Thursday, 21 September 2017 10.37 AM IST
ഫാ.ഉഴുന്നാലിന്റെ മോചനം കേന്ദ്ര ഇ‌‌‌ടപെടൽ മൂലമെന്ന് കണ്ണന്താനം
September 14, 2017, 2:48 am
പ്രത്യേക ലേഖകൻ
കോട്ടയം: പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഒന്നരവർഷമായി നടത്തിയ ഇടപെടൽ മൂലമാണ് ഫാ.ടോം ഉഴുന്നാലിൽ മോചിതനായതെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നു ദിസം മുമ്പ് മന്ത്രി സുഷമാ സ്വരാജുമായി സംസാരിച്ചപ്പോൾ നല്ല വാർത്ത ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉണ്ടായില്ലെന്ന് പൊട്ടന്മാരല്ലാത്ത ആരെങ്കിലും പറയുമോ. മോചിപ്പിച്ച വ്യക്തിയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചശേഷമേ ആധികാരികമായ വെളിപ്പെടുത്തൽ നടത്താൻ കേന്ദ്രത്തിന് കഴിയൂ. അതാണ് വിദേശകാര്യമന്ത്രി ട്വിറ്റ് ചെയ്യാൻ വൈകിയത്. മോചിതനാക്കുക എന്നതാണ് പ്രധാനം . മോചനത്തെക്കുറിച്ച് റണ്ണിംഗ് കമന്ററി നടത്തുന്നത് സർക്കാരിന്റെ പണിയല്ല. മോചന ദ്രവ്യം കൊടുത്തെങ്കിൽ കൊടുത്തെന്ന് ആരെങ്കിലും പറയുമോ. ഒരു കാലത്തും പുറത്തുവരാത്ത രഹസ്യങ്ങൾ ഇത്തരം സംഭവങ്ങൾക്കുപിന്നിൽ കാണും.
കേരള സർക്കാർ വിചാരിച്ചാലോ, നമ്മുടെ എം.എൽ.എമാർ നിയമസഭയിൽ മുദ്രാവാക്യം വിളിച്ചാലോ യമനിൽ തട്ടിക്കൊണ്ടു പോയവരെ വിടുമോ. ഉമ്മൻചാണ്ടി, കെ.എം.മാണി , ജോസ് കെ. മാണി എന്നിവരുടെ പ്രചാരണത്തോട് സഹതാപമാണുള്ളത്. വത്തിക്കാന്റെ ഇടപെടൽ ഉണ്ടായെന്ന വാർത്ത ഇന്നലെ തിരുത്തി. കത്തോലിക്ക അച്ചനായതു കൊണ്ടാകാം വത്തിക്കാന് നന്ദി പറഞ്ഞത്. തട്ടിക്കൊണ്ടു പോയി തടവിൽ കഴിഞ്ഞ ആൾക്ക് തന്നെ രക്ഷിച്ചതിനുപിന്നിൽ പ്രവർത്തിച്ചവരെ എങ്ങനെ അറിയാൻ കഴിയും. സൗദി അറേബ്യയുടെ പങ്കും പ്രധാനമാണ്.
ന്യൂനപക്ഷ താത്പര്യം മാത്രം സംരക്ഷിച്ചാൽ ഹിന്ദു ഐക്യവേദി എതിർക്കുമെന്ന ശശികലയുടെ പ്രസ്താവനയ്ക്കു മറുപടിയില്ല. 27 വർഷം ഐ.എ.എസിലും അഞ്ചു വ‌ർഷം എം.എൽ.എ ആയും പ്രവർത്തിച്ച കാലത്ത് ഏതെങ്കിലും പ്രത്യേക സമുദായതാത്പര്യം കാട്ടിയെന്ന് ആരും പറയില്ല. കേന്ദ്രമന്ത്രിയായ ശേഷം പള്ളി സന്ദർശനത്തിനൊപ്പം വിവിധ ക്ഷേത്രങ്ങളിലും പോയി. എല്ലാ സമുദായത്തിൽ പെട്ടവരും സുഹൃത്തുക്കളാണെന്നും കണ്ണന്താനം പറഞ്ഞു.

crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ