പരാതി ഒതുക്കിയപ്പോൾ തിരുവസ്ത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി കന്യാസ്ത്രീ
July 13, 2018, 8:28 am
സ്വന്തംലേഖകൻ
കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ താൻ നൽകിയ പരാതി സഭാ നേതൃത്വം അവഗണിച്ചപ്പോൾ തിരുവസ്ത്രം ഉപേക്ഷിക്കാൻവരെ തീരുമാനിച്ചിരുന്നതായി കന്യാസ്ത്രീയുടെ മൊഴി. കഴിഞ്ഞദിവസം കുറവിലങ്ങാട്ടെ മഠത്തിലെത്തിയ അന്വേഷണ സംഘത്തോടാണ് കന്യാസ്ത്രീ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഷപ്പിന്റെ ലൈംഗിക പീഡനത്തെകുറിച്ച് കർദ്ദിനാൾ മുതലുള്ളവരെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതോടെ കഴിഞ്ഞ ഡിസംബറിൽ സഭാവസ്ത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചു. തീരുമാനം അറിഞ്ഞപ്പോൾ തനിക്കൊപ്പം സഭാവസ്ത്രം ഉപേക്ഷിക്കാൻ വിവിധ മഠങ്ങളിലുള്ള 15 കന്യാസ്ത്രീകളും തയ്യാറായി. എന്നാൽ നടപടി സഭയെ പ്രതിരോധത്തിലാക്കുമെന്നും തീരുമാനത്തിൽ നിന്ന് പിൻതിരിയണമെന്നും നിരവധി വൈദികർ ആവശ്യപ്പെട്ടു. അങ്ങനെ തീരുമാനം മാറ്റുകയായിരുന്നുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തോടു പറഞ്ഞു.

 സുപ്പീരിയർ ജനറലിന് അയച്ച കത്ത് പുറത്ത്
പീഡനം നടന്നതിനുശേഷം ഫ്രാങ്കോ മുളയ്ക്കൽ പലതവണ കുറവിലങ്ങാട്ടെ മഠത്തിൽ അന്തിയുറങ്ങാൻ ശ്രമിച്ചിരുന്നെന്നും ഇതുതടഞ്ഞതുകൊണ്ടാണ് തനിക്കെതിരെ ബിഷപ്പ് തിരിഞ്ഞതെന്നും ചൂണ്ടിക്കാട്ടി ജലന്ധറിലെ സുപ്പീരിയർ ജനറലിന് കന്യാസ്ത്രീ അയച്ച കത്ത് പുറത്ത്. ബിഷപ്പുമായുള്ള പ്രശ്നങ്ങൾ അറിയാമായിട്ടും ഒരു കന്യാസ്ത്രീയെന്ന നിലയിലുള്ള തന്റെ മാന്യത കാക്കാൻ സുപ്പീരിയർ ശ്രമിച്ചില്ലെന്നും 2017 ഡിസംബർ 15ന് അയച്ച കത്തിൽ പറയുന്നു. കത്തിന്റെ പകർപ്പ് കേരളകൗമുദിക്ക് ലഭിച്ചു.

'' 2017 ജനുവരി 24നും 25നും രാത്രി മഠത്തിൽ തങ്ങാൻ ശ്രമിച്ചിരുന്നു. ഞാൻ അതിനെ എതിർത്തു. എന്തുകൊണ്ടാണ് എതിർത്തതെന്ന് സുപ്പീരിയർ ജനറലിന് അറിയാവുന്നതാണ്. ബിഷപ്പ് ഫ്രാങ്കോയുമായി തനിക്കുള്ള പ്രശ്‌നങ്ങൾ സഭാഅധികൃതരെ അറിയിച്ചിരുന്നു. ഒരു കന്യാസ്ത്രീയുടെ അന്തസ് സംരക്ഷിക്കുന്നതിനുള്ള ഒരു തീരുമാനവും സുപ്പീരിയറിന്റെ ഭാഗത്തുനിന്നു ഉണ്ടായില്ലെന്ന് നാലുപേജുള്ള കത്തിൽ പറയുന്നു.

2017 ഫെബ്രുവരി 9നാണ് മിഷണറീസ് ഒഫ് ജീസസിന്റെ കേരള ഇൻ-ചാർജ് സ്ഥാനത്തുനിന്ന് തന്നെ മാറ്റിയത്. ഈ തീരുമാനത്തിന് പിന്നിൽ ബിഷപ്പാണെന്ന് പിന്നീട് സുപ്പീരിയർ തന്നെ പറഞ്ഞു. സ്ഥലം മാറ്റക്കാര്യത്തിൽ ബിഷപ്പ് എന്തിനിടപെട്ടുവെന്നും കത്തിൽ ചോദിക്കുന്നു. ബ്ളാക്ക് മെയിൽ ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി 2017 നവംബർ 30ന് തനിക്കും കുറച്ചു കന്യാസ്ത്രീകൾക്കുമെതിരെ ബിഷപ്പ് പരാതി നൽകി. താൻ നിരന്തരം പരാതികൾ നൽകിയതുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ തനിക്കെതിരെ കള്ളപ്പരാതികൾ നൽകിയതെന്നും കത്തിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ