ടോർച്ച് വയലിനാണ്, പാഴ്കുപ്പി ഉടുക്കും...
September 15, 2018, 6:45 am
രാഹുൽ ചന്ദ്രശേഖർ
കോട്ടയം: ടോർച്ചിൽ ഒളിച്ചിരിപ്പുണ്ട് വയലിൻ നാദം. പെപ്സിക്കുപ്പിയിൽ ഉടുക്കും. എന്തിനേറെ, ഒഴിഞ്ഞ പ്ളാസ്റ്റിക് കൂടിൽ ഇടിമുഴക്കം വരെ കേൾപ്പിക്കും കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥി റെയ്‌നാർഡ്. കറുകച്ചാൽ കുറ്റിക്കൽ സി.എസ്.ഐ മിഷൻ ഹോമിലെ പാസ്റ്റർ റോബിൻസൺ- ഷൈലജ ദമ്പതികളുടെ മകൻ റെയ്നാർഡിന് (18) സംഗീതമാണെല്ലാം. പാട്ടുപാടും. ഡ്രമ്മും കീബോർഡും വായിക്കും. ഗാനമേളകളിലും പങ്കെടുക്കും. പക്ഷേ, ഇതിലൊന്നും വെറൈറ്റിയില്ലെന്ന ചിന്തയാണ് ഒന്നു മാറ്റിപ്പിടിക്കാൻ പ്രേരിപ്പിച്ചത്.

പാഴ്കുപ്പിയിലും പൊട്ടപ്പാത്രത്തിലും പ്ളാസ്റ്റിക് കൂടിലുമൊക്കെ പരീക്ഷണം തുടങ്ങി. വീട്ടിലെ ടോർച്ചിന്റെ വാവട്ടത്തിൽ പ്രത്യേക രീതിയിൽ ഇടംകൈ ചേർത്ത് ശക്തമായി ഊതി. താളത്തിനനുസരിച്ച് പുറത്തേക്ക് തള്ളുന്ന കാറ്റിനെ നിയന്ത്രിച്ചു. നീണ്ട പരീക്ഷണത്തിനൊടുവിൽ വയലിന്റെ ബെയ്സ് ശബ്ദം കണ്ടെത്തി. 'ടോർച്ച് വയലിൻ' കൊണ്ട് ഇപ്പോൾ ഏത് പാട്ടും പാടും. മേശപ്പുറത്തിരുന്ന പെപ്സിക്കുപ്പി താഴവീണപ്പോഴാണ് അതിൽ ഉടുക്കിന്റെ ശബ്ദം ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസിലായത്. കുപ്പിയുടെ വായ്ഭാഗം മുറുകെ പിടിച്ച് പ്രത്യേക താളത്തിൽ തുടയിൽ അടിച്ചാണ് ഉടുക്ക് മുഴക്കുന്നത്. താളത്തിനനുസരിച്ച് പുറത്തേക്ക് തള്ളുന്ന വായുവിനെ കൈവച്ചു നിയന്ത്രിക്കും. കേൾക്കുന്നവർ ഉടുക്കല്ലെന്ന് പറയില്ല. സാധാരണ പ്ളാസ്റ്റിക് കൂട് സാവധാനം ഞെരുക്കിയാണ് ഇടിയും മഴയും ഒരുമിച്ചുള്ള ഇഫക്ടുണ്ടാക്കുന്നത്. തൂവാല പ്രത്യേക രീതിയിൽ മടക്കി മൈക്കിന് മുന്നിൽ ആഞ്ഞുവീശി ഹൃദയമിടിപ്പും റെയ്നാർഡ് കേൾപ്പിക്കും. ഇതൊക്കെ സിമ്പിളാണെന്ന മട്ടിൽ കൂട്ടുകാരിൽ പലരും ചെയ്ത് നോക്കിയെങ്കിലും വിജയിച്ചില്ല.

''നിരീക്ഷണവും ക്ഷമയും സംഗീതത്തിൽ അഭിരുചിയുമുണ്ടെങ്കിൽ ആർക്കും ഇതൊക്കെ സാദ്ധ്യം''- റെയ്‌നാർഡ് പറയുന്നു.

വീടാണ് പരീക്ഷണ ശാല. വീട്ടിൽ മൈക്ക് സെറ്റുണ്ട്. കിട്ടുന്ന വസ്തുക്കളിലൊക്കെ തട്ടിയും തടവിയും ചുണ്ട് ചേർത്തും ഏതൊക്കെ ശബ്ദമുണ്ടാക്കാമെന്ന പരീക്ഷണം തുടരുകയാണ്. വാച്ച് വാങ്ങിച്ചപ്പോൾ കിട്ടിയ ഡെപ്പിയിൽ നിന്ന് സോഡാക്കുപ്പിയുടെ അടപ്പ് തുറക്കുമ്പോഴുള്ള ശബ്ദവും കിട്ടിക്കഴിഞ്ഞു. ഗാനമേളകളിൽ റെയ്‌നാർഡിന്റെ പാട്ടിനെക്കാൾ ഹിറ്റ് ഇവനുണ്ടാക്കുന്ന വിവിധ ശബ്ദങ്ങളാണ്. സൗണ്ട് മിക്സിംഗിൽ തുടർ പഠനം നടത്താനാണ് ഈ രണ്ടാം വർഷ എക്കണോമിക്സ് വിദ്യാർത്ഥിയുടെ ആഗ്രഹം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ