ഹൈറേഞ്ച് എലയ്ക്കയെ വെട്ടി ഗ്വാട്ടിമാല ഏലം
May 15, 2018, 9:25 pm
വി.ജയകുമാർ
ഏലവും ജാതിയും നിലം പൊത്തി
കോട്ടയം: ഹൈറേഞ്ച് ഏലയ്ക്കയാണ് ഏലയ്ക്ക. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. ഗ്വാട്ടിമാല ഏലത്തിന്റെ കുത്തൊഴുക്കിൽ ദാ കിടക്കുന്നു ഏലം വില. കിലോയ്ക്ക് 1,200രൂപയിൽ നിന്ന് 800ലേക്കാണ് വില കൂപ്പുകുത്തിയത്.
വേനൽ മഴ പെയ്ത് അനുകൂല കാലാവസ്ഥ ഒരുങ്ങിയതോടെ പ്രാധാന നാണ്യവിളയായ ഏലത്തിന് മെച്ചപ്പെട്ട വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന കർഷകർ വലിയ നിരാശയിലാണ്. മുടക്ക് മുതൽ കണക്കാക്കിയാൽ 1500 രൂപയെങ്കിലും ഒരു കിലോ ഏലക്കയ്ക്ക് ലഭിക്കണമെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ജനുവരിയിൽ കിലോയ്ക്ക് 1011 രൂപ ശരാശരി വിലയും 1426 രൂപ ഉയർന്ന വിലയും രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിയിൽ 1018 രൂപയും മാർച്ചിൽ 1,009 രൂപയുമായിരുന്നു ഏലക്കയുടെ വില. അതാണ് 800ലേക്ക് നിലം പൊത്തിയത്. ചെറുകിട കർഷകരെയാണ് ഏലം വിലയിലെ അനിശ്ചിതത്വം ഏറെ ബാധിക്കുന്നത്. ഒരു കിലോഗ്രാം ഏലയ്ക്കാ ഉണങ്ങി സംസ്‌കരിച്ചെടുക്കുന്നതിന് ശരാശരി 500 രൂപയിലധികം ചെലവ് വരും. കിലോഗ്രാമിന് 900 രൂപയെങ്കിലും വില ലഭിച്ചാൽ മാത്രമേ കർഷകർക്ക് കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.

കലർപ്പിന് ഗ്വാട്ടിമാല ഏലം
കുറഞ്ഞ ഉത്പാദന ചെലവും അനുയോജ്യമായ കാലാവസ്ഥയും ഉള്ള ഗ്വാട്ടിമാലയാണ് ഏലം ഉത്പാദനത്തിൽ വർഷങ്ങളായി മുന്നിട്ടുനിൽക്കുന്നത്.കുറഞ്ഞ വിലക്കാണ് ഗ്വാട്ടിമാല ഏലം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഗുണനിലവാരം കുറവുള്ള ഗ്വാട്ടിമാല ഏലയ്ക്ക കേരളത്തിലെ മികച്ചയിനം ഏലയ്ക്കാക്കൊപ്പം കൂട്ടിക്കലർത്തി വൻതോതിൽ വിപണിയിലേക്ക് എത്തിയത് വിലയിടിവിന് വഴിയൊരുക്കി. അടുത്ത സീസണിൽ മെച്ചപ്പെട്ട വിളവ് ലഭിക്കാൻ സാധ്യത തെളിഞ്ഞതോടെ മുൻ കാലങ്ങളിലെ പോലെ ബോധപൂർവം വിലയിടിവ് സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ വൻ വിലയിടിവ് എന്നാണ് കർഷകരുടെ ആക്ഷേപം.

ഗുണനിലവാരത്തിൽ മുന്നിൽ
18000 ദശലക്ഷം ടൺ ഏലയ്ക്കായാണ് ഇന്ത്യയിൽ ഉത്പാദിപ്പിച്ചത്. ഗുണനിലവാരത്തിൽ നമ്മുടെ ഹൈറേഞ്ച് ഏലയ്ക്ക മുന്നിലാണെങ്കിലും വില കുറഞ്ഞ ഗ്വാട്ടിമാല ഏലയ്ക്കാ വൻതോതിൽ വിപണിയിൽ എത്തിയതോടെ ഇന്ത്യൻ ഏലക്കയ്ക്ക് ഡിമാൻഡ് ഇല്ലാതായി. ഗ്വാട്ടിമാലയുമായി കലർത്തിയുള്ള വിൽപനയും ക്ഷീണമായി.

ജാതിയും നിലംപൊത്തി
ഏലയ്ക്കയ്ക്കൊപ്പം ജാതി പത്രിയുടെ വിലക്കുറവും കേരളത്തിലെ ചെറുകിട കർഷകർക്ക് തിരിച്ചടിയായി. വിലക്കുറവിനൊപ്പം ഉത്പാദനത്തിലുണ്ടായ തകർച്ചയാണ് ജാതി കർഷകരുടെ ദുരിതം ഇരട്ടിയാക്കിയത്. കഴിഞ്ഞ വർഷം 300 രൂപ വരെ ജാതിക്ക് വില ലഭിച്ചിരുന്നു. കൊച്ചി വിപണിയിൽ ഡിസംബറിൽ ജാതി തൊണ്ട് കിലോ ഗ്രാമിന് 260-270 ആയിരുന്നു വില. ഇപ്പോഴത് 160-180 ആയി കുറഞ്ഞു. ജാതിപത്രി 700ൽ നിന്ന് 400 ആയി. ജാതി വെട്ടിക്കളഞ്ഞ് മറ്റു കൃഷികളിലേക്ക് തിരിയേണ്ട ഗുരുതര സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിയെന്നാണ് കർഷകർ പറയുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ