ഇത് പ്രതികളുടെ 'വരയൻ" പൊലീസ്
February 11, 2018, 12:02 am
രാഹുൽ ചന്ദ്രശേഖർ
കോട്ടയം: പുലിമുരുകനിലെ മൂപ്പന്റെ ഭാഷയിൽ പറഞ്ഞാൽ രാജേഷ് 'വരയൻ' പൊലീസാണ്. വരയൻ പൊലീസെന്നാൽ വരയ്ക്കുന്ന പൊലീസെന്നർത്ഥം. പ്രതികളുടെ രേഖാചിത്രം വരച്ച് ക്രൈംബ്രാഞ്ചിൽ പുലിയായ പി.പി. രാജേഷിന് (45) ഞായറാഴ്ചകളിൽ നിന്നുതിരിയാൻ നേരമില്ല. രാവിലെ ചിത്രരചനാ ക്ളാസ്. ഉച്ചകഴിഞ്ഞ് പി.എസ്.സി കോച്ചിംഗ് ക്ളാസ്. രണ്ടിനും പ്രതിഫലം വാങ്ങില്ല.

കോട്ടയം മണിമല പുത്തൻവീട്ടിൽ പി.പി. രാജേഷ് നാലു പതിറ്റാണ്ടോളമായി വരയുടെ ലോകത്തുണ്ട്. അഞ്ച് വയസ് മുതൽ വര തുടങ്ങി. ഡിഗ്രിക്ക് ശേഷം മാവേലിക്കര ഫൈൻ ആർട്സ് കോളേജിൽ ചിത്രകലയിൽ ഡിപ്ളോമ നേടിയ ശേഷമാണ് പൊലീസിലെത്തിയത്. എവിടെ കുറ്റകൃത്യം നടന്നാലും രാജേഷിന് വിളിവരും. കുറ്റവാളിയെ പിടിക്കാനല്ല, രേഖാചിത്രം വരയ്ക്കാൻ. കോട്ടയം പാറമ്പുഴ കൂട്ടക്കൊലക്കേസ് അടക്കം രാജേഷ് വരച്ച രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ കുടുങ്ങിയത്.

അയൽവാസിയാണ് മകളെ ചിത്രകല പഠിപ്പിക്കുമോയെന്ന അഭ്യർത്ഥന ആദ്യം ഉന്നയിച്ചത്. പഠിപ്പിക്കാം, പക്ഷേ ഫീസ് വാങ്ങില്ലെന്ന കണ്ടീഷൻ രാജേഷ് വച്ചു. രണ്ടാം ക്ളാസുകാരി ഭവ്യലക്ഷ്മിയും റിട്ട. അദ്ധ്യാപകൻ ജെയിംസും ഉൾപ്പെടെ 25 ലേറെ ശിഷ്യഗണങ്ങളുണ്ട് ഇപ്പോൾ. അതോടെ വീടിന്റെ ടെറസ് മറച്ച് ക്ളാസ് റൂമാക്കി. പെൻസിൽ ഡ്രോയിംഗ്, ചുവർചിത്രം, വാട്ടർകളർ, ഓയിൽ കളർ തുടങ്ങി ന്യൂജൻ ചിത്രരചനാ കൂട്ടായ അക്രിലിക് പെയിന്റിംഗ് വരെ രാജേഷ് പഠിപ്പിക്കും.

സംഗീതത്തിനൊപ്പം ചിത്രരചന

രാജേഷിൽ നിന്ന് വര പഠിച്ച രണ്ടുപേർ ഇപ്പോൾ ചിത്രകലാ അദ്ധ്യാപകരാണ്. വീടിനടുത്തുള്ള ശ്രീവിലാസം വായനശാലയിലെ പി.എസ്.സി കോച്ചിംഗ് ക്ളാസിൽ അമ്പത് പേരുണ്ട്. മൂന്നു പേർ സർക്കാർ സർവീസിൽ കയറി. പത്തിലേറെപ്പേർ വിവിധ ലിസ്റ്റുകളിലുണ്ട്.

സംഗീതസദസുകളിൽ കീർത്തനത്തിന് അനുസരിച്ച് ചിത്രംവരയ്ക്കുകയാണ് മറ്റൊരു ഹോബി. സംഗീതജ്ഞൻ ജയൻ ഏന്തയാറിന്റെ കച്ചേരിക്കൊപ്പം 12 മണിക്കൂർ തുടർച്ചയായി ദേവതാ സങ്കല്പങ്ങളുടെ ചിത്രങ്ങൾ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ വരച്ചു. രണ്ട് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മക്കളായ അവിനാശും വിഘ്നേശും ചിത്രകാരന്മാരാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ