തേക്കടിയിലും വൻ മാറ്റം
December 7, 2017, 12:20 am
വി.ജയകുമാർ
 കുമരകം മോഡൽ വിജയിച്ചതിന്റെ ആവേശത്തിൽ തേക്കടിയിൽ ഉത്തരവാദിത്വടൂറിസത്തിന്റെ പൈലറ്റ് പദ്ധതി നടപ്പാക്കിയതോടെ കുമരകത്തെപ്പോലെ തന്നെ വലിയ മാറ്റമാണ് തേക്കടിയിലെ ടൂറിസം മേഖലയിലും ഉണ്ടായത് ,
20 ഹോട്ടലുമായി ബന്ധപ്പെട്ടാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കിയത്. സോപ്പ്,ചോക്കലേറ്റ്,തേൻ,പപ്പടം,മെഴുകുതിരി,കറിപൗഡർ അടക്കം 15 ഉല്പന്നങ്ങൾ ഹോട്ടലുകളും കടകളും വഴി വിതരണം ചെയ്യുന്നു.കൂടാതെ കാരി ബാഗ് നിർമാണയൂണിറ്റ് ,തുണി തേച്ചുകൊടുക്കുന്ന നിരവധി യൂണിറ്റുകൾ,സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കാനുള്ള കടകൾ എന്നിവയും തുറന്നു.
വിവിധ ഹോട്ടൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട് നിരന്തരം യോഗങ്ങൾ നടത്തി ഉല്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും വിനോദ സഞ്ചാരികളെ ആകർഷിക്കാനുമുള്ള പദ്ധതികൾ നടപ്പാക്കിയത് വിജയമായി.തേക്കടിയിലും പരിസരത്തുമുള്ള ആദിവാസികളുടെയും സാധാരണക്കാരുടെയും ജീവിതത്തെക്കുറിച്ച് സഞ്ചാരികളെ മനസിലാക്കിക്കാൻ വില്ലേജ് ലൈഫ് എക്സ്പീരീയൻസ് പരിപാടി നടപ്പാക്കി.സാധാരണക്കാർക്ക് വിദേശ ടൂറിസ്റ്റുകളുമായി ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം നല്കി ടൂറിസ്റ്റുകളെ ഹോംസ്റ്റേകളിൽ താമസിപ്പിച്ച് നാടൻഭക്ഷണവും നാടൻ ജീവിത രീതിയും മനസിലാക്കിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റേ സർവേയും നിലവാരമനുസരിച്ച് ക്ലാസിഫിക്കേഷനും നടത്തി .താമസ സൗകര്യവും താരീഫും അടക്കം വിശദവിവരങ്ങൾ അടങ്ങുന്ന ബ്രോഷർ തയ്യാറാക്കി ട്രാവൽ ഏജൻസികൾക്ക് നല്കി.ടൂറിസ്റ്റുകളുമായി നന്നായി ഇടപഴകാൻ ഹോംസ്റ്റേ നടത്തിപ്പുകാർക്ക് പ്രത്യേക ക്ലാസു നല്കി.. ജനകീയ പങ്കാളിത്തത്തോടെ പുതിയ ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന മാപ്പ് തയ്യാറാക്കി. പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളുടെ ചരിത്ര പ്രാധാന്യം,സൈറ്റ് സീയിംഗിന് പറ്റിയ സ്ഥലങ്ങൾ ,പുൽമേടുകൾ,വെള്ളച്ചാട്ടങ്ങൾ ,വിവിധ മതവിഭാഗങ്ങളിലുള്ള ആരാധനാലയങ്ങളുടെ പ്രത്യേകത എന്നിവ മനസിലാക്കിയുള്ള മാപ്പിംഗ് വഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനായി. കുമളി തേക്കടി പരിസരങ്ങളിൽ ഉള്ള പുതിയ പുതിയ ടൂറിസ്റ്റു കേന്ദ്രങ്ങൾ ഇതുവഴി കണ്ടെത്താനായത് ഉത്തരവാദിത്വ ടൂറിസം വഴിയുള്ള വളർച്ചയ്ത്ത് വലിയ സഹായകമായി.
മെഴുകുതിരി നിർമാണം,കരകൗശല ഉല്പന്ന നിർമാണം,ചിരട്ട ഉല്പന്ന നിർമാണം,പ്രകൃതിദൃശ്യങ്ങളെ ക്കുറിച്ച് മനസിലാക്കിയുള്ള ഗൈഡ് പരിശീലനം,പക്ഷി മൃഗാദികളെക്കുറിച്ച് വിശദീകരിക്കാനുള്ള പരിശീലനം തുടങ്ങിയവയിലൂടെ സാധാരണ ജനങ്ങളെ ബോധവല്ക്കരിച്ച് ടൂറിസ വികസന പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവർത്തനമാണ് ഉത്തരവാദടൂറിസത്തിന്റെ ഭാഗമായി ഇനി നടത്താൻ ഉദ്ദേശിക്കുന്നത്.പരിശീലനം നല്കാൻ പ്രത്യേക ടീം രൂപീകരിക്കും .നാട്ടുകാർക്ക് കൗൺസിലിംഗ് നടത്തി ടൂറിസവികസനം തങ്ങളുടെ ജീവിതത്തിന്റെയും സാംസ്കാരിക വളർച്ചയുടേയും ഭാഗമാണെന്ന ബോധവും ജനങ്ങളിലുണ്ടാക്കുകയാണ് ലക്ഷ്യം.ജനങ്ങളുടെ മനോഭാവത്തിൽ വലിയ മാറ്റമാണ് ഇതിനകം ഉണ്ടായിട്ടുള്ളത്.
പ്രത്യേക സ്ഥലത്തെ ടൂറിസം വികസനത്തിന്റെ മെച്ചം തദ്ദേശവാസികൾക്കു കൂടി ലഭ്യമാക്കാനും പ്രകൃതി സംരക്ഷണം ഉറപ്പു വരുത്താനുമുള്ള പദ്ധതിയാണ് തേക്കടിയിലും നടപ്പാക്കിയത്.തടാകത്തിലൂടെ ബോട്ടിംഗിനപ്പുറം തേക്കടിയിൽ കാണാൻ ഒന്നുമില്ല എന്ന പഴയ സ്ഥിതി ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ മാറ്റി ഗ്രാമീണ സംസ്കൃതി വിദേശ ടൂറിസ്റ്റുകളെ പരിചയപ്പെടുത്തുക എന്ന പ്രധാന നേട്ടം ജനകീയ കൂട്ടായ്മയിലൂടെ തേക്കടിയിലും യാഥാർത്ഥ്യമാക്കി.
(തുടരും)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ