അരുംകൊലയുടെ ഒന്നാം ദിനം, പിടിവീണത് മുൻവിളിയിൽ
August 29, 2017, 12:09 pm
രാകേഷ് കൃഷ്‌ണ
കോട്ടയം: അതിക്രൂരമായ കൊലപാതകത്തിന്റെ വാർത്ത കേട്ടാണ് കോട്ടയം നഗരം ഞായറാഴ്‌ച ഞെട്ടിയുണ‌ർന്നത്. ഊരും പേരും അറിയാത്ത, തലയില്ലാതെ മൂന്ന് കഷണങ്ങളാക്കിയ ഒരു മൃതദേഹം മാങ്ങാനം - പുതുപ്പള്ളി റോഡരികിൽ ചാക്കിൽ കെട്ടിയ നിലയിൽ തള്ളിയിരിക്കുന്നു! മാങ്ങാനം റോഡരികിലെ കുറ്റിക്കാട്ടിൽ നിന്ന് അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാ‌ർ നടത്തിയ പരിശോധനയിലാണ് ചാക്കിൽക്കെട്ടിയ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പുറത്തുവന്നത് അതിക്രൂരമായ കൊലപാതകത്തിന്റെ കഥയായിരുന്നു! മീനടം മലകുന്നം സ്വദേശിയും പോക്കറ്റടിയും പിടിച്ചു പറിയും അടക്കം നിരവധി കേസുകളിൽ പ്രതിയുമായ സന്തോഷിനെയാണ് കൊലപ്പെടുത്തി കഷണങ്ങളാക്കി അറുത്ത് റോഡരികിൽ തള്ളിയതെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മുട്ടമ്പലം റയിൽവേ കോളനിയിലെ കുപ്രസിദ്ധ ഗുണ്ട വിനോദ് (കമ്മൽ വിനോദ് -35), ഭാര്യ കുഞ്ഞുമോൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാലിന്യം മൂടാനെത്തി, ചാക്കിലെ മൃതദേഹം പുറത്തായി
മാങ്ങാനം മുണ്ടകപ്പാടത്തിന് സമീപം റോഡരികിലെ കുറ്റിക്കാട്ടിൽ നിന്ന് അതിരൂക്ഷമായ ദുർഗന്ധമാണ് കഴിഞ്ഞ മൂന്നു ദിവസമായി ഉയർന്നിരുന്നത്. നാട്ടുകാരിൽ ചിലർ സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലമായതിനാൽ ഇത്തരം ദുർഗന്ധം ഇവിടെ പതിവാണ്. അതുകൊണ്ടാണ് സമീപവാസിയായ ബിജു മാലിന്യം മണ്ണിട്ടു മൂടാൻ തൂമ്പയുമായി എത്തിയത്. അതിനായി സമീപത്ത് കുഴിയെടുത്ത ശേഷം കുറ്റിക്കാട്ടിനുള്ളിലേയ്‌ക്കു നോക്കിയ ബിജു ഞെട്ടിപ്പോയി. ചാക്കിൽ നിന്ന് പുറത്തേയ്‌ക്കു മനുഷ്യന്റെ കാലുകൾ തള്ളിനിൽക്കുന്നു. കാലുകളിൽ പുഴുവരിച്ചു തുടങ്ങിയിരിക്കുന്നു. ബിജു ഉടൻ തന്നെ ഈസ്റ്റ് എസ്.ഐ രഞ്ജിത് കെ.വിശ്വനാഥനെ വിവരം അറിയിച്ചു. ഡിവൈ.എസ്.പി സഖറിയ മാത്യുവിന്റെയും സി.ഐ സാജു വർഗീസിന്റെയും നേതൃത്വത്തിലുള്ള സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി.

രണ്ടു ചാക്കിലായി അറുത്തിട്ട ശരീരം
സംഭവ സ്ഥലത്ത് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കുറ്റിക്കാടിനുള്ളിൽ രണ്ടു ചാക്കുകളിലായി അറുത്തിട്ട ശരീരം കണ്ടെത്തിയത്. തുടർന്ന് സ്ഥലം രണ്ടായി കെട്ടിത്തിരിച്ച് പൊലീസ് സംഘം ബന്തവസിലാക്കി. നാട്ടുകാർ ഇവിടേയ്‌ക്കു കടന്നു കയറാതിരിക്കാൻ ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തി. പൊലീസ് സംഘം ചാക്കുകൾ പുറത്തെടുത്തു. തലയില്ലാത്ത ഉടൽ ഒരു ചാക്കിലും, അരയ്‌ക്കു താഴേയുള്ള ഭാഗം മറ്റൊരു ചാക്കിലുമായിരുന്നു. മൃതദേഹം പുറത്തെടുത്ത് പൊലീസ് വിശദമായി പരിശോധന നടത്തി. മ‌ൃ‌തദേഹത്തിന്റെ അരയിൽ കാവിമുണ്ട് ചുറ്റിയിരുന്നു. നീല ഷർട്ട് കൈമുട്ടിനു മുകളിൽ മടക്കി വച്ചിരിക്കുന്ന നിലയിലായിരുന്നു. പ്രാഥമിക പരിശോധന നടത്തിയ പൊലീസ് സംഘം മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ടെന്ന സൂചനയാണ് നൽകിയത്. എന്നാൽ, തല കണ്ടെത്താനാകാതെ വന്നതോടെ പൊലീസ് സംഘം കുഴങ്ങി.

കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം
തലയില്ലാത്തതു കാരണം ആളെ തിരിച്ചറിയാൻ പൊലീസ് സംഘത്തിന് സാധിച്ചില്ല. ഇതേ തുടർന്നു പൊലീസ് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ കാണാതായവരുടെ പട്ടിക തയ്യാറാക്കി. മുപ്പതിലേറെ ആളുകളുടെ പട്ടികയാണ് പൊലീസ് പരിശോധിച്ചത്. എന്നാൽ, ഈ പട്ടികയിൽ കൊല്ലപ്പെട്ട സന്തോഷിന്റെ പേരുണ്ടായിരുന്നില്ല. ഇതിനിടെയാണ് പോക്കറ്റടി, പിടിച്ചുപറി കേസുകളിൽ പ്രതിയായ സന്തോഷ് ദിവസങ്ങളായി വീട്ടിലെത്തുന്നില്ലെന്ന വിവരം പൊലീസ് സംഘത്തിന് ലഭിച്ചത്. പൊലീസ് സംഘം സന്തോഷിന്റെ പിതാവുമായി ബന്ധപ്പെട്ടു. സന്തോഷിന്റെ മൊബൈൽ ഫോൺ ഈ സമയം വീട്ടിലുണ്ടായിരുന്നു. ഈ ഫോൺ പരിശോധിച്ചപ്പോൾ അവസാനമായി ഫോണിൽ എത്തിയ കോൾ കുപ്രസിദ്ധ ഗുണ്ട കമ്മൽ വിനോദിന്റെ ഭാര്യ കുഞ്ഞുമോളുടേതാണെന്ന് പൊലീസ് കണ്ടെത്തി. പൊലീസ് കുഞ്ഞുമോളെയും കമ്മൽ വിനോദിനെയും മീനടം പുത്തൻപുരപ്പടിയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതോടെയാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ