ഈ ഡ്രൈവിംഗ് സ്കൂൾ വണ്ടിയിലുമുണ്ട് ലതിക
March 6, 2018, 12:58 am
വി.ജയകുമാർ
കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയെങ്കിലും മഹാത്മാ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ പരിശീലകയുടെ വേഷം അഴിച്ചുവയ്ക്കാൻ ലതികാ സുഭാഷ് തയ്യാറല്ല. ഡ്രൈവിംഗ് സ്കൂൾ ജോലിയോ വർഷങ്ങളായി ചെയ്യുന്ന എൽ.ഐ.സി ഏജന്റ് പണിയോ ഉപേക്ഷിക്കാൻ ലതിക തയ്യാറല്ല. കാരണം അവർക്ക് ഉപജീവനമാർഗം രാഷ്ട‌്രീയമല്ല.
'ജീവിക്കാനും പാർട്ടി പ്രവർത്തനത്തിനും പണം വേണം. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സഞ്ചരിക്കാൻ മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷയ്ക്ക് പ്രത്യേക വാഹനമൊന്നുമില്ല. അതുകൊണ്ട് എന്റെ ജോലികൾ തുടരും.' പതിവു ചിരിയോ‌ടെ ലതിക പറയുന്നു.
മഹാത്മാ ഡ്രൈവിംഗ് സ്കൂളിന്റെ ഓഫീസ് കുമാരനല്ലൂരിലെ ലതികയുടെ വീട് തന്നെയാണ്. സ്ത്രീകൾക്കായി സ്ത്രീകൾ തന്നെ നടത്തുന്ന ഡ്രൈവിംഗ് സ്കൂളാണിത്. വിളിക്കുന്ന പരിപാടികൾക്കെല്ലാം പോകാറുണ്ട് .
കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ലതിക. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയത്ത് ഡി.സി.സി പ്രസിഡന്റു സ്ഥാനത്തേക്ക് നേരത്തേ പരിഗണിക്കപ്പെട്ടെങ്കിലും ബിന്ദു കൃഷ്ണ കൊല്ലം ഡി.സി.സി പ്രസിഡന്റായതോടെ അവസരം നഷ്ടമായി. കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധി യുടെ നിർദ്ദേശ പ്രകാരം മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സുസ്മിതാ ദേവ് നടത്തിയ ഇന്റർവ്യൂവിലെ മികവിലാണ് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ലതികയെ എത്തിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു ലതിക. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയിൽ പാർട്ടി മത്സരിക്കാൻ കണ്ടെത്തിയത് ലതികയെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലാകട്ടെ ഭർത്താവ് കെ.ആർ.സുഭാഷിന് വൈപ്പിനിൽ സീറ്റ് നൽകിയതിനാൽ ലതികയെ പരിഗണിച്ചില്ല. ശ്രീനാരായണ ദർശനങ്ങൾ ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്ന, നിത്യചൈതന്യ യതിയുടെ ശിഷ്യയായ ലതികയ്ക്ക് ഇക്കാര്യങ്ങളിലൊന്നും ആരോടും പരിഭവമില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ