Thursday, 21 September 2017 11.22 PM IST
ദമ്പതികളുടെ അരുംകൊല: മരുമകളുടെ ജാരൻ പിടിയിൽ
September 14, 2017, 2:39 am
പാലക്കാട്: തോലന്നൂരിൽ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മരുമകളുടെ രഹസ്യബന്ധക്കാരനും സുഹൃത്തുമായ ഒരാൾ പൊലീസ് പിടിയിൽ. തോലന്നൂർ പൂളക്കപറമ്പിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ സ്വാമിനാഥൻ (75), ഭാര്യ പ്രേമകുമാരി (63) എന്നിവരെയാണ് വീടിനുള്ളിൽ ഇന്നലെ പുലർച്ചെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ മരുമകൾ ഷീജയുടെ സുഹൃത്തും മങ്കരയിൽ സ്ഥിരതാമസക്കാരനുമായ എറണാകുളം വടക്കൻ പറവൂർ സ്വദേശി സദാനന്ദനെയാണ് (53) പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂലിപ്പണിക്കാരനായ ഇയാൾക്ക് പത്തു വ‌ർഷമായി ഷീജയുമായി ബന്ധമുണ്ടായിരുന്നു. ഡിവൈ.എസ്.പി പി.ശശികുമാറിന്റെ നേതൃത്വത്തിൽ കുഴൽമന്ദം, ആലത്തൂർ സി.ഐമാരും എസ്.പിയുടെ ക്രൈംസ്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്നലെ രാവിലെ ഏഴോടെ പാൽ വില്പനയ്ക്കെത്തിയ അയൽക്കാരി രാജലക്ഷ്മിയാണ് സംഭവം ആദ്യമറിയുന്നത്. പാൽപാത്രം സ്ഥിരം വയ്ക്കുന്ന സ്ഥലത്ത് കണ്ടില്ല. അവർ വീടിന്റെ പിന്നിൽ പോയി നോക്കിയപ്പോൾ ഷീജയെ (35) വായ മൂടിയും കൈകൾ കെട്ടിയ നിലയിലും കണ്ടെത്തി. തുടർന്ന് സ്ഥലത്തെത്തിയ സ്വാമിനാഥന്റെ സഹോദരൻ ചന്ദ്രനും നാട്ടുകാരുമാണ് വിവരം പൊലീസിനെ അറിയിക്കുന്നത്.
സ്വാമിനാഥനെ ചുറ്രിക കൊണ്ട് തലയ്ക്കടിച്ചും വയറ്റിൽ വെട്ടിയുമാണ് കൊലപ്പെടുത്തിയത്. പ്രേമകുമാരിയെ തലയണകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഐ.ജി എം.ആർ.അജിത് കുമാർ അറിയിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളിൽ മുളകുപൊടി വിതറി.ഷീജയും സദാനന്ദനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കും.ബാങ്ക് സ്റ്റേറ്റ്മെന്റ്, സ്വർണപ്പണയം എന്നിവ സംബന്ധിച്ചുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും. ഇതിന് ശേഷം ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തും.സ്വാമിനാഥന്റെ മക്കൾ: പ്രദീപ് കുമാർ (മിലിട്ടറി, ഗുജറാത്ത്), പ്രമോദ് കുമാർ (ദുബായ്), പ്രസീത. മരുമക്കൾ: ഷീജ, പ്രവീണ, പ്രസാദ് കുമാർ (കണ്ണാടി).
വാതിൽ അകത്ത് നിന്ന്
തുറന്നുകൊടുത്തു

സദാനന്ദനും ഷീജയും ചേർന്ന് ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. ഷീജയ്ക്ക് സദാനന്ദനുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വീടിന്റെ വാതിൽ അകത്ത് നിന്ന് തുറന്നുകൊടുത്ത നിലയിലായിരുന്നു. വീടിനകത്ത് വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടുണ്ടെങ്കിലും മോഷണം നടന്നതിന്റെ സൂചനയില്ല. മാത്രമല്ല, കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ ഷീജയുടെ ദേഹത്ത് പരിക്കൊന്നും ഇല്ലാത്തതും അസ്വാഭാവികമായി പൊലീസ് കണക്കാക്കി. ഷീജയുടെ മൊബൈലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പിന്തുടർന്നാണ് സദാനന്ദനിലേക്ക് പൊലീസ് അതിവേഗമെത്തിയത്.
ഷീജ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഇവർ അടുത്ത ബന്ധുക്കളോട് പോലും സംസാരിച്ചില്ല. എറണാകുളം ജില്ലയിൽ സ്ഫോടക വസ്തു കൈവശം വച്ച കേസിലും സദാനന്ദൻ പ്രതിയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ