വാതപ്പനി കുരുന്നുകളെ കുരുക്കുന്നു, മരുന്നിന് ക്ഷാമം
August 20, 2017, 12:58 am
അർച്ചന ഷാജി
കോട്ടയം : റുമാറ്റിക് ഫിവറിനുള്ള (വാതപ്പനി) മരുന്ന് കിട്ടാതായതോടെ പതിനായിരക്കണക്കിന് രോഗികൾ ആശങ്കയിൽ. പെൻസിലിൻ വി ഗുളിക, ബെൻസത്തിൻ പെൻസിലിൻ കുത്തിവയ്പ് എന്നിവയ്‌ക്കാണ് ക്ഷാമം.
റുമാറ്റിക് ഹാർട്ട് ക്ലബിന്റെ കണക്ക് പ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മാത്രം 3800 പേർ വാതപ്പനിക്ക് ചികിത്സ തേടുന്നുണ്ട്. അഞ്ച് മുതൽ 14 വയസു വരെയുള്ള കുട്ടികളിലാണ് അസുഖം കൂടുതലുമുള്ളത്. തുടക്കത്തിൽ കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയ വീക്കമടക്കമുള്ള ഗുരുതരാവസ്ഥയിലേക്കെത്തും.
പെൻസിലിൻ വി
നിറുത്തിയിട്ട് അഞ്ച് വർഷം
റുമാറ്റിക് ഫിവറിന് 'പെൻസിലിൻ വി' ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. എന്നാൽ മരുന്നെത്തിച്ചിരുന്ന ഹിന്ദുസ്ഥാൻ ആൻഡി ബയോട്ടിക് കമ്പനി അഞ്ച് വർഷങ്ങൾക്ക് മുമ്പ് വിതരണം നിറുത്തി. പകരം 'പെൻറ്റിട്‌സ് 400' ഉപയോഗിക്കാൻ ഡോക്‌ടർമാർ നിർദ്ദേശിച്ചു. എന്നാൽ രണ്ട് മാസമായി ഇതും കിട്ടുന്നില്ല. ഇതോടെ സർക്കാർ - സ്വകാര്യ ആശുപത്രി ഫാർമസികളിലും മെഡിക്കൽ ഷോപ്പുകളിലും കയറിയിറങ്ങി രോഗികൾ വലയുകയാണ്.
മരുന്ന് കിട്ടന്നതുവരെ ഏറിത്രോമൈസിൻ ഗുളിക ഉപയോഗിക്കാനാണ് ഇപ്പോൾ ഡോക്‌ടർമാരുടെ ശുപാർശ.

സർക്കാർ ഫണ്ട് കിട്ടിയാൽ
മരുന്ന് ഉത്‌പാദിപ്പിക്കും
സംസ്ഥാന സർക്കാർ ഫണ്ടനുവദിച്ചാൽ റുമാറ്റിക് ഫിവറിനുള്ള
പെൻസിലിൻ വി ഉത്‌പാദിപ്പിക്കാമെന്ന് കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) അറിയിച്ചു. മരുന്നിനായുള്ള അസംസ്‌കൃത വസ്‌തുക്കൾ ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യണം. ഇത് വലിയ ചെലവുണ്ടാക്കും.

വാതപ്പനിക്ക്
വേണ്ടത് കരുതൽ
സ്ട്രെപ്‌റ്റോകോക്കസ് അണുബാധയാണ് റുമാറ്റിക് ഫിവറിന് (വാതപ്പനി) കാരണം. തൊണ്ട വേദനയാണ് ആദ്യ ലക്ഷണം. 70 ശതമാനം തൊണ്ടവേദനയും വൈറൽ പനിയെ തുടർന്നാണുണ്ടാകുന്നത്. 30 ശതമാനം സ്ട്രെപ്‌റ്റോകോക്കസ് അണുബാധയെ തുടർന്നും.
കുട്ടികളിൽ ദിവസങ്ങൾ നീളുന്ന തൊണ്ടവേദനയ്ക്ക് ശേഷം കാൽ, കൈമുട്ടുകൾ എന്നിവയിൽ നീരും, ത്വക്കിന് പുറമേ തടിപ്പും, പനിയും ചലനങ്ങളിൽ അപാകതയുമുണ്ടാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ