അമ്പതോളം സർവീസുകൾ നിർത്തലാക്കി!തച്ചങ്കരിയുടെ 'ചങ്ക്
May 15, 2018, 12:13 am
സ്വന്തം ലേഖിക
കോട്ടയം: ' സാറേ ആ വേണാട് ‌ഞങ്ങടെ ചങ്ക് ബസ്സായിരുന്നു. അത് എടുത്തുകൊണ്ടുപോയത് ക്രൂരമായി പോയി. കണ്ടക്‌ടറെയും ഡ്രൈവറേയും വേണമെങ്കിൽ മാറ്റിക്കോ, പക്ഷെ ഞങ്ങടെ വണ്ടി തിരിച്ച് തരണം സാറേ, ‌ഞങ്ങൾ അതിന്റെ കട്ടഫാനാണ്.' അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ വാക്കുകളാണിത്.
ഈരാറ്റുപേട്ട കട്ടപ്പന റൂട്ടിൽ ഓടിയ വേണാട് ബസ് നിർത്തലാക്കിയപ്പോൾ കെ.എസ്.ആർ.ടി.സി ഓഫീസിലേക്ക് വിളിച്ച് പരാതി പറഞ്ഞ പെൺകുട്ടിയുടെ സ്വരം.
'ആനവണ്ടിയെ സ്‌നേഹിച്ച പെൺകുട്ടി'യുടെ ഈ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിലും തരംഗമായി.
സംഗതി എം.ഡി ടോമിൻ തച്ചങ്കരിയുടെ ചെവിയിലെത്തി ഒരാഴ്‌ച തികയും മുമ്പ് ആനവണ്ടിയിൽ ഹൃദയത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത് 'ചങ്ക് ' എന്ന പേരുമിട്ട് ആ പഴയ റൂട്ടിലേക്ക് തിരികെ നൽകുകയും ചെയ്‌തു.
എന്നാൽ വയോജനങ്ങളെ അടക്കം വഴിയാധാരമാക്കി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കോട്ടയം ജില്ലയുടെ ഗ്രാമീണ മേഖലകളിൽ നിന്ന് അമ്പതോളം കെ.എസ്.ആർ.ടി.സി ബസുകൾ അപ്രത്യക്ഷമായിട്ടും തച്ചങ്കരിയുടെ ചങ്ക് അലിഞ്ഞില്ല.
വർഷങ്ങളായി ആശ്രയിച്ചിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ യാതൊരു മുന്നറിയിപ്പുമില്ലാതെ നിർത്തലാക്കിയപ്പോൾ പ്രായമായവരടക്കം നിരവധി പേരാണ് കെ.എസ്.ആർ.ടി.സി പ്രധാന ഓഫീസിലേക്ക് വിളിച്ച് പരാതി പറഞ്ഞത്. പലരും രേഖാമൂലം പരാതി നൽകുകയും ചെയ്തു. ഒരു ഫലവുമുണ്ടായില്ല. മുന്നറിയിപ്പില്ലാതെ സർവീസ് വെട്ടിക്കുറച്ച് ജനങ്ങളെ വലക്കുന്ന കെ.എസ്.ആർ.ടി.സി 'ചങ്ക്' ബസിന്റെ പേരിൽ നടത്തിയത് വെറും പബ്ളിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നെന്നാണ് ബസ്സു നഷ്ടപ്പെട്ട നാട്ടുകാരുടെ പരിഹാസം.


സർവീസ് നിർത്തിയവ

കോട്ടയം - മീനടം-പാമ്പാടി, കോട്ടയം- പനച്ചിക്കാട്, കോട്ടയം -കുടയംപടി- നീണ്ടൂർ- കല്ലറ, കല്ലറ- മെഡിക്കൽ കോളേജ് -കോട്ടയം, എസ്.എൻ.പുരം- മീനടം- കോട്ടയം, കോട്ടയം- ളാക്കാട്ടൂർ, എറണാകുളം -കോട്ടയം- പുതുപ്പള്ളി,കോട്ടയം- പുതുപ്പള്ളി-മീനടം പാമ്പാടി, കോട്ടയം- നീറിക്കാട്, കോട്ടയം- കൊച്ചുമറ്റം -പയ്യപ്പാടി, കോട്ടയം -ചെങ്ങളത്തുകാവ്, കോട്ടയം -മണിയാപ്പറമ്പ്, കോട്ടയം- മെഡിക്കൽ കോളേജ് -കരിപ്പൂത്തട്ട് -മണിയാപ്പറമ്പ്, ളാക്കാട്ടൂർ- പൂതിരിക്കൽ- കോട്ടയം, ഏറ്റുമാനൂർ -കടുത്തുരുത്തി- പെരുവ, ഏറ്റുമാനൂർ- കിടങ്ങൂർ- കൂടല്ലൂർ- കടപ്ലാമറ്റം- മരങ്ങാട്ടുപള്ളി, കോട്ടയം- പുതുപ്പള്ളി -ഇരവിനല്ലൂർ- വള്ളിക്കാട്ട് ദയറ, കോട്ടയം- അയർക്കുന്നം- പാല, പാല -കുടക്കച്ചിറ -കുറിച്ചിത്താനം - കുറുപ്പന്തറ, കോട്ടയം- കുറവിലങ്ങാട്- വലിയപാറ- ഉഴവൂർ തുടങ്ങി അമ്പതോളം സർവീസുകളാണ് ഒരു വർഷത്തിനുള്ളിൽ നിർത്തലാക്കിയത്.
കോട്ടയം നീറിക്കാട് റൂട്ടിൽ നിരവധിപ്പേരുടെ ആശ്രയമായ കെ.എസ്.ആർ.ടി.സി സർവീസ് നിർത്തിയതോടെ പലവട്ടം വിളിച്ച് പരാതി പറഞ്ഞിരുന്നു. പ്രായമായ അമ്മയും സംസാരിച്ചു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയാണ്, നോക്കട്ടെ, ഇ-മെയിലിൽ പരാതി അയയ്ക്കൂ എന്നൊക്കെ മറുപടി പറഞ്ഞതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല.

അഞ്ജുഷ (യാത്രക്കാരി)


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ