റെ ഉദ്ഘാടന വേളയിൽ ആഗസ്റ്റ് 14ന് ആലപിക്കാനാണ്ആദ്യത്തെ ലക്ഷണമൊത്ത വിപ്ലവഗാനമായ 'ബലികുടീരങ്ങളേ' ..എന്ന ഗാനം തയ്യാറാക്കിയത്. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ മുഴുവൻ പേർക്കുമുള്ള സ്മാരകത്തിന്റെ ഉദ്ഘാടന വേളയിൽ ആവേശം പകരുന്ന ഗാനം തന്നെ ഒരുക്കണമെന്ന് സംഘാടകർക്ക് നിർബന്ധമായിരുന്നു. രചന വയലാറും സംഗീതം ജി ദേവരാജനും ആകണമെന്ന് നിർദ്ദേശിച്ചത് ജോസഫ് മുണ്ടശേരിയായിരുന്നു. 1957 ജൂലൈ മാസത്തിൽ കോട്ടയം 'ബെസ്റ്റോട്ടലി'ൽ താമസിച്ച് മൂന്നുദിവസം കൊണ്ട് വയലാർ ഗാനരചന പൂർത്തിയാക്കി. വയലാറിനെ പുറത്തു വിടാതെ പിടിച്ചിരുത്തി പാട്ടെഴുതിക്കാൻ 'സർവസന്നാഹവുമായ്' ഒരു സഹായിയെയും നൽകിയിരുന്നു. പിന്നീട് ദേവരാജൻ മാഷ് വിപ്ലവവീര്യം സിരകളിൽ നിറയ്ക്കുന്ന സംഗീതം പകർന്നു .ആദ്യം പാടിയതും ഈണമിട്ട മാഷായിരുന്നു.

പാളയം രക്തസാക്ഷി മണ്ഡപം തുറന്നുകൊടുത്തത് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദായിരുന്നു. ഇതിന്റെ ഭാഗമായാണ് വി.ജെ.ടി ഹാളില്‍ 60 ഗായകർ ചേർന്ന് 'ബലികുടീരങ്ങളേ' ആദ്യമായി ആലപിച്ചത്. ഗായകരിൽ കെ .എസ് ജോർജ്, കെ.പി.എ.സി സുലോചന പിന്നീട് നടനായി മാറിയ ജോസ് പ്രകാശ്, അഡ്വ. ജനാർദ്ദനക്കുറുപ്പ്, ,എൽ.പി.ആർ വർമ്മ, സി.ഒ.ആന്റോ, കവിയൂർ പൊന്നമ്മ, കൊടുങ്ങല്ലൂർ ഭഗീരഥിയമ്മ, സുധർമ,ബിയാട്രീസ്, വിജയകുമാരി, അന്റണി എലിസബത്ത് എന്നിവരുമുണ്ടായിരുന്നു.

ഗാനം രചിക്കാൻ അന്ന് മറ്റു പല രചയിതാക്കളുടെയും പേർ നിർദ്ദേശിച്ചെങ്കിലും വിപ്ളവത്തിന്റെ തീയുള്ള മനസ്സിൽ നിന്നാവണം വരികളെന്ന തീരുമാനമാണ് വയലാർരാമവർമയിൽ എത്തിയത്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയ വർഷം കൂടിയായിരുന്നു അത്. ഈ ഗാനം പിറന്ന് ഇന്ന് ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും നാമറിയാതെ സിരകളിൽ ആവേശം നിറയ്ക്കുന്ന വരികളായി ബലികുടീരങ്ങളേ എന്ന ഗാനം നിലനില്ക്കുകയാണ് .ഇങ്ങനെ പറയാൻ മറ്റൊരു വിപ്ലവ ഗാനവുമില്ല . മലയാള നാടക ചലച്ചിത്ര ഗാന രംഗത്ത് വയലാർ-ദേവരാജൻ ‌ടീമെന്ന അനശ്വര കൂട്ടുകെട്ടിന് തുടക്കമിടാനും ഈ ഗാനത്തിന്റെ സ്വീകാര്യത നിമിത്തമായി.പിന്നീട് കെ.പി.എ.സിയുടെ നാടകവേദികളിലൂടെയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി യോഗങ്ങളിലൂടെയും 'ബലികുടീര'ങ്ങളേ കേരളത്തിന്റെ ഹൃദയം കവർന്നു.

ബലികുടീരങ്ങളേയുടെ അറുപതാം വാ‌‌ർഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയത്ത് സി.പി.എം ജില്ലാ സെക്രട്ടറി വി .എൻ. വാസവൻ ചെയർമാനും ബി. ശശികുമാർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.
14ന് വൈകുന്നേരം മൂന്നിന് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ ആരംഭിക്കുന്ന ഗാനസ്മരണയിൽ ഡോ. പുതുശേരി രാമചന്ദ്രൻ , ഏഴാച്ചേരി രാമചന്ദ്രൻ , കെ .സുരേഷ് കുറുപ്പ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുമരകം അനിൽകുമാറും സംഘവും അവതരിപ്പിക്കുന്ന വയലാർ-പി ഭാസ്കരൻ -ഒ.എൻ.വി സ്മൃതി ഗാനസന്ധ്യയോടെയാണ് ബലികുടീരങ്ങളേ ...എന്ന അനശ്വര വിപ്ലവഗാനത്തിന്റെ അറുപതാം വാർഷികാഘോഷത്തിന് ജന്മനാടായ കോട്ടയം സിന്ദൂര മാല ചാർത്തുന്നത്.ആ അനശ്വരഗാനമിതാ


ബലികുടീരങ്ങളേ! ബലികുടീരങ്ങളേ!
സ്മരണകളിരമ്പും രണസ്മാരകങ്ങളേ!
ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ
സമരപുളകങ്ങൾതൻ സിന്ദൂരമാലകൾ...
(ബലികുടീരങ്ങളേ)
ഹിമഗിരിമുടികൾ കൊടികളുയർത്തീ
കടലുകൾ പടഹമുയർത്തി
യുഗങ്ങൾ നീന്തിനടക്കും ഗംഗയിൽ
വിരിഞ്ഞു താമരമുകുളങ്ങൾ
ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു
ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂച്ചെണ്ടുകൾ
പുതിയ പൗരനുണർന്നൂ...
(ബലികുടീരങ്ങളേ)

തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങൾ
കൊളുത്തി നിങ്ങൾ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങൾ
നിങ്ങൾ നിന്ന സമരാങ്കണഭൂവിൽ
നിന്നണഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങള് മലനാട്ടിലെ മണ്ണിൽ
നിന്നിതാ പുതിയ ചെങ്കൊടി നേടി

ബലികുടീരങ്ങളേ..ബലികുടീരങ്ങളേ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ