കുട്ട്യേടത്തി വിലാസിനിക്ക്‌ ഒരു വീട് വേണം
October 8, 2017, 12:10 am
വി.ജയകുമാർ
കോട്ടയം: നാടകത്തിലും സിനിമയിലും സ്വന്തം മേൽവിലാസമുണ്ടാക്കിയ കുട്ട്യേടത്തി വിലാസിനിക്ക് ‌ ഒരു വീടുവേണം. സ്വന്തം മേൽവിലാസത്തിലുള്ള വീട്. മൂവായിരത്തോളം നാടകങ്ങളിൽ വേഷംകെട്ടി. ഇരുനൂറോളം സിനിമകളിലും അഭിനയിച്ചു. എന്നിട്ടും ഒരു വീടുണ്ടാക്കാൻ കഴിഞ്ഞില്ല. ''വയസുകാലത്തെ ആഗ്രഹമാണ്. എന്നെ ഇഷ്ടപ്പെടുന്നവർ അത് സാധിച്ചു തരുമെന്നാണ് പ്രതീക്ഷ. ..'' ഇടറിയ ശബ്ദത്തിൽ ഇത് പറയുമ്പോൾ മിഴികൾ ഇറനണിഞ്ഞിരുന്നു.
എം.ടി. വാസുദേവൻ നായർ സൃഷ്ടിച്ച കുട്ട്യേടത്തി എന്ന കഥാപാത്രത്തെ പി.എൻ. മേനോന്റെ സിനിമയിൽ സത്യനൊപ്പം അഭിനയിച്ച് അനശ്വരമാക്കിയതിന് പ്രേക്ഷകർ നൽകിയ സമ്മാനമാണ് പേരിനൊപ്പമുള്ള കുട്ട്യേടത്തി.
അഞ്ചു പതിറ്റാണ്ടിലേറെകാലം നാടകത്തിലും സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടും ഒരു വീട് പോലും ഉണ്ടാക്കാൻ കഴിഞ്ഞില്ലേ എന്നു ചേദിച്ചാൽ കണ്ണീരിൽ ചാലിച്ച ചെറുചിരിയോടെ വിലാസിനി പറയും: അന്നത്തെ കാലത്ത് വല്യ കാശൊന്നും കിട്ടില്ല. കിട്ടിയ കാശുകൊണ്ട് കുടുംബം പുലർത്തി. മക്കളെയൊക്കെ നല്ല നിലയിൽ എത്തിച്ചു. നാടകാഭിനയം തലയ്ക്കു പിടിച്ചതിനാൽ സ്വന്തമായി ഒരു നാടക ട്രൂപ്പ് തുടങ്ങി. ട്രൂപ്പ് പൊളിഞ്ഞതോടെ ലക്ഷങ്ങളുടെ കടക്കാരിയായി. കടം വീട്ടാൻ ഉള്ളതെല്ലാം വിറ്റു. തിരുവനന്തപുരത്തും കോഴിക്കോട്ടും മാറി മാറി താമസിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത് ഒരു മകന്റെ കൂടെയാണ് താമസം.

ഇനിയും കുന്തിയാവണം:
സംഗീതനാടക അക്കാഡമി അവാർഡ് തുടർച്ചയായി മൂന്നു വർഷം കിട്ടി. കേരളത്തിലെ പ്രശസ്ത നാടക ട്രൂപ്പുകളിലൊക്കെ അഭിനയിച്ചു. നാടകവും സിനിമയും കഴിഞ്ഞു, സീരിയലുമായി. ഇനിയും നാടകത്തിൽ അഭിയിക്കണമെന്ന് ഒരാഗ്രഹം. നാല്പതു വർഷം മുമ്പ് കുന്തിയായി ഒരു നാടകത്തിൽ അഭിനയിച്ചു. ആ നാടകം ഇന്ന് വീണ്ടും അവതരിപ്പിക്കുന്നു. കുന്തിയുടെ വേഷത്തിൽ ഞാനും. ഏറെ ഡയലോഗുണ്ട്. നാലുപതിറ്റാണ്ടിനു ശേഷം അതെല്ലാം കാണാതെ പഠിച്ച് പറയുന്നതിന്റെ ടെൻഷനിലാണ് ഞാൻ.
ആർട്ടിസ്റ്റ് കേശവന്റെ പേരിൽ മകൻ ആർട്ടിസ്റ്റ് സുജാതൻ ഏർപ്പെടുത്തിയ പ്രഥമ ആർട്ടിസ്റ്റ് കേശവൻ അവാർഡ് കോട്ടയത്ത് ദർശന പ്രൊഫഷണൽ നാടകമത്സരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വാങ്ങാൻ വിലാസിനി എത്തിയത് കോഴിക്കോട് നാടകത്തിന്റെ റിഹേഴ്സൽ ക്യാമ്പിൽ നിന്നായിരുന്നു. സ്വന്തം നാടക ട്രൂപ്പാരംഭിച്ചപ്പോൾ സെറ്റ് വരച്ചത് സുജാതനായിരുന്നു. വിലാസിനിയുടെ ജീവിതകഥ മനസിലാക്കിയ സംവിധായകൻ ജോഷിമാത്യു തന്റെ പുതിയ സിനിമയിൽ അഭിനയിക്കാനും ക്ഷണിച്ചതിന്റെ സന്തോഷത്തിലാണ് വിലാസിനി കോട്ടയം വിട്ടത്.

crr

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ