Thursday, 21 September 2017 10.41 AM IST
സാക്ഷരതാ പ്രേരക് വേതനം കൂട്ടിയതിന് നിർബന്ധിത പിരിവ്
August 28, 2017, 3:00 am
പി.എസ്.സോമനാഥൻ
കോട്ടയം: ഓണറേറിയം വർദ്ധിപ്പിച്ചതിന്റെ പേരിൽ സാക്ഷരതാ പ്രേരക് മാരിൽ നിന്ന് സംഘടന നിർബന്ധമായി പിരിച്ചെടുത്തത് ലക്ഷങ്ങൾ. പിരിച്ച പണത്തിന് രസീതുനൽകുകയോ മാസങ്ങൾ കഴിഞ്ഞിട്ടും തുക എന്തു ചെയ്തെന്ന് അംഗങ്ങളെ ബോധ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. കേരള സാക്ഷരതാ പ്രേരക് അസോസിയേഷനാണ് (കെ.എസ്.പി.എ) പണപ്പിരിവ് നടത്തിയത്.
ഓണറേറിയം വർദ്ധിപ്പിക്കുന്നതിനുവേണ്ടി സർക്കാർതലത്തിൽ നടത്തിയ ഇടപെടലിനും അതുമായി ബന്ധപ്പെട്ട ചെലവുകൾക്കും എന്നു പറഞ്ഞായിരുന്നു പിരിവ്. ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്ലോക്ക് തലത്തിൽ 2200 പ്രേരക്മാരാണ് സംസ്ഥാനത്തുള്ളത് . 2500, 2900, 3800 രൂപ നിരക്കിലായിരുന്നു ഇവരുടെ പ്രതിമാസ വേതനം. ഇത് 2017 ജനുവരി മുതൽ യഥാക്രമം 10500, 12000, 15000 രൂപയായി വർദ്ധിപ്പിച്ചു. അതിനുള്ള പ്രതിഫലമായി വർദ്ധിപ്പിക്കുന്നതിനുമുമ്പുള്ള ഒരുമാസത്തെ വരുമാനം അസോസിയേഷന് സംഭാവന നൽകണമെന്നായിരുന്നു നിർദ്ദേശം. കുറഞ്ഞത് 2500 രൂപ ഒാരോരുത്തരിൽ നിന്നും വാങ്ങി. ചിലർ ഇത് ചോദ്യം ചെയ്തപ്പോൾ ക്ഷേമനിധി രൂപീകരിക്കാനാണെന്നായി നേതാക്കൾ. എന്നാൽ പണം പിരിച്ചതല്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും ക്ഷേമനിധിയുമില്ല, പിരിച്ച പണത്തിന് കണക്കുമില്ല.
ശമ്പളം കൂട്ടിയതിന്റെ പേരിൽ സംഭാവന പിരിച്ചെങ്കിലും കഴിഞ്ഞ മേയ് മുതൽ പ്രേരക് മാർക്ക് വേതനവും കിട്ടുന്നില്ല. ഓണക്കാലമായിട്ടും ശമ്പളമില്ലാതെ വന്നതോടെയാണ് പിരിവ് വിവാദം തലപൊക്കിയത്. എല്ലാവരും പിരിവ് കൊടുക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്ന് പ്രചാരണമുണ്ട്. അതിനിടെ അസോസിയേഷന് പിരിവ് കൊടുക്കാൻ വിസമ്മതിച്ചവരെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതായും ആക്ഷേപമുയർന്നു.


പിരിച്ചുവിടുമെന്ന് ഭീഷണി

പ്രേരക്മാരിൽ കൂടുതലും സ്ത്രീകളാണ്. 700, 1200 രൂപ വേതനത്തിന് 1994 -95 കാലഘട്ടം മുതൽ സേവനം തുടങ്ങിയ ഇവർക്ക് മുൻ സർക്കാരിന്റെ കാലത്താണ് 2500- 3800 രൂപ നിരക്കിൽ വർദ്ധിപ്പിച്ചു നൽകിയത്. ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിച്ചതിലും കൂടിയ തുക ലഭിച്ചപ്പോൾ അതിന്റെ പിതൃത്വം ഇടത് അനുകൂല സംഘടനയായ കേരള സാക്ഷരത പ്രേരക് അസോസിയേഷൻ ഏറ്റെടുക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ഭരണസ്വാധീനമുപയോഗിച്ച് പിരിച്ചുവിടുമെന്ന ഭീഷണിക്ക് വഴങ്ങിയാണ് അസോസിയേഷൻ നേതാക്കളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലേയ്ക്കും നേരിട്ടുമൊക്കെ പ്രേരക്മാർ പണം നൽകിയത്. പണം നൽകാത്തവരെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയും ചെയ്തുതീർക്കാനാവാത്ത ജോലിഭാരം അടിച്ചേൽപ്പിച്ചും ബുദ്ധിമുട്ടിക്കുന്നു. പ്രതികരിച്ചാൽ പിരിച്ചുവിടാൻ സാദ്ധ്യതയുള്ളതുകൊണ്ട് പലരും വലിയ മാനസിക സമ്മർദ്ദത്തിലുമാണ്.



പിരിച്ചത് ജില്ലാ കമ്മിറ്റികൾ:
സി.പി. നാരായണൻ
ചില ജില്ലാ കമ്മിറ്റികൾ പണം പിരിച്ചതായി അറിഞ്ഞു. എത്ര പിരിച്ചെന്നോ, അത് എന്തു ചെയ്തെന്നോ അറിയില്ല. ക്ഷേമനിധി തുടങ്ങാൻ ഉദ്ദേശിച്ചിരുന്നെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല.

സാക്ഷരതാമിഷന് ബന്ധമില്ല
പ്രേരക് അസോസിയേഷന്റെ പണപ്പിരിവുമായി യാതൊരു ബന്ധവുമില്ല. ഓണറേറിയം വർദ്ധിപ്പിച്ചത് അസോസിയേഷന്റെ ഇടപെടൽ മൂലവുമല്ല.

ഡോ.പി.എസ്. ശ്രീകല, ഡയറക്ടർ
സംസ്ഥാന സാക്ഷരതാമിഷൻ

crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ