Saturday, 21 October 2017 9.23 PM IST
വാനില വില വാനം മുട്ടെ, കിലോ @ ₹ 30000
October 12, 2017, 7:12 pm
വി.ജയകുമാർ

വിലക്കയറ്റത്തിന്റെ തിളക്കത്തിൽ വാനില

കോട്ടയം: കൃഷി ഉപേക്ഷിച്ച് വാനില ചുവടോടെ പറിച്ചെറിഞ്ഞ കർഷകർ ഇപ്പോൾ തലയ്ക്ക് കൈകൊടുത്തിരിക്കുകയാണ്. വാനില വില പത്തിരട്ടിയോളം കയറി മുപ്പതിനായിരവും കടന്നു കുതിക്കുകയാണ്.
കോട്ടയം ഈരാറ്റുപേട്ടയിലെ ഒരു കർഷകൻ 3500 രൂപ വില കിട്ടിയിരുന്നപ്പോൾ വിൽക്കാതെ വർഷങ്ങളായി ഉണക്കി സൂക്ഷിച്ച ഏ​ഴ് കി​ലോ വാനിലയ്ക്ക് ഇപ്പോൾ കി​ട്ടി​യ​ത് ര​ണ്ടു​ല​ക്ഷ​ത്തി പ​തി​നാ​യി​രം രൂ​പ. കേരളത്തിൽ വാനില ഉത്പാദനം കുറഞ്ഞതും വില കൂടാൻ കാരണമായി.
ഇപ്പോഴത്തെ ഉയർന്ന വില കണ്ട് വാനില കൃഷി ആരംഭിച്ചാലും വിളവെടുക്കാൻ രണ്ടു വർഷമെടുക്കും . കാലാ​വ​സ്ഥ മാറിയാൽ അതിനിടെ മ​ഡ​ഗാ​സ്ക​ർ വി​പ​ണി തി​രി​ച്ചു പി​ടി​ക്കും. അ​തോ​ടെ കേരളത്തിലെ വി​ല വീ​ണ്ടും ത​ക​ർ​ന്നേ​ക്കാം. മ​ഡ​ഗാ​സ്ക​റി​ൽ നേരത്തേ കൃ​ഷി​നാ​ശ​ത്തി​നു ശേ​ഷം പു​തി​യ​താ​യി വ​ള​ർ​ത്തി​യ വാ​നി​ല​ക​ൾ വ​ലി​യ തോ​തി​ൽ ഉ​ത്പാ​ദ​നം ന​ട​ത്തു​വാ​ൻ തു​ട​ങ്ങി​യ​താ​ണ് കേ​ര​ള​ത്തി​ലെ വി​ല ഇ​ടി​വി​നും കർഷകർ കൃഷി ഉപേക്ഷിക്കാനും കാരണമായത്.
പണ്ട് വാനിലയെ സ്നേഹിച്ച കർഷകർ വിലക്കയറ്റത്തിന്റെ തിളക്കത്തിൽ വാനിലയിൽ വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയതോടെ വാനില വള്ളികളുടെ ലഭ്യതയിലും വർദ്ധന ഉണ്ടായി. ഒന്നര മീറ്റർ നീളമുള്ള വാനില വള്ളി 80 മുതൽ 100 രൂപയ്ക്കാണ് കച്ചവടം. എന്നാൽ വാനില ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ വിപണന സാധ്യത വർദ്ധിച്ചത് മുന്നിൽകണ്ട് വില ഇടിയില്ലെന്ന ശുഭ പ്രതീക്ഷയിൽ കർഷകർ വീണ്ടും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ്.

ഉത്പാദനം കൂടുമ്പോൾ വില ഇടിയുമോ?
കോട്ടയം ഇടുക്കി ജില്ലകളിലായിരുന്നു വാനില കൃഷി കൂടുതൽ. പച്ച ബീൻസിന്റെ വില 2000കടന്നതോടെ കർഷകർ വ്യാപകമായി കൃഷിയിലേയ്ക്ക് തിരിഞ്ഞു. വാനില മോഷണം പോകാതിരിക്കാൻ കാവലും വൈദ്യുതി വേലികളും വരെ വൻകിട തോട്ടമുടമകൾ സ്ഥാപിച്ചിരുന്നു. കൃഷി വകുപ്പ് വ്യാപകമായി വാനില വള്ളികൾ എത്തിച്ചു കർഷകരെ പ്രോത്സാഹിപ്പിച്ചു. റബർ വെട്ടിക്കളഞ്ഞ് വ്യാപകമായി വാനില കൃഷി തുടങ്ങിയതോടെ ഡിമാൻഡ് കുറഞ്ഞു . വിലയും കുത്തനെയിടിഞ്ഞു. കിലോയ്ക്ക് 100 രൂപയ്ക്ക് പോലും വള്ളികൾ എടുക്കാതായതോടെയാണ് കർഷകർ വാനില വള്ളികൾ പറിച്ചെറിഞ്ഞും വാ​നി​ല തോ​ട്ട​ങ്ങ​ൾ വെ​ട്ടി​ക്ക​ള​ഞ്ഞും മ​റ്റു കൃ​ഷി​ക​ളി​ലേ​ക്കു ചു​വ​ട് മാ​റ്റി. വില ഇപ്പോൾ 30000 കടന്നതോടെ കൃഷിയോട് താത്പര്യം വന്നെങ്കിലും ഉത്പാദനം വൈകുന്ന വിളയായതിനാലും ഉത്പാദനം വർദ്ധിച്ചതിനാൽ വില കുറയുമോയെന്ന ആശയകുഴപ്പത്തിലുമാണ് കർഷകർ .

വാനില
ഭക്ഷ്യോത്പന്നങ്ങളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും പ്രധാന ചേരുവയാണ് വാനില. ചോക്ലേറ്റ്, ഐസ്‌ക്രീം, കേക്ക് എന്നിവയുടെ നിർമാണത്തിൽ നിന്നും വാനില എസൻസ് അഭിഭാജ്യഘടകമാണ്.

വില നിർണയിക്കുന്നത് മഡഗാസ്കർ വിപണി
വാനില ഉത്പന്നങ്ങൾക്ക് ഡിമാൻഡേറിയത് പ്രതീക്ഷ ഉണർത്തുന്നു
ഒപ്പം വില കുറയുമോയെന്ന ആശങ്കയുമുണ്ട്

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ