'ജവാന്റെ' വരവും കാത്ത് മലബാർ ഡിസ്‌റ്റിലറി
July 9, 2017, 9:59 am
ശ്രീജിത്ത് ബാലകൃഷ്ണൻ
പാലക്കാട്: സർക്കാരിന്റെ പുതിയ മദ്യനയം വന്നതോടെ ചിറ്റൂർ മേനോൻപാറ മലബാർ ഡിസ്റ്റിലറീസിലെ തൊഴിലാളികളും സന്തോഷത്തിലാണ് . അടഞ്ഞു കിടക്കുന്ന, സർക്കാർ നിയന്ത്രണത്തിലുള്ള മലബാർ ഡിസ്റ്റിലറീസ് തുറക്കാൻ വഴിതെളിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. മദ്യ നിർമ്മാണശാല തുറന്നാൽ ജവാൻ റം ഉൾപ്പെടെയുള്ള ബ്രാൻഡുകൾ ഇവിടെ ഉത്പാദിപ്പിക്കാനാകും . ആവശ്യക്കാർ കൂടുതലുള്ള ജവാന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും.
2009ലാണ് ഈ സ്ഥാപനത്തിന് പൂട്ടുവീണത്. എട്ട് വർഷമായി തൊഴിലാളികൾക്ക് ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല. 114 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന സ്ഥാപനത്തിന്റെ മൂന്നേക്കർ പഴയ ഷുഗർ ഫാക്ടറിയുടെ പേരിലാണ്. ബാദ്ധ്യത, ഷെയർ, കേസ് എന്നിവ പരിഹരിക്കുന്നതിനാണ് ഷുഗർ ഫാക്ടറിയായി ഒരു ഭാഗം തുടരുന്നത്. കമ്പനി ഉപകരണങ്ങൾ ലേലത്തിൽ കൊടുത്ത വകയിൽ 2.75 കോടി അക്കൗണ്ടിലുണ്ട്. വീണ്ടും തുറക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന ന്യായം പറയാനാകില്ല. മലബാർ ട്രിപ്പിൾ എക്സ് റം എന്ന പേരിൽ മദ്യം ഉല്പാദിപ്പിക്കാൻ 2009ൽ ആലോചിച്ചിരുന്നു. പാലക്കാട്, കഞ്ചിക്കോട്, ചിറ്റൂർ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഡിസ്റ്റിലറീസുകളുടെ സമ്മർദ്ദം മൂലം ഇതൊന്നും യാഥാർത്ഥ്യമാക്കാൻ മാറിമാറി വന്ന സർക്കാരുകൾ തയ്യാറായില്ല. ഇപ്പോൾ തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സിലാണ് ജവാൻ ഉത്പാദിപ്പിക്കുന്നത്.


കമ്പനി ചരിത്രം

1965ൽ കരിമ്പ് കൃഷിക്കാരുടെ സഹകരണ സംഘമായി തുടങ്ങിയ ഷുഗർ ഫാക്ടറിയിൽ 2003 വരെ പഞ്ചസാര ഉല്പാദനം നടത്തി. പിന്നീട് നഷ്ടത്തിലായപ്പോൾ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി 2009ൽ എക്സൈസ് വകുപ്പ് മലബാർ ഡിസ്റ്റിലറീസായി ഏറ്റെടുത്തു. ഇപ്പോൾ ബിവറേജസ് കോപ്പറേഷന്റെ നിയന്ത്രണത്തിൽ. എക്സൈസ് കമ്മിഷണറാണ് ചെയർമാൻ. എം.ഡി ബിവറേജസ് കോർപ്പറേഷൻ എം.ഡിയും.


നിലവിലുള്ള തൊഴിലാളികൾ


15 പേർ സെക്യൂരിറ്റി
48 പേർ ബിവറേജസിൽ ഡെപ്യൂട്ടേഷൻ
14 പേർ ഷുഗർ ഫാക്ടറിയുടെ ഭാഗമായി ദിവസക്കൂലിയിൽ
1998 വർഷത്തെ ശമ്പളമാണ് ഇപ്പോഴും നൽകുന്നത്


മെഡിക്കൽ ക്ലെയിം, ഗ്രാറ്റുവിറ്റി, പി.എഫ് അടക്കമുള്ള ആനുകൂല്യം ഇല്ല. തൊഴിലാളികൾ ദുരിതത്തിലാണ്. സർക്കാർ ഇടപെടണം.
-സുരേഷ് കൊങ്ങൻപാറ, തൊഴിലാളി നേതാവ്


തുറന്നാൽ നേട്ടം

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സിന്റെ സഹ സ്ഥാപനമാക്കി ഉയർത്താം.
'ജവാൻ' ബ്രാൻഡ് അടക്കമുള്ള മദ്യത്തിന്റെ ഉത്പാദനം വർദ്ധിപ്പിച്ച് സർക്കാരിന് ലാഭം നേടാം.
ബെവ്കോയ്ക്ക് സ്വകാര്യ ഡിസ്റ്റിലറികളെ ഏറെ ആശ്രയിക്കേണ്ട.
പ്രദേശ വാസികൾക്ക് തൊഴിൽ സാദ്ധ്യത വർദ്ധിക്കും
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ