Wednesday, 18 October 2017 1.53 AM IST
'ഭാഗ്യം' കളഞ്ഞുകുളിക്കുന്നു, പഠിപ്പിക്കാൻ ലോട്ടറി വകുപ്പ്
October 11, 2017, 11:45 am
രാകേഷ്‌കൃഷ്‌ണ
കോട്ടയം: ആയിരവും ലക്ഷവും കോടിയുമൊക്കെയായി ലോട്ടറി ഭാഗ്യം കടാക്ഷിച്ചെങ്കിലും അതിലൂടെ രക്ഷപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്ന് സംസ്ഥാന ലോട്ടറി വകുപ്പിന്റെ കണ്ടെത്തൽ. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിച്ചാണ് വകുപ്പ് ഇക്കാര്യം കണ്ടെത്തിയത്. ലോട്ടറി സമ്മാനം കിട്ടിയവരിൽ അൻപത് ശതമാനത്തിൽ താഴെയു‌ള്ളവർക്ക് മാത്രമാണ് ഈ പണം നിലനിറുത്താൻ സാധിക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കാത്തതു കാരണം പലർക്കും കനത്ത തിരിച്ചടിയാണ് നേരിട്ടതെന്ന് ലോട്ടറി വകുപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു. അമിതമായ തുക ഒരു ദിവസം കൈയ്യിൽ കിട്ടുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ അന്തംവിടുന്നവരാണ് പലരും. ലോട്ടറി അടിച്ചു കിട്ടുന്ന തുക, അറിയാത്ത ബിസിനസിലും അക്കൗണ്ടുകളിലും നിക്ഷേപിക്കുന്നതോടെയാണ് പലർക്കും പണം നഷ്‌ടമാകുന്നതും കനത്ത തിരിച്ചടിയുണ്ടാകുന്നതും. ഇത് ആവർത്തിക്കാതിരിക്കാൻ എന്തു ചെയ്യണമെന്ന ആലോചനയിലാണ് ലോട്ടറി വകുപ്പ്. ലോട്ടറി അടിക്കുന്നവർക്ക് പണം പ്രയോജന പ്രദമായി എങ്ങനെ വിനിയോഗിക്കാം എന്നതിനെക്കുറിച്ച് ക്ലാസുകൾ നടത്തുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ നടത്താനാണ് ആലോചന.

അവകാശികളില്ലാതെ 105.57 കോടി
കഴിഞ്ഞ സാമ്പത്തിക വർഷം അവകാശികളില്ലാതെ ലോട്ടറി വകുപ്പിൽ കെട്ടിക്കിടക്കുന്നത് 105.57 കോടി രൂപ. സമ്മാനത്തുക ഏറ്റുവാങ്ങാൻ എത്താത്തതും ലോട്ടറി കളഞ്ഞു പോയതും സമയത്ത് ലോട്ടറി എത്തിക്കാത്തതിനെ തുടർന്ന് പണം നഷ്‌ടമായവരുമെല്ലാം ഈ പട്ടികയിലുണ്ട്. 1967 ൽ പി.കെ കുഞ്ഞുസാഹിബ് ധനകാര്യമന്ത്രിയായിരിക്കുമ്പോഴാണ് കേരള സംസ്ഥാന ലോട്ടറി ആരംഭിച്ചത്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ അതത് ലോട്ടറി ഓഫീസിൽ ഏൽപ്പിക്കണമെന്നാണ് ചട്ടം. ചില പ്രത്യേക സാഹചര്യങ്ങളിൽ 90 ദിവസം വരെ ഇളവ് അനുവദിക്കാറുണ്ട്. ടിക്കറ്റ് ഹാജരാക്കിയാൽ നികുതി ഈടാക്കിയ ശേഷം 30 ദിവസത്തിനുള്ളിൽ തുക അക്കൗണ്ടിൽ ലഭിക്കും. സമ്മാനം ലഭിച്ചയാൾ ലോട്ടറി ടിക്കറ്റിന്റെ പിന്നിൽ പേരും ഒപ്പും രേഖപ്പെടുത്തിയ ശേഷം വേണം സമർ‌പ്പിക്കാൻ.

ചെറുപ്പമാകാൻ
അൻപതു വയസ് പൂർത്തിയാക്കിയ ലോട്ടറി വകുപ്പ് ചെറുപ്പമാകാൻ ഒരുങ്ങുന്നു. വരുമാനത്തിനനുസരിച്ച് രൂപവും ഭാവവും മാറ്റാതെ 96 ലക്ഷം രൂപ മുടക്കിയാണ് ലോട്ടറി വകുപ്പ് ആധുനികവത്‌കരണം നടത്തുക. ഇതിനായി സംസ്ഥാനതലത്തിൽ രണ്ടു കമ്മിറ്റികളെയും ജില്ലാ തലത്തിൽ ഓരോ കമ്മിറ്റിയേയും നിയമിക്കും. ലോട്ടറിയുടെ അച്ചടിയിലും ഘടനയിലും ഓഫീസിന്റെ പ്രവ‌ർത്തനങ്ങളിലമടക്കം മാറ്റം വരുത്താനാണ് ലോട്ടറി വകുപ്പ് തീരുമാനം.

പുതിയ സോഫ്റ്റ് വെയർ
നിലവിൽ 'ലിങ്സ്' എന്ന സോഫ്റ്റ്‌വെയറാണ് ലോട്ടറി വകുപ്പ് ഉപയോഗിക്കുന്നത്. എന്നാൽ, കാലോചിതമായ പരിഷ്‌കാരങ്ങളൊന്നും ഈ സോഫ്റ്റ്‌വെയറിൽ വരുത്തിയിട്ടില്ല. ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു സമയം ഒരു ലോട്ടറി മാത്രമാണ് സ്‌കാൻ ചെയ്യാൻ സാധിക്കുന്നത്. ഇതുമാറ്റി പുതിയ സോഫ്‌റ്റ്‌വെയ‌ർ സ്ഥാപിക്കുന്നതിന് ഐ.ടിമിഷനെ ചുമതലപ്പെടുത്തി. ഈ സോഫ്റ്റ്‌വെയർ വകുപ്പിന് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്യുന്നതിനു വേണ്ട സഹായം ചെയ്യുന്നതിനാണ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. സംസ്ഥാനത്തെ വിവിധ എൻജിനീയറിംഗ് കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധരായ പ്രൊഫസർമാരും ലോട്ടറി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് ഈ കമ്മിറ്റിയിലുള്ളത്. ഇതോടൊപ്പം ഈ കമ്മിറ്റിയുടെ നി‌ർദ്ദേശങ്ങൾ നടപ്പിലാക്കാൻ മറ്റൊരു കമ്മിറ്റിയെ കൂടി നിയോഗിച്ചിട്ടുണ്ട്. ജില്ലാ തലത്തിലെ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ച് പഠനം നടത്തുന്നതിനും കമ്മിറ്റികളുണ്ടാകും.

ജില്ലയിൽ മുകളിലാളുവരും
പതിനാല് ജില്ലകളിലും ഡെപ്യൂട്ടി ഡയറക്‌ടർമാരുടെ തസ്‌തിക സൃഷ്ടിക്കാനും ലോട്ടറി വകുപ്പ് ആലോചിക്കുന്നു. ജില്ലാ ലോട്ടറി ഓഫീസർമാരുടെ മുകളിലായിരിക്കും ഇവരുടെ സ്ഥാനം. ഇതിലൂടെ ലോട്ടറിയുടെ ജില്ലാ ഓഫീസുകൾക്ക് കൂടുതൽ അധികാരം വരും. നിലവിൽ ഒരു ലക്ഷം വരെയുള്ള സമ്മാനത്തുകയാണ് ജില്ലാ ഓഫീസിൽ നിന്ന് വിതരണം ചെയ്യുന്നത്. ഡെപ്യൂട്ടി ഡയറക്‌ടർ വരുന്നതോടെ ഈ സമ്മാനത്തുക വർ‌ദ്ധിപ്പിക്കും. ഇതോടൊപ്പം എല്ലാ ജില്ലാ ഓഫീസുകളിലും കൂടുതൽ തസ്‌തികകൾ സൃഷ്‌ടിക്കാനും തീരുമാനമുണ്ട്.

ജി.എസ്.ടി ഓൺലൈനിൽ
ജി.എസ്.ടി നടപ്പാക്കിയതോടെ ലോട്ടറി ഏജന്റുമാരിൽ നിന്ന് നികുതി നേരിട്ട് പിരിച്ചെടുക്കുകയാണ് ചെയ്‌തിരുന്നത്. ഇത് പണമായാണ് നേരത്തെ വാങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം ജി.എസ്.ടിയുടെ പിരിവ് സംബന്ധിച്ച് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഏജന്റുമാരിൽ നിന്ന് അക്കൗണ്ട് വഴിയോ ഓൺലൈനായോ ക്രെഡിറ്റ് കാർ‌ഡ് വഴിയോ പണം ഈടാക്കും. അടുത്ത ദിവസം തന്നെ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ